യുപിയില്‍ പ്രതിപക്ഷത്തിന് എട്ട് സീറ്റുമാത്രമെന്ന് സര്‍വേ
- എന്‍ഡിഎ 72 സീറ്റുകള്‍ നേടിയേക്കും
- കോണ്‍ഗ്രസിന് ജയം റായ്ബറേലിയില്‍മാത്രം
- സമാജ് വാദി പാര്‍ട്ടിക്ക് ഏഴുസീറ്റുകള്‍ വരെ ലഭിച്ചേക്കും
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശിലെ 80ല്‍ 72 സീറ്റുകളും ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) നേടുമെന്ന് അഭിപ്രായ സര്‍വേ. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനവും ഉത്തര്‍പ്രദേശാണ്. ഇവിടെ കോണ്‍ഗ്രസിന്റെ നേതൃത്വലുള്ള പ്രതിപക്ഷത്തിന് എട്ട് സീറ്റുകള്‍ വരെ മാത്രമെ ലഭിക്കുയുള്ളുവെന്ന് ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദി നേഷന്‍ അഭിപ്രായ സര്‍വേ പറയുന്നു.
സര്‍വേയുടെ ഫലമനുസരിച്ച് ബിജെപിക്ക് 70 സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത. അതേസമയം അപ്നാ ദള്‍ 2 സീറ്റുകള്‍ നേടുമെന്നും പ്രതീക്ഷിക്കുന്നു. 2019ലെ 62 സീറ്റില്‍ നിന്ന് 8 സീറ്റുകള്‍ ബിജെപി വര്‍ധിപ്പിക്കുമെന്നാണ് സൂചന. അതേസമയം അപ്നാ ദളിന് അന്നും രണ്ട് സീറ്റുകളായിരുന്നു ലഭിച്ചിരുന്നത്.
റായ്ബറേലി സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ കോട്ടകളിലൊന്നായാണ് റായ്ബറേലി കണക്കാക്കപ്പെടുന്നത്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിക്ക് 2019ലെ 15 സീറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 7 സീറ്റുകള്‍ മാത്രമേ ലഭിക്കൂ.
ഉത്തര്‍പ്രദേശില്‍ എന്‍ഡിഎ സഖ്യത്തിന് 52 ശതമാനം വോട്ട് ലഭിക്കുമെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. പ്രതിപക്ഷത്തിന് മൊത്തം 36 ശതമാനം വോട്ട് വിഹിതമാണ് നേടാനാകുക.
ഇന്ത്യാ ടുഡേയുടെ സമീപകാല അഭിപ്രായ വോട്ടെടുപ്പും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 50 ശതമാനം വോട്ട് വിഹിതം നിലനിര്‍ത്താന്‍ ബിജെപിക്ക് സാധ്യതയുണ്ടെന്ന് എടുത്തുകാണിക്കുന്നു. സംസ്ഥാനത്തെ ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാ ദളിന് 2019ലെ 3 ശതമാനത്തില്‍ നിന്ന് ഇത്തവണ 2 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം.
സമാജ്വാദി പാര്‍ട്ടിയും മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജന്‍ സമാജ് പാര്‍ട്ടിയും 2019-നെ അപേക്ഷിച്ച് 2024-ല്‍ അതത് വോട്ട് വിഹിതത്തില്‍ ഇടിവ് രേഖപ്പെടുത്തും. എസ്പിക്ക് 30 ശതമാനം വോട്ട് വിഹിതം ലഭിച്ചേക്കാം, 2019 ല്‍ ഇത് 39 ശതമാനമായിരുന്നു. ബിഎസ്പിയുടെ വിഹിതം 8 ശതമാനമായി കുറയും.
ബിജെപിക്ക് 370 സീറ്റും എന്‍ഡിഎയ്ക്ക് 400 സീറ്റും എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ ഉത്തര്‍പ്രദേശ് നിര്‍ണായകമാണ്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം 351 സീറ്റുകളും ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകളും നേടിയിരുന്നു. കോണ്‍ഗ്രസിന് 52 സീറ്റുകള്‍ മാത്രമാണ് നേടാനായത്.