ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി ലോക വ്യാപാരത്തിന്റെ അടിസ്ഥാനമാകും

  • ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് ഇന്ത്യയിലാണെന്നുള്ളത് അഭിമാനം
  • ചന്ദ്രയാന്‍ ചന്ദ്രനില്‍ ഇറങ്ങുന്നത് ഇസ്രോയുടെ യുട്യൂബ് ചാനലില്‍ 80ലക്ഷത്തിലാധികം പേര്‍ വീക്ഷിച്ചു
  • സമ്മാനങ്ങള്‍ക്കായി മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും പ്രധാനമന്ത്രിയുടെ ആഹ്വാനം

Update: 2023-09-24 11:50 GMT

ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി വരും വര്‍ഷങ്ങളില്‍ ലോക വ്യാപാരത്തിന്റെ അടിസ്ഥാനമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഇടനാഴി ആരംഭിച്ചത് ഇന്ത്യന്‍ മണ്ണിലാണെന്ന് ചരിത്രം എപ്പോഴും ഓര്‍ക്കും- അദ്ദേഹം പറഅഞ്ഞു. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 108-ാം എപ്പിസോഡിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ചന്ദ്രയാന്‍-3 ചന്ദ്രനില്‍ ഇറങ്ങുന്നത് 80 ലക്ഷത്തിലധികം ആളുകള്‍ ഐഎസ്ആര്‍ഒയുടെ യൂട്യൂബ് ചാനലില്‍ കണ്ടുവെന്ന് മോദി പറഞ്ഞു. 'രാജ്യത്തിന്റെ വിജയം, നാട്ടുകാരുടെ വിജയം, അവരുടെ പ്രചോദനാത്മകമായ ജീവിതയാത്ര എന്നിവ എല്ലാവരുമായും പങ്കിടാന്‍ എനിക്ക് അവസരം ലഭിച്ചു'പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമായും രണ്ടുവിഷയങ്ങളില്‍ തനിക്ക് വളരെയധികം കത്തുകള്‍ ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഒന്ന്, ചന്ദ്രയാന്‍ -3 ന്റെ വിജയകരമായ ലാന്‍ഡിംഗ്, രണ്ടാമത്തേത്, ജി -20 ഉച്ചകോടി എന്നിവയായിരുന്നു അവ. 'ചന്ദ്രയാന്‍-3 മഹാക്വിസില്‍' പങ്കെടുക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കൂടാതെ, ജി 20 യൂണിവേഴ്‌സിറ്റി കണക്റ്റ് പ്രോഗ്രാമിനെക്കുറിച്ച് സംസാരിക്കവെ, അതില്‍ പങ്കെടുക്കാന്‍ കോളേജ് വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി മോദി അഭ്യര്‍ത്ഥിച്ചു. ഐഐടികള്‍, ഐഐടികള്‍, എന്‍ഐടികള്‍, മെഡിക്കല്‍ കോളേജുകള്‍ തുടങ്ങി നിരവധി പ്രശസ്ത സ്ഥാപനങ്ങളും ജി20 യൂണിവേഴ്‌സിറ്റി കണക്റ്റ് പ്രോഗ്രാമില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 26 ന് പരിപാടി നടക്കുമെന്നും ഈ പരിപാടിയില്‍ താനും പങ്കെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സെപ്റ്റംബര്‍ 27 ന് ലോക ടൂറിസം ദിനം ആഘോഷിക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയോടുള്ള ആകര്‍ഷണം വളരെയധികം വര്‍ധിച്ചുവെന്ന് മന്‍ കി ബാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.

'ഒരു ലക്ഷത്തിലധികം പ്രതിനിധികള്‍ ജി-20 യില്‍ ഇന്ത്യയിലെത്തി. വൈവിധ്യങ്ങള്‍, വ്യത്യസ്ത പാരമ്പര്യങ്ങള്‍, വ്യത്യസ്ത തരം പാചകരീതികള്‍, നമ്മുടെ പൈതൃകങ്ങള്‍ എന്നിവ അവര്‍ പരിചയപ്പെട്ടു'.

അടുത്തിടെ, ശാന്തിനികേതന്‍, കര്‍ണാടകയിലെ ഹൊയ്സാല ക്ഷേത്രങ്ങള്‍ എന്നിവ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ഇന്ത്യയിലെ മൊത്തം ലോക പൈതൃക സ്വത്തുക്കളുടെ എണ്ണം ഇപ്പോള്‍ 42 ആയി,' അദ്ദേഹം പറഞ്ഞു.

പുസ്തകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഉത്തരാഖണ്ഡിലെ 'ഘോഡ ലൈബ്രറി'യുടെ ശ്രമങ്ങളെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. 'ഏറ്റവും വിദൂര പ്രദേശങ്ങളില്‍ പോലും കുട്ടികളിലേക്ക് എത്തിച്ചേരുന്നതാണ് ഈ ലൈബ്രറിയുടെ ഏറ്റവും വലിയ സവിശേഷത. സേവനം തികച്ചും സൗജന്യമാണ്. ഇതുവരെ നൈനിറ്റാളിലെ 12 ഗ്രാമങ്ങള്‍ ഇതിലൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്'പ്രധാനമന്ത്രി പറഞ്ഞു.

ഉത്സവ സീസണില്‍ 'മെയ്ഡ് ഇന്‍ ഇന്ത്യ' ഉല്‍പ്പന്നങ്ങള്‍ വാങ്ങി സമ്മാനം നല്‍കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ആവേശത്തിന്റെയും ഉത്സാഹത്തിന്റെയും ഈ അന്തരീക്ഷത്തില്‍, വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന മന്ത്രവും നിങ്ങള്‍ ഓര്‍ക്കണം, മോദി പറഞ്ഞു.

Tags:    

Similar News