'കോയമ്പത്തൂരില്‍ എഐഎംഡിഎംകെയും ഡിഎംകെയും ആയിരം കോടി ചെലവഴിച്ചു'

  • തമിഴ് ജനത പ്രധാനമന്ത്രിക്കൊപ്പമെന്ന് അണ്ണാമലൈ
  • ഡിഎംകെയും എഐഎഡിഎംകെയും കോയമ്പത്തൂരില്‍ ചെയ്യുന്നത് എല്ലാവരും നിരീക്ഷിക്കുന്നു
  • ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുപ്പില്‍ കേന്ദ്രനേതൃത്വം പ്രത്യേക ശ്രദ്ധ ചെലുത്തുന്നു

Update: 2024-04-19 10:01 GMT

ദ്രാവിഡ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷനും കോയമ്പത്തൂര്‍ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഭരണകക്ഷിയായ ഡിഎംകെയും എഐഎഡിഎംകെയും കോയമ്പത്തൂരില്‍ 1000 കോടി രൂപ ചെലവഴിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. വെള്ളിയാഴ്ച കരൂര്‍ വില്ലേജിലെ ഉതുപ്പട്ടി പോളിങ് ബൂത്തില്‍ വോട്ട് ചെയ്ത ശേഷമാണ് അണ്ണാമലൈ ഇക്കാര്യം പറഞ്ഞത്.

ജൂണ്‍ 4 ന് എന്‍ഡിഎയ്ക്ക് ചരിത്രപരമായ ഫലമുണ്ടാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ഐപിസ് ഉദ്യോഗസ്ഥനായിരുന്ന രാഷ്ട്രീയ നേതാവ് തമിഴ്നാട്ടില്‍ ബിജെപിക്ക് വോട്ട് വിഹിതം വര്‍ധിക്കുമെന്നും പറഞ്ഞു.

പ്രചാരണവേളയില്‍ നടത്തിയ തീപ്പൊരി പ്രസംഗങ്ങള്‍ അണ്ണാമലൈയെ എന്നും ശ്രദ്ധാകേന്ദ്രമായി മാറ്റിയിരുന്നു. ''തമിഴ്നാട്ടിലെ ജനങ്ങള്‍ പ്രധാനമന്ത്രി മോദിക്കൊപ്പമാണ്, കര്‍ണാടകയില്‍ ഞങ്ങള്‍ ഇത്തവണ ക്ലീന്‍ സ്വീപ്പാണ് പ്രതീക്ഷിക്കുന്നത്, ബിജെപിയായിരിക്കും ഒന്നാമത്',അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോയമ്പത്തൂരില്‍ ഡിഎംകെയുടെ ഗണപതി പി രാജ്കുമാറിനും എഐഎഡിഎംകെയുടെ സിംഗൈ രാമചന്ദ്രനുമെതിരെയാണ് അണ്ണാമലൈ മത്സരിക്കുന്നത്. തമിഴ്നാട്ടിലെ 39 സീറ്റുകളിലേക്കും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നു.

'ഡിഎംകെയും എഐഎഡിഎംകെയും കോയമ്പത്തൂരില്‍ ചെയ്യുന്നത് എല്ലാവരും നിരീക്ഷിക്കുന്നു. കോയമ്പത്തൂരില്‍ 1000 കോടിയിലധികം രൂപ ചെലവഴിച്ചു. ഏതെങ്കിലും ബിജെപിക്കാരന്‍ തങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പറയാന്‍ ഒരു വോട്ടറെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരാന്‍ കഴിയുമെങ്കില്‍, ഞാന്‍ അന്നുതന്നെ രാഷ്ട്രീയം വിടും. കാരണം ഞാന്‍ ഈ തിരഞ്ഞെടുപ്പില്‍ തത്ത്വപരമായി മത്സരിക്കുന്നു, ''അണ്ണാമലൈയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 400 എംപിമാര്‍ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമത്തില്‍ ബിജെപിയുടെ ദക്ഷിണേന്ത്യന്‍ മുന്നേറ്റത്തില്‍ തമിഴ്നാട് പ്രധാന ശ്രദ്ധാകേന്ദ്രമാണ്. അതിനാല്‍ കേന്ദ്ര നേതൃത്വം സംസ്ഥാന തെരഞ്ഞെടുപ്പ് സുക്ഷ്മമായി നിരീക്ഷിക്കുന്നു.

Tags:    

Similar News