ആഗോള വാര്‍ത്താ സൈറ്റുകളില്‍ ചൈനീസ് സ്വാധീന പ്രചാരണമെന്ന് റിപ്പോര്‍ട്ട്
- ആഗോളതലത്തില്‍ നൂറിലധികം വെബ്‌സൈറ്റുകളില്‍ സ്വാധീനം പ്രകടമാണ്
- റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഡിജിറ്റല്‍ വാച്ച് ഡോഗ് സിറ്റിസണ്‍ ലാബ്
- വാര്‍ത്തകള്‍ക്കു പിന്നില്‍ ഷെന്‍ഷെന്‍ ഹൈമൈ യൂന്‍സിയാങ് മീഡിയ
ആഗോളതലത്തില്‍ നൂറിലധികം ന്യൂസ് വെബ്‌സൈറ്റുകള്‍ ചൈനീസ് അനുകൂല സ്വാധീന പ്രചാരണം നടത്തുന്നതായി ഡിജിറ്റല്‍ വാച്ച് ഡോഗ് സിറ്റിസണ്‍ ലാബ് കണ്ടെത്തി. യൂറോപ്പിലെയും ഏഷ്യയിലെയും ലാറ്റിനമേരിക്കയിലെയും പ്രാദേശിക വാര്‍ത്താ ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തനങ്ങളാണ് ഡിജിറ്റല്‍ വാച്ച് ഡോഗ് കണ്ടെത്തിയത്. മുപ്പതിലധികം രാജ്യങ്ങളില്‍ ഈ സൈറ്റുകള്‍ക്ക് പ്രചാരമുണ്ട്.
ഈ വെബ്‌സൈറ്റുകളില്‍ ചൈനീസ് സ്റ്റേറ്റ് മീഡിയയില്‍ നിന്നുമുള്ള വാര്‍ത്തകളുമായി ഇടകലര്‍ന്നിരിക്കുന്നുവെന്ന് ടൊറന്റോ ആസ്ഥാനമായുള്ള ഗ്രൂപ്പ് പുറത്തിറക്കിയ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
സൈറ്റുകളുടെ ഉള്ളടക്കം ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്കിടയിലാണ്. പലപ്പോഴും യുണൈറ്റഡ് സ്റ്റേറ്റ്‌സിനെക്കുറിച്ചോ അല്ലെങ്കില്‍ അതിന്റെ സഖ്യകക്ഷികളെക്കുറിച്ചോ ഉള്ള വിമര്‍ശനങ്ങളുടെ രൂപത്തില്‍ വരുന്നു. കോവിഡ്-19 വ്യാപനത്തില്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരെ കുറ്റപ്പെടുത്തുന്ന രൂപത്തിലും അവ പുറത്തുവരുന്നു. ചൈനാ വിമര്‍ശകരെ തിരിഞ്ഞാക്രമിക്കുന്ന സ്വഭാവമുള്ള വാര്‍ത്തകളോ ലേഖനങ്ങളോ ഇവയില്‍ കാണാവുന്നതാണ്.
ഗവേഷകര്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രത്യേക സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്നത് അപൂര്‍വമാണ്. 2020-ന്റെ മധ്യത്തിലാണ് കാമ്പെയ്ന്‍ ആരംഭിച്ചത്. ഹൈമൈ എന്നറിയപ്പെടുന്ന പബ്ലിക് റിലേഷന്‍സ് സ്ഥാപനമായ ഷെന്‍ഷെന്‍ ഹൈമയൂന്‍സിയാങ് മീഡിയ കോ. ലിമിറ്റഡിന്റെ സാന്നിധ്യം ഇവിടെ പ്രകടമാണെന്നും സിറ്റിസണ്‍ ലാബ് പറഞ്ഞു.
എന്നാല്‍ ഇത് സംബന്ധിച്ച് കമ്പനി പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. അവരുടെ വെബ്സൈറ്റിന്റെ ആര്‍ക്കൈവ് ചെയ്ത പതിപ്പില്‍ ഫോണ്‍ നമ്പരും ലഭ്യമല്ല.
അതേസമയം ചൈനയ്ക്ക് അനുകൂലമായ ഉള്ളടക്കങ്ങളും റിപ്പോര്‍ട്ടുകളും 'തെറ്റായ വിവരങ്ങളാണ്' എന്ന് ആരോപിക്കുന്നത് പക്ഷപാതവും ഇരട്ടത്താപ്പുമാണെന്ന് വാഷിംഗ്ടണിലെ ചൈനയുടെ എംബസി വക്താവ് പറയുന്നു.ചൈനാവിരുദ്ധരാണ് യഥാര്‍ത്ഥ വിവരങ്ങള്‍ നല്‍കുന്നത് എന്നത് വെറും തെറ്റിദ്ധാരണയാണ്.
കാമ്പെയ്നിലെ വെബ്സൈറ്റുകളിലൊന്ന് റോമ ജേണലാണെന്ന് സിറ്റിസണ്‍ ലാബ് പറഞ്ഞു. ഇത് ഒരു പ്രാദേശിക ഇറ്റാലിയന്‍ വാര്‍ത്താ ഔട്ട്ലെറ്റ് ആണ്. തലക്കെട്ടുകള്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ സാധ്യതകളും വടക്കന്‍ പ്രവിശ്യയിലെ ഒരു ഹോട്ട് എയര്‍ ബലൂണ്‍ ഉത്സവവും ഒരു പുസ്തക പ്രകാശനവും വിശദീകരിക്കുന്നു.
എന്നാല്‍ അതിന്റെ ഹോംപേജിന്റെ ഒരു കോണിലുള്ള ഒരു 'പ്രസ്സ് റിലീസുകള്‍' ബട്ടണ്‍ ആഗോള സാമ്പത്തിക വീണ്ടെടുപ്പിനുള്ള ചൈനയുടെ സംഭാവനയും സാങ്കേതിക കണ്ടുപിടിത്തത്തിലേക്കുള്ള മുന്നേറ്റവും പോലുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചൈനീസ് സ്റ്റേറ്റ് മീഡിയ ലേഖനങ്ങളുടെ ഒരു ശ്രേണിയിലേക്ക് നയിക്കുന്നു.
സിറ്റിസണ്‍ ലാബ് കണ്ടെത്തിയ സൈറ്റുകളിലെ ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും ടൈംസ് ന്യൂസ്വയര്‍ എന്ന പ്രസ് റിലീസിംഗ് സേവനത്തില്‍ നിന്നാണ് ലഭിച്ചത്. ഇത് കഴിഞ്ഞ വര്‍ഷം സൈബര്‍ സുരക്ഷാ സ്ഥാപനമായ മാന്‍ഡിയന്റിലെ വിശകലന വിദഗ്ധര്‍ യുഎസ് പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഒരു പ്രത്യേക ചൈനീസ് സ്വാധീന പ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണെന്ന് കണ്ടെത്തിയിരുന്നു.
ലോകമെമ്പാടുമുള്ള ശക്തരായ ആളുകളും സര്‍ക്കാരുകളും പൊതുജനാഭിപ്രായം കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ സ്വാധീന പ്രചാരണങ്ങള്‍ കൂടുതല്‍ സാധാരണമാണെങ്കിലും, അത്തരം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന വിദഗ്ധര്‍ പറയുന്നത് റഷ്യയ്ക്കും ഇറാനുമൊത്ത് ഇത്തരം ഡ്രൈവുകളുടെ ഏറ്റവും വലിയ ഉറവിടങ്ങളിലൊന്നാണ് ചൈനയെന്നാണ്.
ചൈനീസ് സ്വാധീന പ്രവര്‍ത്തനങ്ങള്‍ ഏഷ്യയ്ക്ക് അപ്പുറത്തേക്ക് വളരുകയും വികസിക്കുകയും ചെയ്തതായി സോഷ്യല്‍ മീഡിയ ഭീമനായ മെറ്റ നവംബറിലെ ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ദക്ഷിണകൊറിയയില്‍ ഇതേസ്വഭാവമുള്ള 18 സൈറ്റുകള്‍ അധികൃതര്‍ വെളിച്ചത്തുകൊണ്ടുവന്നിരുന്നു.