ജി 20 -യില്‍ നിന്ന് ചൈനീസ് പ്രസിഡന്‍റും വിട്ടുനിന്നേക്കും
- ചൈനയെ പ്രതിനിധികരിച്ച് പ്രധാനമന്ത്രി ലി ക്വിയാങ് എത്തും
- നേരത്തേ റഷ്യന്‍ പ്രസിഡന്‍റും ജി 20-ക്ക് എത്തില്ലെന്ന് അറിയിച്ചിരുന്നു
ഇന്ത്യയില്‍ നടക്കുന്ന ജി 20 സമ്മേളനത്തില്‍ നിന്നു ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിംഗ് വിട്ടുനിന്നേക്കുമെന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയിലും മറ്റൊരു വിദേശ രാഷ്ട്രത്തിലുമുള്ള ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. ചൈനയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലി ക്വിയാങ് ഉച്ചകോടിക്ക് എത്തുമെന്നാണ് വിവരം.
നേരത്തേ റഷ്യന്‍ പ്രധാനമന്ത്രി വ്ളാദിമര്‍ പുടിനും ഇത്തവണത്തെ ജി 20 ഉച്ചകോടിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. യുക്രൈയ്ന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍ പശ്ചാത്യ രാഷ്ട്രങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് റഷ്യ നേരിടുന്ന സാഹചര്യത്തിലാണ് പുടിന്‍റെ വിട്ടുനിക്കല്‍.
ജി 20 ഉച്ചകോടിയിലെ തന്‍റെ സാന്നിധ്യം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇതിനകം ഉറപ്പിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളുടെ ഭരണ സാരഥികള്‍ പരസ്പരം ഇടപഴകാനുള്ള അവസരമായി ഡെല്‍ഹി ഉച്ചകോടി മാറുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഉഭയകക്ഷി ബന്ധത്തിലും വ്യാപാര ബന്ധത്തിലും യുഎസിനും ചൈനയ്ക്കും ഇടയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പുതിയ ചുവടുവെപ്പാകും ഇത് എന്ന് വിലയിരുത്തപ്പെട്ടു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രമുഖ യുഎസ് ഉദ്യോഗസ്ഥർ ബെയ്ജിംഗിലേക്ക് തുടർച്ചയായി നടത്തുന്ന സന്ദർശനങ്ങള്‍ ഷി ജിൻപിംഗും ജോ ബൈഡനും തമ്മില്‍ അടുത്തു തന്നെ കൂടിക്കാഴ്ച നടത്തുന്നതിനുള്ള സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ട്.
ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ബെയ്ജിംഗ് ശ്രമിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ചില ഉല്‍പ്പന്നങ്ങള്‍ക്ക് ഇതിന്‍റെ ഭാഗമായി ഇളവ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അരുണാചല്‍ പ്രദേശിനെ തങ്ങളുടെ മേഖലയായി രേഖപ്പെടുത്തുന്ന ഭൂപടം ചൈന പുറത്തുവിട്ടത് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയുടെ എതിര്‍പ്പിന് വഴിവച്ചു.