പര്‍പ്പിള്‍ ലൈന്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു
- ബൈയപ്പനഹള്ളി-കെആര്‍ പുര, കെങ്കേരി-ചല്ലഗട്ട സെക്ഷനുകളാണ് തുറന്നുകൊടുത്തത്
- വൈറ്റ്ഫീല്‍ഡ് -ചല്ലഗട്ട ലൈനിന്റെ ഭാഗമാണ് ഈ കോറിഡോറുകള്‍
ബെംഗളൂരു മെട്രോയുടെ പര്‍പ്പിള്‍ ലൈനിൽ സർവീസുകൾ ആരംഭിച്ചു. 2.1 കിലോമീറ്റര്‍ ബൈയപ്പനഹള്ളി-കെആര്‍ പുര, 2.05 കിലോമീറ്റര്‍ കെങ്കേരി-ചല്ലഗട്ട സെക്ഷനുകളാണ് സർവീസിനായി തുറന്നുകൊടുത്തത്. കിഴക്ക് വൈറ്റ്ഫീല്‍ഡ് മുതല്‍ പടിഞ്ഞാറ് ചല്ലഗട്ട വരെ 42.85 കിലോമീറ്റര്‍ നീളമുള്ള പര്‍പ്പിള്‍ ലൈനിന്റെ ഭാഗമാണ് ഈ കോറിഡോറുകള്‍. ഈ രണ്ട് റീച്ചുകളിലും സർവീസുകൾ ആരംഭിക്കണമെന്നുള്ളത് ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു.
എല്ലാ ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്നും രാവിലെ 5 മണിക്ക് സര്‍വീസ് ആരംഭിക്കുമെന്ന് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചു. വൈറ്റ്ഫീല്‍ഡില്‍ നിന്ന് (കടുഗോഡി) അവസാന ട്രെയിന്‍ രാത്രി 10.45 നും മറ്റ് ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് രാത്രി 11.05 നും ആകും പുറപ്പെടുക.
വൈറ്റ്ഫീല്‍ഡ് (കടുഗോഡി) മുതല്‍ ചല്ലഗട്ട വരെയുള്ള മെട്രോ യാത്രയ്ക്ക് ഏകദേശം 82 മിനിറ്റ് എടുക്കും. 37 മെട്രോ സ്റ്റേഷനുകൾ ഈ പാതയിലുണ്ട്. .
ബിഎംആര്‍സിഎല്‍ പറയുന്നതനുസരിച്ച്, ഈസ്റ്റ്-വെസ്റ്റ് ഇടനാഴിയില്‍ വൈറ്റ്ഫീല്‍ഡ് (കടുഗോഡി) മുതല്‍ പാടന്തൂര്‍ അഗ്രഹാര (10 മിനിറ്റ്), പാടന്തൂര്‍ അഗ്രഹാര മുതല്‍ മൈസൂര്‍ റോഡ് (5 മിനിറ്റ്), കെമ്പഗൗഡ സ്റ്റേഷന്‍ - മജസ്റ്റിക് മുതല്‍ എംജി റോഡ് വരെ (3 മിനിറ്റ്), മൈസൂര്‍ റോഡ് മുതല്‍ ചല്ലഗട്ട വരെ (10 മിനിറ്റ്)ആയിരിക്കും യാത്രക്ക് എടുക്കുക. ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ച്, തിരക്കില്ലാത്ത സമയങ്ങളില്‍, ട്രെയിന്‍ 8-10 മിനിറ്റ് ഇടവേളകളിൽ സര്‍വീസ് നടത്തും. എന്നാല്‍ പുലർച്ചെ 15 മിനിട്ടായിരിക്കും സര്‍വീസുകളുടെ ഇടവേള. .
വൈറ്റ്ഫീല്‍ഡ് (കടുഗോഡി) മുതല്‍ ചല്ലഗട്ട വരെയുള്ള മെട്രോ ട്രെയിന്‍ യാത്രയ്ക്ക് 57 മുതല്‍ 60 രൂപ വരെ ചിലവ് വരുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ 66 മെട്രോ സ്റ്റേഷനുകളോടെ ബിഎംആര്‍സിഎല്ലിന്റെ പ്രവര്‍ത്തന ശൃംഖല 69.66 കിലോമീറ്ററില്‍ നിന്ന് 73.81 കിലോമീറ്ററായി ഉയര്‍ന്നു.