യുദ്ധത്തിന് പണം കണ്ടെത്താന്‍ സെലന്‍സ്‌കിയുടെ വീട് റഷ്യ വില്‍ക്കുന്നു

  • ഇപ്പോള്‍ റഷ്യയുടെ അധീനതയിലുള്ള ക്രീമിയയില്‍ ഉക്രെയ്‌നിലെ വന്‍കിട ബിസിനസുകാര്‍ക്കും, പ്രമുഖര്‍ക്കും സ്വത്തും ആസ്തികളുമുണ്ട്
  • 2019-ല്‍ ഉക്രെയ്‌ന്റെ പ്രസിഡന്റാകുന്നതിനു മുന്‍പ് സെലന്‍സ്‌കി പ്രമുഖ കൊമേഡിയനായിരുന്നു
  • സെലന്‍സ്‌കിയുടെ വസതിക്ക് കണക്കാക്കുന്ന വില എട്ട് ലക്ഷം ഡോളറാണ്

Update: 2023-05-27 10:52 GMT

യുദ്ധത്തിന് പണം കണ്ടെത്താന്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡമിര്‍ സെലന്‍സ്‌കിയുടെ ക്രീമിയയിലെ അവധിക്കാല വസതി വില്‍ക്കുമെന്ന് റഷ്യ അറിയിച്ചതായി റഷ്യന്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ടാസ് റിപ്പോര്‍ട്ട് ചെയ്തു.

ഇപ്പോള്‍ റഷ്യയുടെ അധീനതയിലുള്ള ക്രീമിയയില്‍ ഉക്രെയ്‌നിലെ വന്‍കിട ബിസിനസുകാര്‍ക്കും, പ്രമുഖര്‍ക്കും സ്വത്തും ആസ്തികളുമുണ്ട്. ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിക്കും ഇത്തരത്തില്‍ അവധിക്കാല വസതിയുണ്ട്. സെലന്‍സ്‌കിയുടെ ഭാര്യ ഒലേനയുടെ പേരിലുള്ളതാണ് വസതി.

ക്രീമിയയിലുള്ള ഉക്രെയ്ന്‍ സ്വദേശികളുടെ സ്വത്തും ആസ്തികളും ദേശസാത്കരിക്കുമെന്നാണ് ക്രീമിയന്‍ സ്‌റ്റേറ്റ് കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ദേശസാത്കരിച്ചതിനു ശേഷം വില്‍പ്പന നടത്തും.

പ്രത്യേക സൈനിക ഓപ്പറേഷന് ധനസഹായം നല്‍കുന്നതോടൊപ്പം യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്കും ഭാഗിക സൈനിക സേവനത്തില്‍ പങ്കെടുത്ത സൈനികരുടെ കുടുംബങ്ങള്‍ക്കു ഈ തുക ഉപയോഗിച്ചു സഹായം നല്‍കുമെന്നും അവര്‍ പറഞ്ഞു.

2019-ല്‍ ഉക്രെയ്‌ന്റെ പ്രസിഡന്റാകുന്നതിനു മുന്‍പ് സെലന്‍സ്‌കി പ്രമുഖ കൊമേഡിയനായിരുന്നു. പ്രമുഖമായൊരു ടിവി പ്രൊഡക്ഷന്‍ കമ്പനിയുടെ ഉടമയുമായിരുന്നു.

ഇപ്പോള്‍ റഷ്യ വില്‍ക്കുമെന്ന് അറിയിച്ചിരിക്കുന്ന ക്രീമിയയിലെ സെലന്‍സ്‌കിയുടെ വസതി അദ്ദേഹം 2013-ല്‍ വാങ്ങിയതാണ്. പക്ഷേ, ഒരിക്കല്‍ പോലും അവിടെ സെലന്‍സ്‌കിയോ ഭാര്യയോ താമസിച്ചിട്ടില്ല. മൂന്ന് ബെഡ് റൂമുകളുള്ള വസതിക്ക് കണക്കാക്കുന്ന വില എട്ട് ലക്ഷം ഡോളറാണ്. ഇത് ഏകദേശം ആറ് കോടി 61 ലക്ഷം രൂപയോളം വരും.

ഈ വസതി, ഉക്രെയ്ന്‍ യുദ്ധത്തിനു വേണ്ടി പണം കണ്ടെത്തുന്നതിനായി റഷ്യ ലേലം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Tags:    

Similar News