പുതുവൈപ്പിന്‍ വാതകച്ചോര്‍ച്ച; സാങ്കേതിക സമിതി പരിശോധിക്കും
- നാലാംതീയതി സന്ധ്യകഴിഞ്ഞാണ് ചോര്‍ച്ചയുണ്ടായത്
- തുടര്‍ന്ന് സമീപവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള എറണാകുളത്തെ പുതുവൈപ്പിലെ എല്‍പിജി ടെര്‍മിനലില്‍ നിന്നുള്ള വാതക ചോര്‍ച്ചയെക്കുറിച്ച് പഠിക്കാന്‍ സാങ്കേതിക സമിതി രൂപീകരിക്കും. ടെര്‍മിനലില്‍ നിന്ന് ചോര്‍ച്ചയുണ്ടായതായി സംശയിക്കുന്നതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ കാരണം സമീപത്ത് താമസിക്കുന്ന കുറച്ച് നാട്ടുകാരെ ഒക്ടോബര്‍ നാലിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ചോര്‍ച്ച തിരിച്ചറിയാന്‍ പ്ലാന്റില്‍ എല്‍പിജിയുമായി കലര്‍ത്താന്‍ ഉപയോഗിക്കുന്ന മെര്‍കാപ്റ്റന്‍ ചോര്‍ന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. സംഭവ ദിവസം വൈകിട്ട് ആറിനും ഒമ്പത് മണിക്കും ഇടയിലാണ് സംഭവം നടന്നതെന്നും ചോര്‍ച്ച ഉടന്‍ അടക്കാൻ കഴിഞ്ഞെന്നും പോലീസ് പറഞ്ഞു.
കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ , ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് വിഷയം പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രതിനിധി, ഫാക്ടറി, ബോയിലേഴ്സ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍, കെമിക്കല്‍ ഇന്‍സ്പെക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ്, മൂന്ന് സ്വതന്ത്ര കെമിക്കല്‍ എഞ്ചിനീയര്‍മാര്‍ എന്നിവരെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു.
വിഷയം പഠിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ സമിതിയെ ചുമതലപ്പെടുത്തി.
ചോര്‍ച്ചയുണ്ടായെന്ന് പറയപ്പെടുന്ന സ്ഥലത്ത് ജില്ലാ അധികൃതര്‍ ബോധവല്‍ക്കരണം സംഘടിപ്പിക്കുകയും മോക്ക് ഡ്രില്ലുകള്‍ നടത്തുകയും ചെയ്യും. ചോര്‍ച്ച പരിഹരിക്കാന്‍ വേണ്ട സൗകര്യം പ്ലാന്റില്‍ ഇല്ലെന്ന് യോഗത്തില്‍ പങ്കെടുത്ത നിവാസികളുടെ പ്രതിനിധികള്‍ പറഞ്ഞു.
സമീപ പഞ്ചായത്തുകളിലെ ചികിത്സാ സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.