കുറ്റക്കാരനായി കോടതി കണ്ടെത്തി: ട്രംപിന്റെ ആസ്തിയിലും ഇടിവ്
- ട്രംപിനെ കുറ്റക്കാരനായി കണ്ടെത്തിയ 34 കേസുകളില്‍ 11 എണ്ണം ചെക്ക് കൈമാറ്റവുമായി ബന്ധപ്പെട്ടതാണ്
- 9 ബില്യന്‍ ഡോളറാണ് ട്രംപ് മീഡിയയ്ക്ക് കണക്കാക്കുന്ന വിപണി മൂല്യം
- 500 ദശലക്ഷം ഡോളര്‍ ട്രംപിന് നഷ്ടമുണ്ടായതായിട്ടാണ് കണക്കാക്കുന്നത്
ബിസിനസ് വഞ്ചന കേസില്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത് ട്രംപിന്റെ ആസ്തിയിലും ഇടിവുണ്ടാക്കും. പോണ്‍ സ്റ്റാര്‍ സ്റ്റോമി ഡാനിയേല്‍സുമായുള്ള ബന്ധം മറയ്ക്കാന്‍ പണം നല്‍കിയതുമായി ബന്ധപ്പെട്ട് ബിസിനസ് രേഖകളില്‍ തിരിമറി നടത്തിയതിനാണു മുന്‍ യുഎസ് പ്രസിഡന്റ് ട്രംപിനെ ന്യൂയോര്‍ക്കിലെ കുറ്റവിചാരണ ജൂറി കുറ്റക്കാരനായി മേയ് 30 ന് കണ്ടെത്തിയത്.
2006-ല്‍ സ്റ്റോമി ഡാനിയേല്‍സുമായുണ്ടായ ലൈംഗിക ബന്ധം പുറത്തറിയാതിരിക്കാന്‍ 2016-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കു മുമ്പ് ഏകദേശം 1 കോടിയിലേറെ രൂപ (1,30,000 ഡോളര്‍ ) സ്റ്റോമിക്ക് ട്രംപിന്റെ അഭിഭാഷകനായ മൈക്കല്‍ കോഹന്‍ നല്‍കി. ഈ പണം ട്രംപ് യുഎസ് പ്രസിഡന്റായതിനു ശേഷം കോഹന് തിരിച്ചു കൊടുക്കുകയും ചെയ്തു. പണം ചെക്ക് ആയി മാസം തോറുമാണ് കോഹന് കൊടുത്തത്. 2017 ഡിസംബര്‍ വരെ ഇത്തരത്തില്‍ ചെക്ക് കൊടുത്തു. ട്രംപിന്റെ കമ്പനിയായ ട്രംപ് ഓര്‍ഗനൈസേഷന്റെ നിയമകാര്യങ്ങള്‍ നോക്കുന്നതിനുള്ള ഫീസായാണ് ഈ ചെക്ക് ഇടപാടിനെ രേഖപ്പെടുത്തിയത്.
ഇപ്പോള്‍ ട്രംപിനെ കുറ്റക്കാരനായി കണ്ടെത്തിയ 34 കേസുകളില്‍ 11 എണ്ണം ഈ ചെക്ക് കൈമാറ്റവുമായി ബന്ധപ്പെട്ടതാണ്.
മേയ് 30 ന് ട്രംപിനെ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രംപ് മീഡിയയുടെ ഓഹരികള്‍ 9 ശതമാനത്തോളം ഇടിഞ്ഞു. അതിലൂടെ 500 ദശലക്ഷം ഡോളര്‍ ട്രംപിന് നഷ്ടമുണ്ടായതായിട്ടാണ് കണക്കാക്കുന്നത്.
ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിന്റെ മാതൃ കമ്പനിയാണ് ട്രംപ് മീഡിയ. ഡിജെടി (DJT) എന്ന ടിക്കറ്റിന് കീഴിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. 9 ബില്യന്‍ ഡോളറാണ് ട്രംപ് മീഡിയയ്ക്ക് കണക്കാക്കുന്ന വിപണി മൂല്യം.
കമ്പനിയില്‍ ട്രംപിന് 65 ശതമാനം ഉടമസ്ഥതയുണ്ട്.
കമ്പനിയുടെ ഓഹരി 9 ശതമാനം ഇടിഞ്ഞതിലൂടെ ഏകദേശം 532 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് ട്രംപിനുണ്ടാവുക എന്നാണ് ഫോബ്‌സിന്റെ വിലയിരുത്തല്‍.