മിഷന്‍ അമൃത് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
- കഴിഞ്ഞ 15 ദിവസങ്ങളിലായി 27 ലക്ഷം പരിപാടികളാണ് ഇത് സംബന്ധിച്ച് നടന്നത്
- തെരുവും തടാകവും വൃത്തിയുള്ളതാക്കാനുള്ള ദൗത്യം ഓരോ ജില്ലയിലേക്കും പഞ്ചായത്തിലേക്കും കൊണ്ടുപോകണം
- റോഡുകളും തടാകങ്ങളും വൃത്തിയായി സൂക്ഷിക്കാന്‍ ശുചിത്വ മത്സരങ്ങള്‍ നടത്തണം
സ്വച്ഛ് ഭാരത് അഭിയാന്റെ അടുത്ത ഘട്ടമായ മിഷന്‍ അമൃത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു; നഗരങ്ങളില്‍ ജല, മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയാണിത്.
സ്വച്ഛ് ഭാരത് അഭിയാന്റെ പത്താം വാര്‍ഷികത്തിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. സ്വച്ഛ് ഭാരത് അഭിയാന്‍ ദൗത്യത്തിന് ലഭിച്ച പിന്തുണയ്ക്ക് രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു. കഴിഞ്ഞ 15 ദിവസങ്ങളിലായി 27 ലക്ഷം പരിപാടികളാണ് സേവാ പരിക്രമിലൂടെ നടന്നതെന്നും നിരവധി പേര്‍ അതില്‍ പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു.
ഓരോ തെരുവും തടാകവും വൃത്തിയുള്ളതാക്കാനുള്ള ദൗത്യം ഓരോ ജില്ലയിലേക്കും പഞ്ചായത്തിലേക്കും കൊണ്ടുപോകാന്‍ പ്രാദേശിക അധികാരികളോട് അദ്ദേഹം ആവശ്യപ്പെട്ടു. റോഡുകളും തടാകങ്ങളും വൃത്തിയായി സൂക്ഷിക്കാന്‍ ശുചിത്വ മത്സരങ്ങള്‍ നടത്തണമെന്നും മോദി ആഹ്വാനം ചെയ്തു.
കൂടാതെ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുറയ്ക്കാനുള്ള ശ്രമത്തില്‍ തുണിയുടെയും പേപ്പര്‍ ബാഗുകളുടെയും ഉപയോഗം സ്വീകരിച്ചതിന് അദ്ദേഹം നന്ദി പറഞ്ഞു. തൊഴില്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞ് ഈ നീക്കത്തെ ജനങ്ങള്‍ എതിര്‍ക്കാതിരുന്നതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ രാജ്യത്ത് 12 കോടി ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. സ്വച്ഛ് ഭാരത് മിഷന്‍ നിരവധി മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വ മേഖലയില്‍ 5,000 സ്റ്റാര്‍ട്ടപ്പുകളുണ്ടെന്നും മോദി വ്യക്തമാക്കി.