മോദിയുടെ വികസിത് ഭാരത് വാട്സ്ആപ്പ് സന്ദേശം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ
- മോദിയുടെ വാട്സാപ്പിലയക്കുന്ന സന്ദേശം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ.
- വികസിത് ഭാരത് സന്ദേശമാണ് തടഞ്ഞത്.
- പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദിയുടെ വാട്സാപ്പിലയക്കുന്ന സന്ദേശം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ. വികസിത് ഭാരത് സന്ദേശമാണ് തടഞ്ഞത്.പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രധാനമന്ത്രി നേരിട്ട് വോട്ട് തേടുന്ന സന്ദേശമായിരുന്നു ഇലക്ട്രോണിക് മന്ത്രാലയം അയച്ചിരുന്നത്. തൃണമുല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമെന്നായിരുന്നു ടിഎംസിയുടെ വാദം. മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ടിഎംസി ഐടി മന്ത്രാലയത്തെയും സമീപിച്ചിരുന്നു. തനിക്ക് വാട്സാപ്പില്‍ ലഭിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണെന്നും സർക്കാരിന് എങ്ങനെ തന്‍റെ നമ്പര്‍ ലഭിച്ചുവെന്ന് പറയണമെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിലായിരുന്നു വികസിത ഭാരതം എന്ന തലക്കെട്ടില്‍ മോദിയുടെ കത്ത് വാട്സാപ്പില്‍ ലക്ഷങ്ങള്‍ക്ക് ലഭിച്ചത്. വിദേശത്തുള്ള പൗരന്മാര്‍ക്കടക്കം കൂട്ടസന്ദേശമെത്തിയത് വ്യക്തിവിവര സുരക്ഷാപ്രശ്നവും ഉയര്‍ന്നിരുന്നു.