നാവികസേനക്കായി റാഫേല്‍ വാങ്ങാന്‍ ഇന്ത്യ

  • 26വിമാനങ്ങളും മൂന്ന് അന്തര്‍വാഹിനികളും ഇന്ത്യയുടെ പട്ടികയില്‍
  • അന്തിമകരാര്‍ ഇപ്പോഴുണ്ടാകില്ലെന്ന് സൂചന
  • ജെറ്റ് എഞ്ചിന്‍ സാങ്കേതികവിദ്യാ കൈമാറ്റവും ഇന്ത്യ ലക്ഷ്യമിടുന്നു

Update: 2023-07-12 08:27 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തോട് അനുബന്ധിച്ച് പ്രതിരോധമേഖലയില്‍ വന്‍ പ്രഥമിക കരാറുകള്‍ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. നാവികസേനക്ക് പുതിയ യുദ്ധവിമാനങ്ങള്‍ അന്തര്‍വാഹിനികളും നേടുന്നതിനുള്ള സുപ്രധാന കരാറാറുകളാകും ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാകുക. പാരീസില്‍ നടക്കുന്ന ബാസ്റ്റില്‍ ഡേ പരേഡില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ഫ്രാന്‍സിലെത്തുന്നത്. പരേഡിലെ മുഖ്യാതിഥിയാണ് മോദി.

റഫാല്‍ യുദ്ധവിമാനങ്ങളുടെ 26 നാവിക പതിപ്പുകള്‍, മൂന്ന് സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍ ജെറ്റ് എഞ്ചിന്‍ സാങ്കേതികവിദ്യയ്ക്കായി 100 ശതമാനം സാങ്കേതിക കൈമാറ്റം സാധ്യമായ പങ്കാളിത്തം എന്നിവയാണ് അണിയറയില്‍ ഒരുങ്ങിയ ഉടമ്പടികള്‍. ചര്‍ച്ചകളില്‍ മുന്നോട്ടുപോയാല്‍ ഇന്ത്യന്‍ നാവികസേനയ്ക്കായി റാഫേല്‍-എം എന്നറിയപ്പെടുന്ന റാഫേല്‍ മറൈന്‍ വാങ്ങാനുള്ള പദ്ധതി ഇന്ത്യ പ്രഖ്യാപിക്കും.

എന്നിരുന്നാലും, കരാര്‍ ഒപ്പിടില്ല.കാരണം കരാര്‍ സംബന്ധിച്ച ചെലവുകളുടെ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ അന്തിമ കരാര്‍ ഉണ്ടാകാന്‍ സാധ്യതയുള്ളു.

അമേരിക്കന്‍ എഫ്/എ 18 സൂപ്പര്‍ ഹോര്‍നെറ്റുകള്‍ക്ക് പകരമായാണ് നാവികസേന റാഫേല്‍ എം ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇക്കാര്യം പരാമര്‍ശിച്ച് നാവിക ആസ്ഥാനത്തുനിന്ന് പ്രതിരോധ മന്ത്രാലയത്തിലേക്ക് റിപ്പോര്‍ട്ട് മുമ്പ് അയച്ചിരുന്നു. ബോയിംഗ് വിമാനത്തെക്കുറിച്ച് പരാമര്‍ശമൊന്നും ഇല്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

മാസഗോണ്‍ ഡോക്ക് ലിമിറ്റഡുമായി പങ്കാളിത്തത്തോടെ ഇന്ത്യയില്‍ ആറ് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികള്‍ നിര്‍മ്മിച്ചിരുന്നു. പ്രോജക്റ്റ് 75 ന് കീഴിലായിരുന്നു ഇത്. ഇന്ത്യന്‍ നാവികസേന ഇന്ന് ഒരു പ്രതിസന്ധി നേരിടുന്നുണ്ട്. 2030-ല്‍ അവസാനിക്കുന്ന 30 വര്‍ഷത്തെ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോയി.

30 വര്‍ഷത്തെ പദ്ധതി പ്രകാരം, ചൈനയ്ക്കും പാക്കിസ്ഥാനുമെതിരായ ഫലപ്രദമായ പ്രതിരോധമെന്ന നിലയില്‍ ഇന്ത്യ 24 അന്തര്‍വാഹിനികള്‍ - 18 പരമ്പരാഗത അന്തര്‍വാഹിനികളും ആറ് ആണവ അന്തര്‍വാഹിനികളും (എസ്എസ്എന്‍) നിര്‍മ്മിക്കേണ്ടതായിരുന്നു. 18 പരമ്പരാഗത അന്തര്‍വാഹിനികളില്‍ 6 എണ്ണം മാത്രമാണ് ഇന്ത്യന്‍ നാവികസേനയ്ക്ക് ഇതുവരെ ലഭ്യമായത്.

ഇന്ത്യയുടെ ഭാവി അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എഎംസിഎ) ഫൈറ്റര്‍ ജെറ്റ് പവര്‍ ചെയ്യുന്നതിനായി ഒരു പുതിയ ശക്തമായ എഞ്ചിന്‍ ഉള്‍പ്പെടുന്ന എയര്‍ക്രാഫ്റ്റ് എഞ്ചിനുകളുടെ ഉടമ്പടിയാണ് ഇന്ത്യ നോക്കുന്ന മറ്റൊരു കരാര്‍.

അടുത്ത ദശാബ്ദത്തിനുള്ളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ തന്ത്രപരമായ ഫ്‌ളീറ്റിന്റെ ആണിക്കല്ലായിരിക്കും എഎംസിഎ. വിഹിതം സംബന്ധിച്ചും ചെലവ് സംബന്ധിച്ചും ഒരു പുരോഗതിയും സംഭവിക്കാതെ ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ കുറച്ചുകാലമായി നടക്കുന്നു.

ഈ നിര്‍ണായക പ്രതിരോധ കരാറിന് പുറമെ, ചര്‍ച്ചയില്‍ വരുന്ന മറ്റൊരു പദ്ധതി ജയ്താപൂര്‍ ആണവനിലയമാണെന്നുംഅധികൃതര്‍ സൂചിപ്പിച്ചു.

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ജയ്താപൂരില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി വേഗത്തിലാക്കാന്‍ ഇന്ത്യയും ഫ്രാന്‍സും ശ്രമിക്കുന്നു. വിദേശത്ത് ഫ്രാന്‍സിന്റെ ഏറ്റവും വലിയ സിവില്‍ ആണവ പദ്ധതിയാണിത്. ഇതും ചര്‍ച്ചയിലാണ്.

Tags:    

Similar News