ജി 20 ഉച്ചകോടിക്ക് സമാപനം; അധ്യക്ഷ പദവിയില്‍ ബ്രസീല്‍
- നവംബറില്‍ വിര്‍ച്വല്‍ സമ്മേളനം ചേരണമെന്ന് മോദി
- അസമത്വത്തെ തൊടാതെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ലെന്ന് ലുല
രണ്ടു ദിവസത്തെ ജി 20 ഉച്ചകോടിക്ക് ന്യൂഡെല്‍ഹിയില്‍ സമാപനം. ജി 20യുടെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഔദ്യോഗികമായി ബ്രസീലിന് കൈമാറി. ബ്രസീല്‍ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡിസില്‍വ ഈ വര്‍ഷം ഡിസംബര്‍1 ന് അധ്യക്ഷനായി ചുമതലയേല്‍ക്കും. ന്യൂഡെല്‍ഹി ഉച്ചകോടിയുടെ തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ഈ വര്‍ഷം നവംബറില്‍ ഒരു വിര്‍ച്വല്‍ സമ്മേളനം ചേരണമെന്ന നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ചു.
റഷ്യയുടെയും ചൈനയുടെയും പ്രസിഡന്‍റുമാര്‍ വിട്ടു നിന്ന ഉച്ചകോടിയില്‍ സംയുക്ത വിളംബരം സാധ്യമായേക്കില്ലെന്ന് ആശങ്ക നിലനിന്നിരുന്നു. യുക്രൈന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ റഷ്യക്കും പശ്ചാത്യ രാഷ്ട്രങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച പരാമര്‍ശത്തിലാണ് തര്‍ക്കം ഉടലെടുത്തത്. എന്നാല്‍ ഒരു ഖണ്ഡിക കൂടി വിളംബരത്തില്‍ കൂട്ടിച്ചേര്‍ത്ത് ഇന്ത്യ തര്‍ക്കം പരിഹരിക്കുകയായിരുന്നു.
ഇന്നു രാവിലെ ഉച്ചകോടിക്കെത്തിയ ലോക നേതാക്കള്‍ ഗുജറാത്തിലെ രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിയുടെ സ്‍മൃതി മണ്ഡപത്തില്‍ പ്രണാമം അര്‍പ്പിച്ചിരുന്നു. ഗാന്ധിയുടെ തത്വ ചിന്ത ഏറെക്കാലമായി തന്‍റെ രാഷ്ട്രീയത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും രാജ്ഘട്ടിലെത്തിയത് തന്നെ സംബന്ധിച്ച് ഏറെ വൈകാരികമായ നിമിഷമായിരുന്നു എന്നും ലുല ഡിസില്‍വ പ്രതികരിച്ചു.
ലോകത്തിന്‍റെ സമ്പത്തില്‍ ഏറിയ പങ്കും ഒരു ചെറിയ വിഭാഗം ആളുകളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും ഈ അസമത്വം പരിഹരിക്കപ്പെടാതെ പ്രശ്നങ്ങള്‍ക്ക് ശാശ്വത തീര്‍പ്പുണ്ടാകില്ലെന്നും ജി 20 അധ്യക്ഷ സ്ഥാനം സ്വീകരിച്ചുകൊണ്ട് ലുല പറഞ്ഞു. സമ്പത്തിന്‍റെയും അവസരങ്ങളുടെയും പ്രാതിനിധ്യത്തിന്‍റെയും ഭക്ഷ്യലഭ്യതയുടെയും അസമത്വം കുറയ്ക്കാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.