സെമിഫൈനലിനു തയ്യാറെടുക്കുന്ന മുന്നണികള്‍
- ഉയര്‍ന്ന വോട്ടിംഗ് ശതമാനമുള്ള സംസ്ഥാനങ്ങള്‍
- പൊതുതെരഞ്ഞെടുപ്പിനുമുന്നോടിയായുള്ള ബലപരീക്ഷണം
- പിന്നോക്കവിഭാഗവും നിര്‍ണായകമാകും
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള പാര്‍ട്ടികളുടെയും മുന്നണികളുടെയും ബലപരീക്ഷണത്തിന് അരങ്ങൊരുങ്ങി. ഈ സംസ്ഥാനങ്ങളിലെ മത്സരഫലം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കാമെന്ന ധാരണ പൊതുവേയുണ്ട്. അതിനാല്‍ മുമ്പുണ്ടാകാത്ത വിധത്തിലുള്ള തയ്യാറെടുപ്പുകളോടെയാകും പാര്‍ട്ടികളും മുന്നണികളും ജനവിധി തേടാനിറങ്ങുക.
മിസോറാമിലും ഛത്തീസ്ഗഡിലുമായി നവംബര്‍ ഏഴിനാണ് വോട്ടെടുപ്പിന് തുടക്കം കുറിക്കുക.
മിസോറം: മിമിസോറാമില്‍ ആകെ 40 സീറ്റുകളാണ് ഉള്ളത്. ഇതില്‍ 39 സീറ്റിലും പട്ടികവര്‍ഗക്കാരാണ് നിര്‍ണായകമാകുക. 8,56,868 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. വനിതാ വോട്ടര്‍മാര്‍ കൂടുതലുള്ള സംസ്ഥാനം കൂടിയാണ് മിസോറാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 80.03 ശതമാനമായിരുന്നു ഇവിടെ നടന്ന പോളിംഗ് ശതമാനം. മിസോറാമില്‍ എംഎന്‍എഫ് ആണ് അധികാരത്തിലുള്ളത്. 26 സീറ്റുകള്‍ അവര്‍ നേടി.
ഛത്തീസ്ഗഡ് :ഛത്തീസ്ഗഡില്‍ രണ്ടുഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആധ്യഘട്ടം ഏഴിനും രണ്ടാം ഘട്ടം 17നും നടക്കും. ആകെയുള്ള 90 സീറ്റുകളില്‍ 20 സീറ്റുകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. ബാക്കിയുള്ള സീറ്റുകളില്‍ രണ്ടാം ഘട്ടമാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവര്‍ നിര്‍ണായകമായേക്കാവുന്ന 39 സീറ്റുകളുണ്ടെന്നാണ് വിലയിരുത്തല്‍. 2,03,80,079 വോട്ടര്‍മാരുള്ള സംസ്ഥാനത്തെ കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായിരുന്ന വോട്ടിംഗ് ശതമാനം 76.45 ആണ്. ഛത്തീസ്ഗഡിലും വനിതാ വോട്ടര്‍മാരാണ് കൂടുതല്‍. നിലവില്‍ കോണ്‍ഗ്രസാണ് സംസ്ഥാനം ഭരിക്കുന്നത്. 71 സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്..
മധ്യപ്രദേശ് : വലിയസംസ്ഥാനമായ മധ്യപ്രദേശിലും നവംബര്‍ 17നുതന്നെയാണ് വോട്ടെടുപ്പ് നടക്കുക. ആകെയുള്ള 230 സീറ്റുകളിലേക്കും ഒറ്റ ഘട്ടത്തില്‍ത്തന്നെ തെരഞ്ഞെടുപ്പ് നടക്കും. ആകെയുള്ള 230 സീറ്റുകളില്‍ 82 സീറ്റുകളില്‍ പിന്നോക്ക വിഭാഗക്കാര്‍ നിര്‍ണായകമായേക്കും. അഞ്ചുകോടിയില്‍പ്പരം വോട്ടര്‍മാരുള്ള സംസ്ഥാനത്ത് പുരുഷ വോട്ടര്‍മാരാണ് കൂടുതല്‍. 2018ല്‍ നടന്ന നിയമസഭാ വോട്ടെടുപ്പില്‍ 75.63 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇക്കുറിയും മുന്നണികള്‍ കനത്തപോളിംഗ് പ്രതീക്ഷിക്കുന്നുണ്ട്. നിലവില്‍ 128 സീറ്റുകളുമായി ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്.
രാജസ്ഥാന്‍ : ഏറെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയൊരുക്കിയ രാജസ്ഥാനില്‍ നവംബര്‍ 23ന് വോട്ടെടുപ്പ് നടക്കും.നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലുള്ള സംസ്ഥാനത്ത് അധികാരത്തുടര്‍ച്ചക്കാണ് പാര്‍ട്ടി ശ്രമിക്കുന്നത്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പോര് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും യുവ നേതാവ് സച്ചിന്‍ പൈലറ്റും തമ്മിലുള്ള വടംവലി ഇതുവരെ അവസാനിച്ചിട്ടില്ല. ഇത് പാര്‍ട്ടിക്ക് ദോഷം ചെയ്യും.
ആകെ 200 സീറ്റുകളുള്ള സംസ്ഥാനത്ത് 59 സീറ്റുകളില്‍ പിന്നോക്ക വിഭാഗക്കാര്‍ നിര്‍ണായകമാണ്. ഇവിടെയും പുരുഷ വോട്ടര്‍മാരാണ് കൂടുതലുള്ളത്. ആദ്യമായി വോട്ടുചെയ്യാനൊരുങ്ങി നില്‍ക്കുന്ന 22ലക്ഷത്തിലധികം പേരാണ് സംസ്ഥാനത്തുള്ളത്. ഇത് നിര്‍ണായകമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 74.71 ശതമാനം പേരാണ് രാജസ്ഥാനില്‍ വോട്ടവകാശം വിനിയോഗിച്ചത്. 122 സീറ്റുകളുടെ പിന്‍ബലത്തോടെയാണ് കോണ്‍ഗ്രസ് അടങ്ങുന്ന മുന്നണി അധികാരത്തിലെത്തിയത്.
തെലങ്കാന : അവസാനം തെരഞ്ഞെടുപ്പ് നടക്കുന്നത്ഭബിആര്‍എസ് ഭരിക്കുന്ന തെലങ്കാനയിലാണ്. നവംബര്‍ 30നാണ് ഇവിടെ വോട്ടെടുപ്പ് നടക്കുക.119 സീറ്റുകളുള്ള സംസ്ഥാനത്ത് 31 സീറ്റുകളില്‍ പിന്നോക്കവിഭാഗം നിര്‍ണായകമായേക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 73.37 ശതമാനമായിരുന്നു ഇവിടെ വോട്ടിംഗ് ശതമാനം. ഇവിടെ മാത്രം വോട്ടിംഗിലെ സ്ത്രീപുരുഷ അനുപാതം ഏറക്കുറെ തുല്യമാണ്. 87 സീറ്റുകളില്‍ ബിആര്‍എസ് വിജയം നേടിയാണ് അധികാരത്തിലെത്തിയത്.