ഇലക്ടറല്‍ ബോണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിയെന്ന് നിര്‍മല സീതാരാമന്റെ ഭര്‍ത്താവ്
- സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങളെത്തുടര്‍ന്നാണ് ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്
- 2019 ഏപ്രില്‍ 12 നും 2024 ഫെബ്രുവരി 15 നും ഇടയില്‍ 6,986.5 കോടി രൂപയാണ് ബിജെപി ഇലക്ടറല്‍ ബോണ്ട് വഴി സ്വീകരിച്ചത്
- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 1,334 കോടി ലഭിച്ചു
ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവും പ്രമുഖ ധനകാര്യ വിദഗ്ധനുമായ പി. പ്രഭാകര്‍.
ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവാദം അതിന്റെ നിലവിലുള്ള അവസ്ഥയ്ക്കും അപ്പുറത്തേയ്ക്ക് ചര്‍ച്ചയായി വരുമെന്നും അത് ഇന്ത്യയിലെ അല്ല ലോകത്തിലെ തന്നെ വലിയ അഴിമതിയാണെന്നു പൊതുജനങ്ങള്‍ക്ക് മനസിലായി കൊണ്ടിരിക്കുകയാണെന്നും പ്രഭാകര്‍ പറഞ്ഞു. ഇതിന്റെ അനന്തരഫലം ഈ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിലെ പോരാട്ടം രണ്ട് സഖ്യങ്ങള്‍ തമ്മില്‍ അല്ല. ബിജെപിയും ഇന്ത്യയിലെ ജനങ്ങളും തമ്മിലാണ്. ഈ പ്രശ്‌നത്തിന്റെ പേരില്‍ ബിജെപിക്ക് വോട്ടര്‍മാര്‍ കടുത്ത ശിക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങളെത്തുടര്‍ന്നാണ് ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം, ഏറ്റവും കൂടുതല്‍ പണം ലഭിച്ചത് ബിജെപിക്കാണ്.
2019 ഏപ്രില്‍ 12 നും 2024 ഫെബ്രുവരി 15 നും ഇടയില്‍ 6,986.5 കോടി രൂപയാണ് ബിജെപി ഇലക്ടറല്‍ ബോണ്ട് വഴി സ്വീകരിച്ചത്.
പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് 1,397 കോടിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 1,334 കോടിയും ഭാരത് രാഷ്ട്ര സമിതിക്ക് (ബിആര്‍എസ്) 1,322 കോടിയും ലഭിച്ചു.