ഇന്ത്യ-കാനഡ നയതന്ത്രയുദ്ധം; നാറ്റോ സഖ്യത്തിനും തലവേദന

  • നാറ്റോ സഖ്യത്തിന് ആരെ പിന്തുണച്ചാലും, ഒഴിവാക്കിയാലും പ്രതിസന്ധിയുണ്ടായേക്കാം
  • ഇന്ത്യയുമായി ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാനുള്ള ശ്രമത്തിനിടെയാണ് നയതന്ത്ര സംഘര്‍ഷം
  • പ്രശ്‌നം യുഎന്നില്‍ എത്തിക്കുമെന്ന മുന്നറിയിപ്പുമായി കാനഡ

Update: 2023-09-20 06:48 GMT

ഇന്ത്യ-കാനഡ നയന്ത്ര ബന്ധം വഷളാകുന്നത് നാറ്റോ സഖ്യത്തിന് തലവേദനയാകുന്നു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഇന്ത്യക്കെതിരായ ആരോപണത്തെ  പിന്തുണക്കണോ അതോ ന്യൂഡെല്‍ഹിക്കനുകൂലമായ നിലപാട് സ്വീകരിക്കണമോ എന്നത് യുഎസിനെ സംബന്ധിച്ചിടത്തോളം പ്രതിസന്ധി തീര്‍ക്കുന്നു.

ഒരു രാജ്യം എല്ലാരീതിയിലും അടുത്ത പങ്കാളി, മറ്റൊരു രാജ്യം നാറ്റോ അംഗ രാജ്യം. ഇതില്‍ ആരെ പിന്തുണച്ചാലും പ്രശ്‌നമാകും. ഒഴിവാക്കിയാലും പ്രതിസന്ധി രൂപപ്പെടും. അത് സൈനികമായും സാമ്പത്തികമായും സാമൂഹ്യമായും വിള്ളലുണ്ടാക്കും.

സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തില്‍ യുഎസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയെ പരസ്യമായി അപലപിക്കുന്നതില്‍ നിന്നും കാനഡയുടെ സഖ്യകക്ഷികള്‍ വിട്ടുനില്‍ക്കുന്നു.  കാനഡക്ക് അതൃപ്തിയുണ്ടാക്കാതെ ഉള്ള നിലപാടാണ് പലരും സ്വീകരിച്ചുവരുന്നത്.

ദക്ഷിണേഷ്യയിലെ പ്രധാന രാജ്യമായ ഇന്ത്യയുമായി കൂടുതല്‍ ആഴത്തില്‍ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ ബൈഡന്‍ ഭരണകൂടവും സഖ്യകക്ഷികളും ശ്രമിച്ചു വരുന്നതിനിടെയാണ് ഈ നയതന്ത്ര പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. ജി20 ഉച്ചകോടിക്കുമുമ്പുള്ള ആഴ്ചകളില്‍ നടന്ന യോഗങ്ങളില്‍ നിജ്ജാറിന്റെ മരണം ചര്‍ച്ചയായിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൗരവമായാണ് കണക്കിലെടുത്തത്. ട്രൂഡോയ്ക്ക് ഇന്ത്യയില്‍ ലഭിച്ച തണുത്ത സ്വീകരണം ഈ വിഷയവുമായി ബന്ധപ്പെട്ടതാണെന്നും സൂചനയുണ്ട്. എന്നാല്‍ ഉച്ചകോടിയില്‍ നിജ്ജാര്‍ പരാമര്‍ശവിഷയമായില്ല.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പാര്‍ലമെന്റില്‍ നടത്തിയ ആരോപണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും മുതിര്‍ന്ന നയതന്ത്രജ്ഞരെ പരസ്പരം പുറത്താക്കുകയും ചെയ്തു. കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ കേസ് പരിശോധിക്കുകയാണെന്നും ട്രൂഡോ പറഞ്ഞിരുന്നു. കാനഡയുടെ ആരോപണം ഇന്ത്യ തള്ളിക്കളഞ്ഞു.

എന്നാല്‍ കാനഡ പ്രകോപനമുണ്ടാക്കാനോ സാഹചര്യം വഷളാക്കാനോ ശ്രമിക്കുന്നില്ലെന്ന് ട്രൂഡോ ഊന്നിപ്പറയുകയും ചെയ്യുന്നു. നിജ്ജാറിനെ 2020 ല്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ആക്രമണങ്ങളെ പിന്തുണച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്.

സിഖ്‌സമുദായങ്ങള്‍ കൂടുതലുള്ള രാജ്യങ്ങള്‍

കാനഡ, ഓസ്ട്രേലിയ, ബ്രിട്ടന്‍, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ സിഖ് സമുദായങ്ങള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ ട്രൂഡോയുടെ ആരോപണം പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇക്കാര്യം വിലയിരുത്തിയുള്ള പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്ന് ഇന്ത്യ വിശ്വസിക്കുന്നു. ഈ രാജ്യങ്ങളിലെ ഖാലിസ്ഥാന്‍ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇതില്‍ കാനഡ ഇന്ത്യയുടെ നിര്‍ദ്ദേശങ്ങളോട് തീരെ സഹകരിച്ചിരുന്നില്ല.കാനഡയ്ക്ക് പുറമേ ലണ്ടനിലും സാന്‍ ഫ്രാന്‍സിസ്‌കോയിലും ഖാലിസ്ഥാന്‍ അനുകൂല പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യയുമായുള്ള അവരുടെ വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഈ നയതന്ത്ര വിവാദം ചുരുളഴിയുന്നത്. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന വിഷയം ട്രൂഡോ പ്രസിഡന്റ് ബൈഡനോടും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനോടും ഉന്നയിച്ചതായി കാനഡയുടെ വിദേശകാര്യ മന്ത്രി മെലാനി ജോളി പ്രസ്താവിച്ചു.ഇതിന് പ്രതികരണമായി വിഷയത്തില്‍ യുഎസ് ഉത്കണ്ഠ പ്രകടിപ്പിച്ചു. കാനഡയുടെ അന്വേഷണത്തിന്റെയും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന്റെയും പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ഓസ്ട്രേലിയയും ഉന്നതതലങ്ങളില്‍ ഇന്ത്യയോട് വിഷയം ഉന്നയിച്ചിട്ടുണ്ട്.

ഉഭയകക്ഷി വ്യാപാര ബന്ധം

നയതന്ത്രബന്ധം വഷളായതിനെത്തുടര്‍ന്ന് ഇന്ത്യ-കാനഡ സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചിരുന്നു. കൂടാതെ ഇരു രാജ്യങ്ങളുടെ തമ്മിലുള്ള വ്യാപാര ബന്ധത്തെ ഈ പ്രശ്‌നം ബാധിക്കയില്ലെന്ന് കരുതുന്നതായി മേഖലയിലെ വിദഗ്ധര്‍ പറഞ്ഞു.

ഇന്‍വെസ്റ്റ് ഇന്ത്യ പറയുന്നതനുസരിച്ച്, 2000 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെ ഏകദേശം 3,306 ദശലക്ഷം ഡോളറാണ് ഇന്ത്യയിലുള്ള കാനഡയുടെ നിക്ഷേപം. ഇന്ത്യയിലെ 18-ാമത്തെ വലിയ  നേരിട്ടുള്ള  വിദേശ നിക്ഷേപകരാണ്  കാനഡ. അവരുടെ നിക്ഷേപം ഇന്ത്യയിലേക്കുള്ള മൊത്തം എഫ്ഡിഐയുടെ (നേരിട്ടുള്ള വിദേശ നിക്ഷേപം) 0.5 ശതമാനമാണ്. 2022-ല്‍ ഇന്ത്യ കാനഡയുടെ ഒമ്പതാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു.  600-ലധികം കനേഡിയന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ സാന്നിധ്യമുണ്ടെന്ന്  ഇന്‍വെസ്റ്റ് ഇന്ത്യ പറയുന്നു.

വാണിജ്യ മന്ത്രാലയത്തില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം, കാനഡയിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതി 2022 -23 സാമ്പത്തിക വര്‍ഷത്തില്‍ 4,109.74 ദശലക്ഷം ഡോളറായിരുന്നു. മറിച്ച് കാനഡയില്‍ നിന്നുള്ള ഇന്ത്യയുടെ മൊത്തം ഇറക്കുമതി 4,051.29 ദശലക്ഷം ഡോളറിന്റേതായിരുന്നു. ഇത് ഈ വര്‍ഷത്തെ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 0.6 ശതമാനമാണ്.  അതിനാല്‍ വ്യാപാര-നിക്ഷേപ രംഗത്ത് ഗുരുതര പ്രത്യാഘാതം ഉണ്ടാകാനിടയില്ല.

കാനഡ വിസ ലഭ്യത

നയതന്ത്ര പിരിമുറുക്കങ്ങള്‍ വര്‍ധിച്ചാല്‍ അത് ഇന്ത്യാക്കാര്‍ക്കുള്ള കാനഡയുടെ വിസ ലഭ്യതയെ ബാധിക്കുമോ എന്നകാര്യവും ആശങ്കയായി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ സ്റ്റുഡന്റ് വിസ സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ കാനഡയിലുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് താമസസൗകര്യം ലഭിക്കുന്നില്ല എന്നത് വലിയ പരാതിയാണ്. വീടുകള്‍ക്ക് വലിയ വാടക ഈടാക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവുന്നില്ല. ഇത് പരിഹരിക്കപ്പെടുമെന്ന് അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാ വര്‍ഷവും കാനഡയിലേക്ക് കുടിയേറുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ 40 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. കാനഡയ്ക്ക് അത്തരമൊരു ഗണ്യമായ വരുമാന സ്രോതസ്സ് അവഗണിക്കാനാവില്ല എന്നതും വസ്തുതയാണ്.

Tags:    

Similar News