സൈന്യത്തെ ആക്ഷേപിച്ചു; ചൈനയില്‍ മാധ്യമസ്ഥാപനത്തിന് മേല്‍ രണ്ട് ദശലക്ഷം ഡോളര്‍ പിഴ

  • സൈന്യത്തെ പ്രശംസിക്കാന്‍ പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉപയോഗിച്ച വാക്യമാണ് കോമഡി ഷോയില്‍ ഉപയോഗിച്ചത്.
  • ഷോ വിവാദമായതിനെ തുടര്‍ന്ന് സാംസ്‌കാരിക വകുപ്പ് അധികൃതര്‍ രംഗത്തുവന്നു
  • സംഭവത്തില്‍ കൊമേഡിയന്‍ ലി ഖേദം പ്രകടിപ്പിച്ചു

Update: 2023-05-17 12:06 GMT

ലോകത്തിലെ ഏറ്റവും ചെലവേറിയ തമാശ രൂപമെടുത്തിരിക്കുകയാണ് ചൈനയില്‍. ഒരു തമാശ പറഞ്ഞതിന്റെ പേരില്‍ 2.13 ദശലക്ഷം ഡോളറാണ് എന്റര്‍ടെയ്ന്‍മെന്റ് സ്ഥാപനമായ ഷാങ്ഹായ് സിയാവുവോ കള്‍ച്ചര്‍ മീഡിയയ്ക്കു ചൈനയുടെ സാംസ്‌കാരിക-ടൂറിസം ബ്യൂറോ മന്ത്രാലയത്തിന്റെ ബീജിംഗ് വിഭാഗം പിഴ ചുമത്തിയത്. ചൈനയിലെ ഏറ്റവും വലിയ സ്റ്റാന്‍ഡ് ആപ്പ് കോമഡി ഷോ പ്രൊഡ്യൂസര്‍മാരാണ് ഷാങ്ഹായ് സിയാവുവോ കള്‍ച്ചര്‍ മീഡിയ.

ഹൗസ് (House) എന്നത് ചൈനയിലെ ഒരു നാടകവേദിയാണ്. ഈ പേരിലാണ് ലി ഹാവോഷി എന്ന കൊമേഡിയന്‍ അറിയപ്പെടുന്നതും. അദ്ദേഹം കഴിഞ്ഞ ശനിയാഴ്ച ബീജിംഗിലെ സെഞ്ച്വറി തിയേറ്ററില്‍ അവതരിപ്പിച്ച ഷോയില്‍ സൈന്യത്തെ അധിക്ഷേപിച്ചതായും അതിലൂടെ നിയമങ്ങള്‍ ലംഘിച്ചെന്നുമാണു അധികൃതര്‍ ആരോപിച്ചത്.

ഷോയില്‍, ഒരു ദിവസം താന്‍ ദത്തെടുത്ത രണ്ട് തെരുവ് നായ്ക്കള്‍ ഒരു അണ്ണാനെ പിന്തുടര്‍ന്നെന്നും അപ്പോള്‍ ചില വാക്കുകള്‍ തന്നെ ഓര്‍മിപ്പിച്ചുവെന്നും ലി പറഞ്ഞു.

' ഒരു നല്ല പ്രവര്‍ത്തന ശൈലി ഉണ്ടായിരിക്കുക, യുദ്ധങ്ങളില്‍ പോരാടാനും വിജയിക്കാനും സാധിക്കട്ടെ ' (have a good work style, be able to fight and win battles). ഇതായിരുന്നു ആ വാക്കുകള്‍.

ഇതാകട്ടെ 2013-ല്‍ ചൈനീസ് സൈന്യത്തെ പ്രശംസിക്കാന്‍ പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉപയോഗിച്ച മുദ്രാവാക്യമായിരുന്നു.

ഷോ വിവാദമായതിനെ തുടര്‍ന്ന് സാംസ്‌കാരിക വകുപ്പ് അധികൃതര്‍ രംഗത്തുവന്നു.

' ചൈനീസ് തലസ്ഥാനത്തെ ഒരു വേദിയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ മഹത്തായ പ്രതിച്ഛായയെ വെറുതെ അപകീര്‍ത്തിപ്പെടുത്താന്‍ ഞങ്ങള്‍ ഒരു കമ്പനിയെയും വ്യക്തിയെയും അനുവദിക്കില്ല. സൈനികരോടുള്ള ജനങ്ങളുടെ ആഴമായ വികാരങ്ങളെ വ്രണപ്പെടുത്താനും അനുവദിക്കില്ല. ഗൗരവമുള്ള വിഷയങ്ങള്‍ ഒരു വിനോദമാക്കി മാറ്റാനും ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല ' സാംസ്‌കാരിക വകുപ്പ് പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു.

ലിയുമായി ഷാങ്ഹായ് സിയാവുവോ കള്‍ച്ചര്‍ മീഡിയയ്ക്കു കരാറുണ്ടായിരുന്നു. എന്നാല്‍ ലിയുടെ ഷോ വിവാദമായ പശ്ചാത്തലത്തില്‍ കരാര്‍ റദ്ദാക്കി.

സംഭവത്തില്‍ ലി ഖേദം പ്രകടിപ്പിച്ച് രംഗത്തുവരികയും ചെയ്തു. ചൈനയിലെ ട്വിറ്ററെന്ന് അറിയപ്പെടുന്ന വെയ്‌ബോ എന്ന നവമാധ്യമത്തില്‍ അദ്ദേഹത്തിന് 1,36,000 ഫോളോവേഴ്‌സുണ്ട്. വിവാദത്തെ തുടര്‍ന്ന് വെയ്‌ബോയില്‍ ലി ക്ഷമാപണം നടത്തി.

Tags:    

Similar News