' ഇനി ആവര്‍ത്തിക്കില്ല ' , മാപ്പ് പറഞ്ഞ് പതഞ്ജലി എംഡി
- അവകാശവാദങ്ങള്‍ അശ്രദ്ധമായി സംഭവിച്ചതാണെന്നും തെറ്റായ പരസ്യങ്ങള്‍ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും സത്യവാങ്മൂലം
- ജസ്റ്റിസുമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്
- ഹര്‍ജി നല്‍കിയത് ഐഎംഎ
;

ഉല്‍പ്പന്നങ്ങളുടെ ഫലപ്രാപ്തിയെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനും ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്തതിനും സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ.
സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണു സത്യവാങ്മൂലം സമര്‍പ്പിച്ചത്.
പതഞ്ജലിയുടെ അവകാശവാദങ്ങള്‍ അശ്രദ്ധമായി സംഭവിച്ചതാണെന്നും തെറ്റായ പരസ്യങ്ങള്‍ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചു.
വാക്‌സിനേഷന്‍ ഡ്രൈവിനും ആധുനിക മരുന്നുകള്‍ക്കുമെതിരേ പതഞ്ജലി അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്നാരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് നല്‍കിയെങ്കിലും പതഞ്ജലി പ്രതികരിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണു ബാബ രാംദേവിനോടും പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയോടും നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്.
ജസ്റ്റിസുമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.