ഭീകരത സമാധാനത്തിന് ഭീഷണി: മോദി

  • എസ്സിഒ ഉച്ചകോടിയില്‍ ഷി ജിന്‍പിംഗും പുടിനും പങ്കെടുത്തു
  • അതിര്‍ത്തി കടന്നുള്ള ഭീകരതയെ ചിലര്‍ നയമാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി
  • ഭാഷാ പ്ലാറ്റ്ഫോമായ ഭാഷിണി ഉച്ചകോടിയിലെ ഭാഷാ തടസങ്ങള്‍ നീക്കി

Update: 2023-07-04 10:01 GMT

പ്രാദേശികവും ആഗോളവുമായ സമാധാനം സൃഷ്ടിക്കുന്നതിനുവേണ്ടി ഭീകരതയ്ക്കെതിരെ നിലകൊള്ളണമെന്ന്് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്സിഒ) വെര്‍ച്വല്‍ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ അംഗരാജ്യങ്ങളിലെ നേതാക്കളോടാണ് മോദി ഈ ആവശ്യം ഉന്നയിച്ചത്.

ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ഷെരീഫ്, എസ്സിഒ രാജ്യങ്ങളിലെ മറ്റ് നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

ചില രാജ്യങ്ങള്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയെ തങ്ങളുടെ നയങ്ങളുടെ ഉപകരണമായി ഉപയോഗിക്കുകയാണെന്നും ഭീകരര്‍ക്ക് അഭയം നല്‍കുകയാണെന്നും അദ്ദേഹം പരാമര്‍ശിച്ചു. ഇത്തരം രാജ്യങ്ങളെ വിമര്‍ശിക്കാന്‍ മടിക്കേണ്ടതില്ലെന്നും പിന്നീട് അദ്ദേഹം പറഞ്ഞു.

'ഭീകരവാദം പ്രാദേശികവും ആഗോളവുമായ സമാധാനത്തിന് ഭീഷണിയാണ്. നമുക്ക് ഭീകരതയ്ക്കെതിരെ പോരാടേണ്ടിവരും...ചില രാജ്യങ്ങള്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയെ തങ്ങളുടെ നയങ്ങളുടെ ഉപകരണമാക്കി തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നു. അത്തരം രാജ്യങ്ങളെ വിമര്‍ശിക്കാന്‍ എസ്സിഒ മടിക്കേണ്ടതില്ല. രാജ്യങ്ങള്‍ അതിനെ അപലപിക്കണം, തീവ്രവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ല, ''അദ്ദേഹം പറഞ്ഞു.

എസ്സിഒ പോലുള്ള മള്‍ട്ടി-നേഷന്‍ പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനത്തില്‍ ഭാഷാ തടസം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഇന്ത്യയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ഭാഷാ പ്ലാറ്റ്ഫോം (ഭാഷിണി) ഈ തടസത്തെ മറികടക്കാന്‍ എങ്ങനെ സഹായിക്കും എന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയുടെയും മാതൃകയാകാന്‍ ഭാഷിണിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

'എസ്സിഒയ്ക്കുള്ളിലെ ഭാഷാ തടസങ്ങള്‍ നീക്കാന്‍ ഇന്ത്യയുടെ എഐ അടിസ്ഥാനമാക്കിയുള്ള ഭാഷാ പ്ലാറ്റ്ഫോമായ ഭാഷിണി എല്ലാവരുമായും പങ്കിടുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയുടെ ഒരു ഉദാഹരണമാണ്. യുഎന്നിലും മറ്റ് ആഗോള സ്ഥാപനങ്ങളിലും പരിഷ്‌കാരങ്ങള്‍ക്കായി എസ്സിഒയ്ക്ക് ഒരു പ്രധാന ശബ്ദമായി മാറാന്‍ കഴിയും. ഇറാന്‍ പുതിയ അംഗമായി എസ്സിഒ കുടുംബത്തില്‍ ചേരുന്നതില്‍ ഞാന്‍ സന്തോഷവാനാണ്,' പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.

വിവാദങ്ങള്‍, സംഘര്‍ഷങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും ഭക്ഷ്യ, ഇന്ധന, രാസവള പ്രതിസന്ധി വലിയ വെല്ലുവിളിയാണെന്നും അതിനെ നേരിടാന്‍ ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഫ്ഗാനിസ്ഥാനെ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകളും പ്രതീക്ഷകളും മിക്ക എസ്സിഒ രാജ്യങ്ങളുടേതിന് സമാനമാണ്. യുറേഷ്യയുടെ സമാധാനത്തിനും സമൃദ്ധിക്കും വികസനത്തിനുമുള്ള ഒരു പ്രധാന പ്ലാറ്റ്ഫോമായി എസ്സിഒ ഇന്ന് ഉയര്‍ന്നിട്ടുണ്ട്. ഈ പ്രദേശവുമായുള്ള (യൂറേഷ്യ) ഇന്ത്യയുടെ ബന്ധം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്.

ബഹുമുഖ സഹകരണത്തിലൂടെ എസ് സി ഒയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഇന്ത്യ നിരന്തരമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘടനയുടെ നവീകരണം സംബന്ധിച്ച നിര്‍ദ്ദേശത്തെയും ഇന്ത്യ പിന്തുണച്ചു.

Tags:    

Similar News