വിവാഹങ്ങള്‍ രാജസ്ഥാന്‍ വോട്ടിംഗിന് ഭീഷണിയാകും!
- അരലക്ഷമോ അതിലധികമോ വിവാഹങ്ങള്‍ വോട്ടെടുപ്പ് ദിനത്തില്‍ നടന്നേക്കും
- അതിവിശിഷ്ടദിനത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്
- ഇത്തരമൊരു സാഹചര്യത്തില്‍ ലക്ഷങ്ങള്‍ വിവാഹവുമായി ബന്ധപ്പെട്ടതിരക്കിലാകും
രാജസ്ഥാന്‍ തെരഞ്ഞെടുപ്പിന് വിവാഹങ്ങള്‍ ഭീഷണിയാകുമോ? സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന നവംബര്‍ 23 വിവാഹത്തിന് ഏറ്റവും മികച്ച മുഹൂര്‍ത്തമുള്ള ദിവസങ്ങമായി കണക്കാക്കപ്പെടുന്നു.ദേവ് ഉഠനി ഏകാദശിയാണ് നവംബര്‍ 23. സാധാരണ അതേദിവസം അരലക്ഷമോ അതിലധികമോ വിവാഹങ്ങള്‍ രാജസ്ഥാനില്‍ നടക്കാറുണ്ടെന്നാണ് കണക്ക്.
വിവാഹത്തിന് ഏറ്റവും നല്ല അവസരമായി ദേവ് ഉഠനി ഏകാദശി കണക്കാക്കപ്പെടുന്നു. വിവാഹ സീസണിന്റെ തുടക്കവും ഈ ദിനമായിട്ടാണ് കണക്കാക്കുന്നത്. ഇത് രാജസ്ഥാനിലെ വോട്ടിംഗ് ശതമാനത്തെ ബാധിച്ചേക്കുമെന്ന് രാഷ്ട്രീയ പാർട്ടികള്‍ ആശങ്കപ്പെടുന്നു.
'ദേവ് ഉഠനി ഏകാദശി വിവാഹങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ അവസരമാണ്, എല്ലാ ഹിന്ദു ജാതികളും ഈ ദിവസം വിവാഹങ്ങള്‍ നടത്താന്‍ ഇഷ്ടപ്പെടുന്നു. ഈ വര്‍ഷം ദേവ് ഉഠനി ഏകാദശി ദിനത്തില്‍ 50,000 വിവാഹങ്ങള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു,' ഓള്‍ ഇന്ത്യ ടെന്റ് ഡെക്കറേറ്റേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് രവി ജിന്‍ഡാല്‍ പറഞ്ഞു.
വ്യാപാരികള്‍ മുതല്‍ കുടുംബാംഗങ്ങളും ബന്ധുക്കളും വരെ വിവാഹ ചടങ്ങുകളില്‍ വലിയൊരു വിഭാഗം ആളുകള്‍ പങ്കെടുക്കുന്നത് വോട്ടിംഗിനെ ബാധിച്ചേക്കാമെന്ന് ജിന്‍ഡാല്‍ കൂട്ടിച്ചേര്‍ത്തു.
2018ലെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.71% ആയിരുന്നു പോളിങ്. ഇതില്‍ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
''ഇത്തരമൊരു സാഹചര്യത്തില്‍, പോളിംഗ് ദിവസം ഏതാനും ലക്ഷം ആളുകള്‍ നേരിട്ടോ അല്ലാതെയോ തിരക്കിലായിരിക്കും. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാലോ വോട്ടിംഗ് ദിവസം പോളിംഗ് ബൂത്തുകളില്‍ ഹാജരാകാത്തതിനാലോ പലര്‍ക്കും വോട്ട് ചെയ്യാന്‍ കഴിഞ്ഞേക്കില്ല, ''ജിന്‍ഡാല്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
''ദേവ് ഉഠനി ഏകാദശിയില്‍ ആളുകള്‍ വിവാഹ പാര്‍ട്ടികളുടെ ഭാഗമായി മറ്റ് നഗരങ്ങളിലേക്കും ജില്ലകളിലേക്കും പോകുന്നു. അതുപോലെ, കാറ്ററര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, ഫ്‌ലോറിസ്റ്റുകള്‍, ബാന്‍ഡ് പാര്‍ട്ടികള്‍ തുടങ്ങി വിവാഹവുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റെല്ലാവരും ദിവസം മുഴുവന്‍ തിരക്കിലാണ്, ഇക്കാരണത്താല്‍ അവരില്‍ പലരും വോട്ടിംഗ് ഒഴിവാക്കിയേക്കാം' ഇവന്റ് മാനേജര്‍ മനീഷ് കുമാര്‍ പറഞ്ഞു.