'ന്യൂസിലാന്‍ഡിന്റെ അഭിവൃദ്ധിക്കും സുരക്ഷയ്ക്കും ഇന്ത്യ പ്രധാനം'

  • ഇരു രാജ്യങ്ങളും സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കും
  • വലിയ പ്രതിനിധിസംഘവും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിക്ക് ഒപ്പമുണ്ട്
;

Update: 2025-03-17 03:50 GMT

തന്റെ രാജ്യത്തിന്റെ അഭിവൃദ്ധിക്കും സുരക്ഷയ്ക്കും ഇന്ത്യ പ്രധാനമാണെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍. ഇരുപക്ഷവും സമഗ്രമായ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലക്സണ്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് റെയ്സിന ഡയലോഗിന്റെ ഉദ്ഘാടന സെഷനില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്യും.

മാര്‍ച്ച് 20 വരെ കിവി നേതാവ് ഇന്ത്യയിലുണ്ടാകും. ഒരു ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ഇതുവരെ യാത്ര ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിനിധി സംഘങ്ങളിലൊന്നാണ് അദ്ദേഹത്തോടൊപ്പമുള്ളത്.

മോദി-ലക്സണ്‍ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി, സമഗ്രമായ ഇന്ത്യ-ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്ടിഎ) ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. 2022 ല്‍ ഓസ്ട്രേലിയയുമായി ഉണ്ടാക്കിയ വ്യാപാര കരാറിന് ശേഷം ഓഷ്യാനിയ മേഖലയില്‍ ന്യൂഡല്‍ഹിയുടെ രണ്ടാമത്തെ കരാറാകും ഇത്.

ഇത് ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ വിശേഷിപ്പിച്ചു. 2025 ഏപ്രില്‍-ജനുവരി കാലയളവില്‍ ഉഭയകക്ഷി വ്യാപാരം ക്രമാനുഗതമായി വളര്‍ന്ന് ഒരു ബില്യണ്‍ ഡോളറിലെത്തിയ സാഹചര്യത്തില്‍ എഫ്ടിഎ ചര്‍ച്ചകള്‍ ബിസിനസുകള്‍ക്ക് ഗുണകരമാകും. രാജ്യങ്ങളുടെ പരസ്പര വളര്‍ച്ചയും സമൃദ്ധിയും വളര്‍ത്താനാണ് കരാര്‍ ലക്ഷ്യമിടുകയെന്ന് ഗോയല്‍ കൂട്ടിച്ചേര്‍ത്തു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു.ഇരു രാജ്യങ്ങളുടെയും ദീര്‍ഘകാല ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നതായി വിദേശകാര്യമന്ത്രി പറഞ്ഞു.

ഇന്ത്യയുമായി സമഗ്രമായ സാമ്പത്തിക പങ്കാളിത്തത്തിന് ശ്രമിക്കുമെന്നും ഉഭയകക്ഷി സുരക്ഷാ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ആരായുമെന്നും ലക്സണ്‍ യാത്രയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ പറഞ്ഞിരുന്നു. ഇന്തോ-പസഫിക് മേഖലയിലെ ഒരു പ്രധാന ശക്തിയായിട്ടാണ് ഇന്ത്യയെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

മുംബൈയും സന്ദര്‍ശിച്ചശേഷമാണ് ലക്സണ്‍ വെല്ലിംഗ്ടണിലേക്ക് മടങ്ങുക. 

Tags:    

Similar News