ആദിത്യ എല്‍-1 സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിക്കും
- ഉപഗ്രഹം എത്തുന്നത് 15ലക്ഷം കിലോമീറ്റര്‍ അകലെ
- ഉപഗ്രഹം വഹിക്കുന്ന ഏഴ് പേലോഡുകള്‍ പഠനം നടത്തും
- ലക്ഷ്യത്തിലെത്താന്‍ നാലുമാസം
ഇന്ത്യയുടെ ആദ്യ സൂര്യ പര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ - എൽ 1 ഐഎസ്ആര്‍ഒ സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിക്കും. സൂര്യന്റെ ഉപരിതലത്തെ കുറിച്ചുള്ള പഠനമാണ് ആദിത്യ - എൽ 1 ന്റെ പ്രധാന ദൗത്യം. ഭൂമിയില്‍നിന്ന് ഏകദേശം 15ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍-1 ല്‍ (സണ്‍-എര്‍ത്ത് ലഗ്രാന്‍ജിയന്‍ പോയിന്റ്) എത്തിയാകും പേടകം നിരീക്ഷണം നടത്തുക.
സൂര്യന്റെ പുറം ഭാഗത്തെ താപ വ്യതിയാനങ്ങള്‍,സൗരക്കൊടുങ്കാറ്റിന്റെ ഫലങ്ങള്‍ തുടങ്ങിയവ കണ്ടെത്തുകയാണ് വിക്ഷേപണത്തിന്റെ പ്രധാന ലക്ഷ്യം.
ഇന്ത്യയുടെ ആദ്യത്തെ സോളാര്‍ ബഹിരാകാശ നിരീക്ഷണ വിക്ഷേപണമാണിത്. പേടകം പിഎസ്എല്‍വി-സി 57 റോക്കറ്റാണ് ബഹിരാകാശത്ത് എത്തിക്കുക. സൂര്യനെക്കുറിച്ച് വിശദമായ പഠനം നടത്താന്‍ ഏഴ് വ്യത്യസ്ത പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്. സൗരവാതങ്ങള്‍, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇന്‍ജക്ഷന്‍ തുടങ്ങിയവയെപ്പറ്റി ഇവ വിശദമായ പഠനം നടത്തും. ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങളും പഠനവിധേയമാക്കും.
സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11.50-ന് ശ്രീഹരിക്കോട്ട സ്പേസ്പോര്‍ട്ടില്‍ നിന്നാണ് ആദിത്യ എല്‍-1 ന്റെ വിക്ഷേപണം. ഓഗസ്റ്റ് 30 ന്, ആദിത്യ-എല്‍ 1 ദൗത്യം വിക്ഷേപണ റിഹേഴ്‌സലുകളും ആന്തരിക പരിശോധനകളും പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. തത്സമയ സംപ്രേക്ഷണം ദൂരദര്‍ശന്‍നിലോ ഐഎസ്ആര്‍ഒയുടെ യൂട്യൂബ് ചാനലിലോ കാണാം. ആദിത്യ-എല്‍1 മിഷന്റെ തത്സമയ സംപ്രേക്ഷണത്തിന്റെ ലിങ്കും സെപ്റ്റംബര്‍ ഒന്നിന് ഐഎസ്ആര്‍ഒ പങ്കിട്ടു.
സൂര്യന്റെ ദിശയില്‍ ഭൂമിയില്‍ നിന്ന് 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലാഗ്രാന്‍ജിയന്‍ പോയിന്റ് 1 (അല്ലെങ്കില്‍ എല്‍ 1) ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തില്‍ ആദിത്യ-എല്‍ 1 സ്ഥാപിക്കും. പേടകം അവിടെയെത്താന്‍ നാലുമാസം വരെ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
ഈ തന്ത്രപ്രധാനമായ സ്ഥാനം ആദിത്യ-എല്‍1-നെ ഗ്രഹണങ്ങളോ മറ്റ് പ്രതിസന്ധികളോ തടസ്സപ്പെടുത്താതെ തുടര്‍ച്ചയായി സൂര്യനെ നിരീക്ഷിക്കാന്‍ പ്രാപ്തമാക്കും. ഇത് സൗര പ്രവര്‍ത്തനങ്ങളും ബഹിരാകാശ കാലാവസ്ഥയില്‍ അവയുടെ സ്വാധീനവും തത്സമയം പഠിക്കാന്‍ ശാസ്ത്രജ്ഞരെ അനുവദിക്കുന്നു.
'ഞങ്ങള്‍ വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ്. റോക്കറ്റും ഉപഗ്രഹവും തയ്യാറാണ്. വിക്ഷേപണത്തിനുള്ള റിഹേഴ്‌സല്‍ ഞങ്ങള്‍ പൂര്‍ത്തിയാക്കി. അതിനാല്‍ സെപ്റ്റംബര്‍ ഒന്ന് കൗണ്ട്ഡൗണ്‍ ആരംഭിക്കണം. സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപണം' ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു . ചന്ദ്രയാന്‍ 3 ദൗത്യത്തെക്കുറിച്ച് എല്ലാം നന്നായി നടക്കുന്നതായി അദ്ദേഹം പറഞ്ഞു. 14 ദിവസം കഴിയുമ്പോള്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.