ഇന്ത്യയിലെ ഔഷധങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നതായി ന്യൂസിലാന്‍ഡ്
- ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ പരാമര്‍ശം റെയ്‌സിന ഡയലോഗ് 2025 ഉദ്ഘാടന പ്രസംഗത്തില്‍
- പ്രസിഡന്റ് ദ്രൗപതി മുര്‍മുവുമായി ലക്‌സണ്‍ കൂടിക്കാഴ്ച നടത്തി
;
ഇന്ത്യയിലെ ഔഷധങ്ങളെയും യന്ത്രസാമഗ്രികളെയുമാണ് തങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്നതെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണ്‍. റെയ്‌സിന ഡയലോഗ് 2025 ഉദ്ഘാടന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ക്രിസ്റ്റഫര്‍ ലക്‌സണുമായി കൂടിക്കാഴ്ച നടത്തി.
പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെയും ലക്‌സണ്‍ സന്ദര്‍ശിച്ചിരുന്നു. ദ്രൗപതി മുര്‍മു ന്യൂസിലാന്‍ഡിന്റെ മികച്ച സുഹൃത്താണ്. കഴിഞ്ഞ വര്‍ഷം വെല്ലിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷം, ന്യൂഡല്‍ഹിയില്‍ കണ്ടുമുട്ടിയതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളെയും വളര്‍ച്ചയെയും ലക്സണ്‍ അഭിനന്ദിച്ചു. ലക്‌സണിന്റെ പ്രസംഗം ഇന്ത്യ-ന്യൂസിലാന്‍ഡ് ബന്ധങ്ങളില്‍ ഒരു സുപ്രധാന നാഴികക്കല്ലാകുമെന്ന് കരുതുന്നു. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള വ്യാപാര ബന്ധം, പരമ്പരാഗത തടി കയറ്റുമതിക്കപ്പുറത്തേക്ക് മാറുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ലക്സണ്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളുടേയും പ്രതിരോധ സേനകളുടെ സംയുക്ത പരിശീലനത്തിന് തയ്യാറാണെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, ബഹിരാകാശ പര്യവേഷണം എന്നിവയില്‍ ശാസ്ത്രീയ സഹകരണത്തിനും ഇരു നേതാക്കളും സമ്മതിച്ചു. കൂടാതെ, വ്യോമ ബന്ധങ്ങളിലും അടിസ്ഥാന വികസന മേഖലയിലെ സഹകരണവും മെച്ചപ്പെടുത്താനും ധാരണയായി.