ചെറുകിട കര്‍ഷകര്‍ക്കു ധനസഹായം കൂട്ടാന്‍ നീക്കം

  • നേരിട്ടുള്ള ധനസഹായം 8000 ആയി ഉയര്‍ത്താനാണ് സാധ്യത
  • തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കമെന്ന് വിലയിരുത്തല്‍
  • ഇന്ത്യയില്‍ കര്‍ഷകര്‍ പ്രധാന വോട്ടുബാങ്ക്

Update: 2023-10-11 05:46 GMT

ചെറുകിട കര്‍ഷകര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പിഎം കിസാന്‍ പദ്ധതി വഴി ചെറുകിട കര്‍ഷകര്‍ക്ക് ഇപ്പോള്‍ നേരിട്ട് നല്‍കിവരുന്ന 6,000 രൂപയുടെ ധനസഹായം ഇത് 8,000 രൂപയായി ഉയര്‍ത്താനുള്ള വഴികള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണ്. ഉടനേ  തീരുമാനമുണ്ടായേക്കും.

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് തീരുമാനമെന്ന് ബ്ലൂംബെര്‍ഗ് വിലയിരുത്തുന്നു.

പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന് 20,000 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടാകും. നിലവില്‍   കർഷകർക്ക്  ആറായിരം രൂപ നല്‍കുന്ന  പിഎം കിസാന്‍ പദ്ധതിക്ക്  60,000 കോടി രൂപയാണ് ബജറ്റില്‍ സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ധനമന്ത്രാലയ വക്താവ് വിസമ്മതിച്ചു.

ഇന്ത്യയിലെ 140കോടി ജനങ്ങളില്‍ 65  ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് താമസിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാരിന് കര്‍ഷകര്‍ ഒരു നിര്‍ണായക വോട്ടിംഗ് ബ്ലോക്കാണ്. അദ്ദേഹം  ജനപ്രിയ നേതാവായി തുടരുമ്പോഴും   തൊഴിലില്ലായ്മയും മറ്റ് പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വെല്ലുവിളി ഉയര്‍ത്തിയേക്കാം.

അരി കയറ്റുമതി നിരോധനം പോലെയുള്ള പണപ്പെരുപ്പ നിയന്ത്രണ നടപടികള്‍ ഗ്രാമീണ വരുമാനം തടഞ്ഞതിന് ശേഷം കര്‍ഷകരുടെ വരുമാനം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ദുര്‍ബലമായ മണ്‍സൂണ്‍ മഴയും രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രധാന വിളകളുടെ ഈ വര്‍ഷത്തെ വിളവെടുപ്പിന് ഭീഷണിയായി.

2018 ഡിസംബറില്‍ സബ്സിഡി പ്രോഗ്രാം ആരംഭിച്ചതുമുതല്‍, മോദിയുടെ സര്‍ക്കാര്‍ 110 ദശലക്ഷം ഗുണഭോക്താക്കള്‍ക്കായി  2.42 ലക്ഷം കോടി രൂപ നല്‍കിയിട്ടുണ്ട്.

ഡയറക്ട് ക്യാഷ് ട്രാന്‍സ്ഫര്‍ പ്രോഗ്രാമിന് കീഴില്‍ കൂടുതല്‍ കര്‍ഷകരെ ഉള്‍പ്പെടുത്തുന്നതിനായി  നിയമങ്ങളില്‍ ഇളവ് വരുത്തുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഈ നിര്‍ദേശങ്ങളില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ദരിദ്ര കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി സര്‍ക്കാര്‍ മറ്റ് നടപടികളും സ്വീകരിക്കുന്നു. അതായത് സൗജന്യ ധാന്യ പദ്ധതി അടുത്ത വര്‍ഷത്തേക്ക് നീട്ടുക, ചെറിയ നഗര ഭവനങ്ങള്‍ക്ക് സബ്സിഡിയുള്ള വായ്പകള്‍ പരിഗണിക്കുക തുടങ്ങിയവ. പാചകവാതകത്തിന്റെ സബ്സിഡി ൧൦൦ രൂപ കണ്ടു  വര്‍ധിപ്പിക്കാന്‍ കഴിഞ്ഞയാഴ്ച മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

Tags:    

Similar News