നവകേരളസദസ്സ് ഫണ്ട്; യു.ഡി.എഫ് നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ കോടതിയിലേക്ക്

സെക്രട്ടറിമാർ തുക നൽകിയാൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് യു.ഡി.എഫ്‌

Update: 2023-11-22 09:13 GMT

നവകേരള സദസ് നടത്തിപ്പിന് ഫണ്ട് അനുവദിക്കണമെന്ന സംസ്ഥാന സർക്കാർ ഉത്തരവ് കോടതിയിലേക്ക്. ഉത്തരവനുസരിച്ച് സെക്രട്ടറിമാർ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് തുക നൽകിയാൽ ഇതിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. നിയമനടപടികൾ സ്വീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

പഞ്ചായത്ത് രാജ് നിയമത്തിന്റെ മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനെതിരെയും കോടതിയിൽ ചോദ്യം ചെയ്യാനാണ് യു.ഡി.എഫ് തീരുമാനം. കോഴിക്കോട് ജില്ലയിലെ തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് നിയമനടപടിയുടെ കാര്യം ആദ്യം തീരുമാനിച്ചത്. ഇതിനു പിന്നാലെ യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇത് പിന്തുടരാൻ തീരുമാനിച്ചു. ചട്ടപ്രകാരം, ഭരണസമിതിയുടെ ഉത്തരവ് നടപ്പിലാക്കലാണ് സെക്രട്ടറിയുടെ ചുമതല. എന്നിരുന്നാലും, ഭരണസമിതികളെ മറികടന്ന് ഫണ്ട് അനുവദിക്കാൻ സെക്രട്ടറിമാരെ അനുവദിക്കുന്നതാണ് പുതിയ സർക്കാർ ഉത്തരവ്.

സര്‍ക്കാര്‍ തലത്തിലുള്ള സമ്മർദ്ദം ഏറെയാണ് സെക്രട്ടറിമാര്‍ക്ക്. സമ്മർദ്ദങ്ങൾക്കിടയിലും ഫണ്ട് അനുവദിക്കുന്ന സെക്രട്ടറിമാര്‍ക്കെതിരേയാണ് യു.ഡി.എഫ്. ഭരണസമിതികള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ തനതുഫണ്ട് ഇത്തരത്തിൽ ഉത്തരവുകളിലൂടെ ഈടാക്കാൻ സർക്കാരിന് അധികാരമില്ലെന്നാണ് യു.ഡി.എഫ്‌ നേതൃത്വത്തിന്റെ വാദങ്ങൾ.

Tags:    

Similar News