മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കി
മഹുവയ്‌ക്കെതിരായ പരാതി അന്വേഷിച്ച പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു
തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി.
മഹുവയ്‌ക്കെതിരായ പരാതി അന്വേഷിച്ച പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ പ്രമേയം അവതരിപ്പിച്ചു കൊണ്ടാണു ലോക്‌സഭയില്‍ നിന്നും മഹുവയെ പുറത്താക്കിയത്.
എംപിയെന്ന നിലയില്‍ മഹുവയുടെ പെരുമാറ്റം മര്യാദയില്ലാത്തതും അധാര്‍മികവുമാണെന്ന എത്തിക്‌സ് കമ്മിറ്റിയുടെ നിഗമനങ്ങള്‍ ഈ സഭ അംഗീകരിക്കുന്നു. അതു കൊണ്ട് അവര്‍ എംപിയായി തുടരുന്നത് ഉചിതമല്ല ' മഹുവയെ പുറത്താക്കി സ്പീക്കര്‍ ഓം ബിര്‍ല പറഞ്ഞു.
പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് പ്രമേയം അവതരിപ്പിച്ചത്. ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്.
പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം അനുവദിക്കണമെന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റില്‍ മഹുവയ്ക്ക് പ്രതികരിക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യം ഉന്നയിച്ചു. എന്നാല്‍ ഇരു ആവശ്യങ്ങളും അംഗീകരിച്ചില്ല.
ലോക്‌സഭയില്‍ ചോദ്യം ചോദിക്കുന്നതിനു മഹുവ കൈക്കൂലി വാങ്ങിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെയാണു ആരോപിച്ച് രംഗത്തുവന്നത്.
പാര്‍ലമെന്റില്‍ നിന്നും പുറത്താക്കിയതിനു ശേഷം ബിജെപിക്കെതിരെ രൂക്ഷ പ്രതികരണമാണ് മഹുവ നടത്തിയത്.
' എനിക്ക് 49 വയസ്സായി, അടുത്ത 30 വര്‍ഷം പാര്‍ലമെന്റിനകത്തും പാര്‍ലമെന്റിന് പുറത്തും ഞാന്‍ നിങ്ങളോട് പോരാടും,' മഹുവ മൊയ്ത്ര പറഞ്ഞു. 'എത്തിക്‌സ് കമ്മിറ്റിക്ക് പുറത്താക്കാന്‍ അധികാരമില്ല. ഇത് നിങ്ങളുടെ (ബിജെപി) അവസാനത്തിന്റെ തുടക്കമാണ്, 'അവര്‍ അഭിപ്രായപ്പെട്ടു.