ഇന്ത്യയിലെ അഫ്‍ഗാന്‍ എംബസി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
- എംബസി അടയ്ക്കുന്നത് അധികാര തര്‍ക്കങ്ങള്‍ക്കൊടുവില്‍
- നിലവിലെ അംബാസിഡര്‍ മാസങ്ങളായി ലണ്ടനില്‍
ഇന്ത്യയിലെ അഫ്ഗാൻ എംബസി തങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതായി റിപ്പോര്‍ട്ട്. അംബാസഡർ ഫരീദ് മാമുൻഡ്‌സായിയുടെ നേതൃത്വത്തിലാണ് നിലവില്‍ എംബസി പ്രവർത്തിക്കുന്നത്. എന്നാല്‍ മാസങ്ങളായി അദ്ദേഹം ലണ്ടനിലാണെന്നാണ് വിവരം.
അഫ്‍ഗാനിലെ മുൻ അഷ്‌റഫ് ഘാനി സർക്കാരാണ് മാമുൻഡ്‌സായിയെ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ചത്. 2021 ഓഗസ്റ്റിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷവും അദ്ദേഹം ഇന്ത്യയിലെ അഫ്‍ഗാന്‍റെ നയതന്ത്ര പ്രതിനിധിയായി തുടരുകയായിരുന്നു. പ്രവര്‍ത്തനം അവസാനിക്കുന്നതു സംബന്ധിച്ച അഫ്‍ഗാന്‍ എംബസിയുടെ അറിയിപ്പ് പരിശോധിക്കുകയാണെന്ന് ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അംബാസിഡര്‍ ഇന്ത്യക്കു പുറത്തായതിനാല്‍ ലഭിച്ച ആശയവിനിമയത്തിന്‍റെ ആധികാരികത ഉള്‍പ്പടെ പരിശോധിക്കുകയാണ്.
അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നാണ് എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുള്ളത്. മാമുൻഡ്‌സായിയെ മാറ്റി മറ്റൊരാളെ താലിബാന്‍ ഇന്ത്യയിലേക്ക് നിയോഗിക്കുമെന്ന് ഏപ്രില്‍-മേയ് മാസങ്ങളില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ നേതൃസ്ഥാനത്ത് മാറ്റമില്ലെന്ന പ്രസ്താവനയുമായി എംബസി രംഗത്തെത്തി.
2020 മുതൽ എംബസിയിൽ ട്രേഡ് കൗൺസിലറായി ജോലി ചെയ്യുന്ന ഖാദിർ ഷാ, തന്നെ താലിബാൻ ഭരണകൂടം എംബസിയിലെ ചുമതലക്കാരനായി നിയമിച്ചതായി അവകാശപ്പെട്ട് ഏപ്രിൽ അവസാനം വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതിയതിനെ തുടർന്നാണ് അധികാരത്തിനായുള്ള തർക്കം എംബസിക്കകത്ത് പൊട്ടിപ്പുറപ്പെട്ടത്.