ബാംഗ്ലൂര്‍ മെട്രോ; യെലോ ലൈന്‍ ഫെബ്രുവരിയില്‍
- നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകും
- ലൈന്‍ ബൊമ്മസാന്ദ്രയെ തിരക്കേറിയ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് പ്രദേശവുമായി ബന്ധിപ്പിക്കും
ബെംഗളൂരുവിലെ യെലോ ലൈനും വൈകാതെ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് അവിടെനിന്നും വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നമ്മ മെട്രോയുടെ മഞ്ഞ ലൈന്‍ അടുത്ത വര്‍ഷം ഫെബ്രുവരിയോടെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് രാഷ്ട്രീയ നേതൃത്വ൦ പറയുന്നു. ഇതിന് ഇനിയും ഔദ്യോഗിക സ്ഥിരീകരണം ലഭിക്കേറ്റതുണ്ട് .
ഇപ്പോൾ സർവീസ് നടത്തുന്ന പര്‍പ്പിള്‍ ലൈനിനുപുറമേയാണ് യെലോ ലൈനും നിലവിൽ വരുന്നത്.
മഞ്ഞ ലൈന്‍ പ്രവര്‍ത്തനക്ഷമമായാല്‍ പ്രതിദിനം 2.5 ലക്ഷം ആളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഇതിനുണ്ടാകും. പ്രമുഖ ഐ ടി കമ്പനിയായ ഇന്‍ഫോസിസ് ഈ റൂട്ടില്‍ ഒരു മെട്രോ സ്റ്റേഷനായി 180 കോടി രൂപ നിക്ഷേപിക്കുന്നുണ്ട്.
യെലോ ലൈന്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടു കൂടി നഗരത്തിലെ തിരക്കിന് അത് വലിയ ആശ്വാസമാകും. നേരത്തെ നിശ്ചയിച്ച പ്രകാരം പദ്ധതി കഴിഞ്ഞ ജൂലൈയില്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. നിരവധി തടസങ്ങള്‍ തരണം ചെയ്താണ് പദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്ക് എത്തുന്നത്.
ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) നിര്‍മിക്കുന്ന ബൊമ്മസാന്ദ്ര മുതല്‍ ആര്‍വി റോഡ് വരെയുള്ള പാതയാണ് പൂര്‍ത്തിയാകുന്നത്. 18.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലെ ആകെ 16 സ്റ്റേഷനുകളില്‍ 15 സ്റ്റേഷനുകളുടെ 95 ശതമാനം പണി പൂര്‍ത്തിയായി. നഗരത്തിലെ ഗതാഗതം സുഗമമാക്കാന്‍ ഇതുവഴി കഴിയുമെന്ന കണക്കുകൂട്ടലിലാണ് ഉദ്യോഗസ്ഥര്‍. ഇത് ബൊമ്മസാന്ദ്രയെ കനത്ത തിരക്കേറിയ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് പ്രദേശവുമായി ബന്ധിപ്പിക്കും.
ആര്‍വി റോഡ്, റാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റല്‍, ബിടിഎം ലേഔട്ട്, സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്, ബൊമ്മനഹള്ളി, സിംഗസാന്ദ്ര, ഇലക്ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര, ഹോംഗസാന്ദ്ര, കുഡ്ലു ഗേറ്റ്, ഹൊസ റോഡ്, ബെരട്ടെന അഗ്രഹാര, കോണപ്പന അഗ്രഹാര, ഹുസ്‌കുരു റോഡ്, ഹെബ്ബഗോഡി എന്നിവയാണ് സ്റ്റേഷനുകള്‍. ജയദേവ, സില്‍ക്ക് ബോര്‍ഡ്, ആര്‍വി റോഡ് എന്നീ മൂന്ന് ഇന്റര്‍ചേഞ്ച് സ്റ്റേഷനുകളും ഈ സ്ട്രെച്ചില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പിങ്ക്, ഗ്രീന്‍, പര്‍പ്പിള്‍ എന്നിങ്ങനെയുള്ള മറ്റ് ലൈനുകളിലേക്ക് മാറാന്‍ റൈഡര്‍മാരെ അനുവദിക്കുന്നു.
കൂടുതല്‍ സര്‍വീസുകളും ലൈനുകളും ബെംഗളൂരു നിവാസികള്‍ക്കും ഈ നഗരത്തില്‍ പല ആവശ്യങ്ങൾക്കായി എത്തുന്നവർക്കും ഏറെ ആശ്വാസമാണ്.
ട്രാഫിക് ജാം ശ്വാസം മുട്ടുന്ന നഗരമാണ് ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു. കാവേരി നദീജലപ്രശ്‌നവുമായി ബന്ധപ്പെട്ട് ബന്ദ് പ്രഖ്യാപിച്ചതിന് അടുത്തദിവസം നഗരത്തില്‍ ഉണ്ടായ ഗതാഗതക്കുരുക്ക് രാജ്യമാകെ വാര്‍ത്തയായിരുന്നു. സ്‌കൂള്‍ കുട്ടികള്‍വരെ രാത്രി എട്ടിനും ഒന്‍പതിനും മറ്റുമായിരുന്നു അന്ന് വീട്ടിലെത്തിയത്. ഈ ഗതാഗതക്കുരുക്കില്‍നിന്നും അൽപ്പമെങ്കിലും ആശ്വാസം നല്‍കുന്നത് മെട്രോ സര്‍വീസുകളാണ്.