ഇന്ത്യ ജനാധിപത്യ രാഷ്ട്രം; വിവേചനമില്ലെന്ന് പ്രധാനമന്ത്രി

  • മനുഷ്യാവകാശമില്ലെങ്കില്‍ അവിടെ ജനാധിപത്യമില്ലെന്ന് മോദി
  • വിമര്‍ശകരെ നിശബ്ദരാക്കുന്നുഎന്ന ആരോപണം പ്രധാനമന്ത്രി നിഷേധിച്ചു
  • ഇന്ത്യയും യുഎസും പസ്പരം ബഹുമാനത്തോടെ മുന്നോട്ടുപോകുന്നതായി ബൈഡന്‍

Update: 2023-06-23 09:04 GMT

ഇന്ത്യയില്‍ യാതൊരുവിധത്തിലുള്ള വിവേചനവും ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചേര്‍ന്നുനടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മനുഷ്യാവകാശങ്ങള്‍, പത്രസ്വാതന്ത്ര്യം, വിവേചനം, ജനാധിപത്യം എന്നീ വിഷയങ്ങള്‍ പത്രസമ്മേളനത്തില്‍ കടന്നുവന്നിരുന്നു.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മാനുഷിക മൂല്യങ്ങളോ മനുഷ്യാവകാശങ്ങളോ മനുഷ്യത്വമോ ഇല്ലെങ്കില്‍ അവിടെ ജനാധിപത്യമില്ലെന്നും ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

'നാം ജനാധിപത്യത്തില്‍ ജീവിക്കുമ്പോള്‍ വിവേചനത്തിന് സ്ഥാനമില്ല. ഇന്ത്യയില്‍, ജാതി, പ്രായം, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു വിവേചനവുമില്ല, '' മോദി വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

ഇന്ത്യയിലെ വിമര്‍ശകരെ നിശബ്ദരാക്കുന്നതായും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചിരുന്നു. ആരോപണം പ്രധാനമന്ത്രി നിഷേധിച്ചിരുന്നു.

ഇന്ത്യയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഭരണഘടനാധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം താനും പ്രധാനമന്ത്രി മോദിയും ജനാധിപത്യമൂല്യങ്ങളെക്കുറിച്ച് മികച്ച ചര്‍ച്ചയാണ് നടത്തിയതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. 'അതാണ് ഞങ്ങളുടെ ബന്ധത്തിന്റെ സ്വഭാവം, ഞങ്ങള്‍ പരസ്പരം ബഹുമാനിച്ച് മുന്നോട്ടുപോകുന്നു' ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ ബൈഡന്‍ തുടക്കത്തില്‍ പത്രസ്വാതന്ത്ര്യം എന്ന വിഷയം പരാമര്‍ശിച്ചിരുന്നു. ഇന്ത്യയും യുഎസും അതിനെ വിലമതിക്കുന്നതായും പ്രസ്താവിച്ചിരുന്നു. നാം സ്വാതന്ത്രയത്തെ വിലമതിക്കേണ്ടതുണ്ട്. മനുഷ്യാവകാശങ്ങള്‍ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലും അവയുടെ ജനാധിപത്യമൂല്യങ്ങള്‍ ആഘോഷിക്കുകയും വേണ്ടതാണെന്നും ബൈഡന്‍ പറഞ്ഞു.

ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ്. മാധ്യമ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, സഹിഷ്ണുത, വൈവിധ്യം ഇവയാണ് നമ്മെ ഇപ്പോള്‍ ശക്തരാക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.

ഇരു രാജ്യങ്ങളും യോജിച്ച് ഭാവിയെ നേരിടുകയും തുടര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ സൗഹൃദം വളരുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. ഇതിനായി തുടര്‍പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. അതിന്റെ ഫലമാണ് മികച്ച പങ്കാളിത്തം.

ചൈനയുമായി ഉണ്ടായ സമീപകാല ഉരസലുകളെപ്പറ്റിയും ബൈഡന്‍ സംസാരിച്ചു. ഒരവസരത്തില്‍ അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെ സ്വേച്ഛാധിപതി എന്ന് വിശേഷിപ്പിച്ചിരുന്നു. ഈ പദപ്രയോഗം നിലവില്‍ ശത്രുതാമനോഭാവം പുലര്‍ത്തിവരുന്ന രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് വഴിയൊരുക്കി. എന്നാല്‍ മോദിയുമായി വേദി പങ്കിട്ട വാര്‍ത്താ സമ്മേളനത്തില്‍ അതിന് ഒരു തിരുത്തല്‍ കൊണ്ടുവരാനും ബൈഡന്‍ ശ്രമിച്ചു.

തങ്ങള്‍ക്ക് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായ ചില സംഭവങ്ങള്‍ ഉണ്ടായതായി യുഎസ് പ്രസിഡന്റ് പറഞ്ഞു. സമീപകാലത്തുതന്നെ ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്താനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ബെയ്ജിംഗിലേക്ക് നടത്തിയ യാത്ര ബൈഡന്‍ അനുസ്മരിച്ചു.

Tags:    

Similar News