മര്‍ദനം നേരിട്ടെന്ന് ബസ് ഉടമ; സിഐടിയു നേതാവ് കസ്റ്റഡിയില്‍

  • നേരത്തേ ബസ് ഉടമയുടെ പ്രതിഷേധം വാര്‍ത്തയായിരുന്നു
  • തൊഴില്‍ പ്രശ്നം രാഷ്ട്രീയ സംഘര്‍ഷമാക്കിയെന്ന് സിഐടിയു

Update: 2023-06-25 10:13 GMT

കോട്ടയം തിരുവാര്‍പ്പില്‍ ബസ് ഉടമയെ സിഐടിയു നേതാവ് മര്‍ദിച്ചെന്ന് പരാതി. വേതന വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന തൊഴിലാളികള്‍ ബസിനു മുന്നില്‍ പന്തല്‍ കെട്ടി കൊടി ഉയര്‍ത്തിയത് നേരത്തേ വാര്‍ത്തയായിരുന്നു. സ്വതന്ത്രമായി ബസ് സര്‍വീസ് നടത്താമെന്ന കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ബസ് ഉടമ രാജ് മോഹന്‍  കൊടി അഴിച്ചുമാറ്റി സര്‍വീസ് നടത്താന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. രാജ് മോഹനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പരാതിയില്‍ സിഐടിയു നേതാവ് അജയിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

ബസ് സര്‍വീസ് നടത്തുന്നതിന് തടസം സൃഷ്ടിച്ചിട്ടില്ലെന്നും എന്നാല്‍ സമരപ്പന്തല്‍ അഴിച്ചുമാറ്റില്ലെന്നുമാണ് സിഐടിയു നേതാക്കള്‍ നല്‍കുന്ന വിശദീകരണം. കൊടി തോരണങ്ങള്‍ അഴിച്ചുമാറ്റി ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും ഇത് തടയുക മാത്രമാണ് ചെയ്തതെന്നും നേതാക്കള്‍ പറയുന്നു. എന്നാല്‍ കോടതിയലക്ഷ്യമാണ് സിഐടിയു-വിന്‍റെ ഭാഗത്തു നിന്നുണ്ടായതെന്നും ഇതിനെതിരേ കേസ് നല്‍കുമെന്നും രാജ് മോഹന്‍ പറയുന്നു. 

തൊഴില്‍ പ്രശ്നം എന്നതിനേക്കാള്‍ രാഷ്ട്രീയ പ്രശ്നം എന്ന നിലയില്‍ പ്രദേശത്ത് ഈ വിഷയം വളര്‍ന്നുവെന്നാണ് ഇരു വിഭാഗത്തിന്‍റെയും പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ബസ് ഉടമയ്ക്കു പിന്നില്‍ ബിജെപി ആണെന്നാണ് സിപിഎമ്മും സിഐടിയു-വും ആരോപിക്കുന്നത്.

മുഖ്യമന്ത്രി അമേരിക്കയിലെ ടൈം സ്ക്വയറില്‍ മലയാളി സമൂഹത്തെ അഭിമുഖീകരിച്ചതിനെ അപഹസിക്കുന്ന തരത്തില്‍ വേഷവിധാനങ്ങള്‍ അണിഞ്ഞ് രാജ്മോഹന്‍ പ്രതിഷേധിച്ചതും പ്രദേശിക വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരേ പ്രതികരിക്കുന്നതുമെല്ലാം പ്രശ്നത്തെ രാഷ്ട്രീയ സംഘര്‍ഷമാക്കുന്നതിലേക്ക് എത്തിച്ചുവെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. 

Tags:    

Similar News