തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍; കര്‍ണാടകത്തിന് 50,000 കോടി കണ്ടെത്തണം

  • ഫണ്ട് കണ്ടെത്തുക വെല്ലുവിളിയാകും
  • ഘട്ടം ഘട്ടമായി നടപ്പാക്കുക ആരോഗ്യകരമായ പോംവഴിയെന്ന് വിദഗ്ധര്‍
  • വളര്‍ച്ചാനിരക്കിനെ ദോഷകരമായി ബാധിച്ചേക്കാം

Update: 2023-05-16 14:32 GMT

കര്‍ണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് 50,000 കോടി രൂപയോളം കണ്ടെത്തേണ്ടിവരും. മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് അത് നിലനിര്‍ത്താനും ജന മനസുകളില്‍ സ്ഥിരപ്രതിഷ്ഠ നേടാനും വാഗ്ദാനങ്ങള്‍ പാലിച്ചേ മതിയാകു.

കാരണം അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഇപ്പോള്‍ കൈവന്ന മേല്‍ക്കൈ കൈവിട്ടുകളയാന്‍ നേതാക്കളാരും തയ്യാറാകില്ല.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എല്ലാ പാര്‍ട്ടികളും സൗജന്യങ്ങള്‍ പ്രഖ്യാപിക്കുക പതിവാണ്. ഇക്കുറിയും അതിന് തടസമുണ്ടായില്ല.കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാന്‍ എങ്ങനെ ഫണ്ട് കണ്ടെത്തും എന്നത് പുതിയ സര്‍ക്കാരിന് ഒരു തലവേദന ആയിരിക്കും.

ഈ വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയം ഊര്‍ജം പകര്‍ന്നിട്ടുണ്ട്.

ഈ വിജയ തരംഗം നിലനിര്‍ത്തി പൊതു തെരഞ്ഞെടുപ്പിനെ സമീപിക്കുക എന്നതാകും കോണ്‍ഗ്രസ് തന്ത്രം. അതിനായി കര്‍ണാടകയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുകതന്നെ വേണം.

എന്നാല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാനുള്ള തുക കണ്ടെത്തുന്നതിനുള്ള കണക്കുകള്‍ കൃത്യമാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ ആശങ്ക ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ പറയുന്നു.

രാജ്യത്ത് വളരെ വേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായ കര്‍ണാടകത്തില്‍ അനായാസം വാഗ്ദാനങ്ങള്‍ പാലിക്കാനാകുമെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

ജിഡിപി വളര്‍ച്ചാനിരക്കില്‍ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന പ്രകടനമാണ് കര്‍ണാടക കാഴ്ചവെക്കുന്നത്. 2022-23 ല്‍ 7.9 ശതമാനം വളര്‍ച്ചാ നിരക്കാണ് സംസ്ഥാനം പ്രതിക്ഷിക്കുന്നത്. അടുത്തതായി 50,000കോടി എന്ന കണക്കിന് പൊതു സ്വീകാര്യത ലഭിക്കുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ കാരണം ഖജനാവില്‍ 51,150 കോടി രൂപയുടെ കുറവ് സംഭവിക്കുമെന്ന് ബിജെപി നേതാക്കള്‍ പോലും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇവിടെയാണ് വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നത് എത്രത്തോളം ശരിയാകുമെന്ന വാദം ഉയരുന്നത്.

സംസ്ഥാന മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ അംഗീകാരം നല്‍കുമെന്ന് വ്യക്തമാക്കി വോട്ടര്‍മാര്‍ക്ക് അഞ്ച് ഉറപ്പുകളാണ് നല്‍കിയിട്ടുള്ളത്. എല്ലാ വീടുകളിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും എന്നതാണ് ആദ്യത്തേത്.

രണ്ടാമതായി, തൊഴിലില്ലാത്ത ബിരുദധാരികള്‍ക്കും ഡിപ്ലോമ ഹോള്‍ഡര്‍മാര്‍ക്കും രണ്ട് വര്‍ഷത്തേക്ക് യഥാക്രമം 3,000 രൂപയും പ്രതിമാസം 1,500 രൂപയും തൊഴിലില്ലായ്മ ആനുകൂല്യം ലഭിക്കും. കുടുംബനാഥയായ സ്ത്രീക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോഗ്രാം സൗജന്യ ഭക്ഷ്യധാന്യം നല്‍കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു. അവസാനമായി, സാധാരണ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

ഈ കാര്യങ്ങള്‍ നടപ്പാക്കണമെങ്കില്‍ 2022-23ല്‍ സംസ്ഥാനത്തിന്റെ ജിഡിപിയുടെ 2.2 ശതമാനം നീക്കിവെക്കേണ്ടിവരും. സാമൂഹിക സുരക്ഷാ നടപടികളില്‍ ഊന്നല്‍ നല്‍കുന്നത് പ്രശംസനീയമാണെങ്കിലും അവയ്ക്ക് തുക കണ്ടെത്തുന്നത് കനത്ത വെല്ലുവിളിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഭക്ഷ്യ സുരക്ഷ, സാമൂഹിക സുരക്ഷ, സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയില്‍ ഊന്നല്‍ നല്‍കുന്നത് വളരെ നിര്‍ണായകമാണ്.

എന്നാല്‍ അതുകൊണ്ടുണ്ടാകുന്ന ധനക്കമ്മി എങ്ങനെ നികത്തുന്നു എന്നത് വളരെ പ്രസക്തമാണ്. ഇതിനുപുറമേ ആവശ്യമായ മറ്റു സേവനങ്ങളും നല്‍കേണ്ടതുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സഹായം ആവശ്യമാണ്.

ഇക്കാര്യത്തിലുള്ള സാമ്പത്തികമായ കണക്കുകളെക്കുറിച്ച് പാര്‍ട്ടി വളരെ ആഴത്തില്‍ ചിന്തിച്ചിരുന്നു എന്നും അവ നടപ്പാക്കാനാകുമെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചു പറയുന്നു.

കര്‍ണാടക മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയരാജിന് ഇക്കാര്യത്തില്‍ അത്ര ഉറപ്പില്ല. വാഗ്ദാനങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കുക എന്നതായിരുന്നു കോണ്‍ഗ്രസിന് സ്വീകരിക്കാവുന്ന വഴിയെന്ന് വിദഗ്ധര്‍ പറയുന്നു.

അതേസമയം, പുതിയ സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തേണ്ടതുണ്ട്.

കര്‍ണാടകയുടെ സാമ്പത്തിക ആരോഗ്യ സ്ഥിതി ഇന്ന് മികച്ചതാണ്. എന്നാല്‍ സൗജന്യങ്ങള്‍ക്കായി പണം ചെലവാക്കുമ്പോള്‍ നിലവിലുള്ള സ്ഥിതിയില്‍ മാറ്റം വരും. ഇത് കരുതിയുള്ള നിക്കമായിരിക്കണം പുതിയ സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത് എന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News