എഐ ഉച്ചകോടി: പ്രധാനമന്ത്രി പങ്കെടുക്കും
- അടുത്തമാസം പത്ത്,പതിനൊന്ന് തീയതികളില്‍ പാരീസിലാണ് ഉച്ചകോടി
- 90 രാജ്യങ്ങളെ എഐ ഉച്ചകോടിയിലേക്ക് ക്ഷണിച്ചതായി ഫ്രഞ്ച് പ്രസിഡന്റ്
- എഐയെ കുറിച്ചുള്ള തെറ്റായ വിവരങ്ങളും ദുരുപയോഗവും ഉച്ചകോടിയില്‍ ചര്‍ച്ചയാകും
പാരീസില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഫെബ്രുവരി പത്ത്,പതിനൊന്ന് തീയതികളിലാണ് എഐ ഉച്ചകോടി നടക്കുന്നത്.
ഉഭയകക്ഷി സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിലെത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് അറിയിച്ചത്. എഐയുടെ പ്രാധാന്യം ഫ്രഞ്ച് പ്രസിഡന്റ് ഊന്നിപ്പറഞ്ഞു. യുഎസ്, ചൈന, ഇന്ത്യ,ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയവ എഐ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലും നിയന്ത്രിക്കുന്നതിലും കാര്യമായ പങ്കുവഹിക്കുന്നു. ഇന്ത്യ ഉള്‍പ്പെടെ 90 രാജ്യങ്ങളെ എഐ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മാക്രോണ്‍ അറിയിച്ചു.
എഐയെ കുറിച്ചുള്ള തെറ്റായ വിവരങ്ങളും ദുരുപയോഗവുമാണ് ഉച്ചകോടിയില്‍ അഭിസംബോധന ചെയ്യേണ്ട വിഷയങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചകോടിയിലെ വിവിധ ടീമുകള്‍ എഐ സംബന്ധിച്ച ഇന്ത്യയുടെ സംഭാവനകള്‍ പ്രതീക്ഷിക്കുന്നതായും മാക്രോണ്‍ പറഞ്ഞു.
പാരീസിലെ ഗ്രാന്‍ഡ് പാലസില്‍ ഫ്രാന്‍സ് ഉച്ചകോടിയുടെ ആതിഥേയത്വം വഹിക്കും. രാഷ്ട്രത്തലവന്മാര്‍, ഗവണ്‍മെന്റ് തലവന്‍മാര്‍, അന്താരാഷ്ട്ര സംഘടനാ നേതാക്കള്‍, കമ്പനികളുടെ സിഇഒമാര്‍, അക്കാദമിക് പ്രതിനിധികള്‍, എന്‍ജിഒകള്‍, കലാകാരന്മാര്‍, സിവില്‍ സൊസൈറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
എഐയിലുള്ള പൊതു താല്‍പ്പര്യം, ജോലിയുടെ ഭാവി, നവീകരണവും സംസ്‌കാരവും, എഐയിലുള്ള വിശ്വാസം, ആഗോള എഐ ഭരണം എന്നീ വിഷയങ്ങളില്‍ ഇവന്റ് ശ്രദ്ധകേന്ദ്രീകരിക്കും.