നേപ്പാള്‍ ഇന്ത്യവഴി ബംഗ്ലാദേശിന് വൈദ്യുതി നല്‍കും
- ആദ്യഘട്ടത്തില്‍ നേപ്പാള്‍ 40 മെഗാവാട്ട് വൈദ്യുതിയാണ് നേപ്പാള്‍ നല്‍കുക
- വൈദ്യുതി കയറ്റുമതിയില്‍ നിന്ന് നേപ്പാളിന് ഏകദേശം 9.2 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനം ലഭിക്കും
അതിര്‍ത്തി കടന്നുള്ള വൈദ്യുതി വ്യാപാരം സുഗമമാക്കുന്നതിനുള്ള ത്രികക്ഷി കരാറില്‍ നേപ്പാളും ഇന്ത്യയും ബംഗ്ലാദേശും ഒപ്പുവച്ചു.
കരാര്‍ പ്രകാരം എല്ലാ വര്‍ഷവും ജൂണ്‍ 15 മുതല്‍ നവംബര്‍ 15 വരെ ഇന്ത്യ വഴി നേപ്പാള്‍ തങ്ങളുടെ മിച്ച വൈദ്യുതി ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്യും. നേപ്പാളില്‍ നിന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി എത്തിക്കാനുള്ള ക്രമീകരണം ഇന്ത്യ നടത്തും. ആദ്യഘട്ടത്തില്‍ നേപ്പാള്‍ 40 മെഗാവാട്ട് ജലവൈദ്യുതി ബംഗ്ലാദേശിലേക്ക് ഇന്ത്യന്‍ പ്രദേശം വഴി കയറ്റുമതി ചെയ്യും.
ഒരു യൂണിറ്റ് വൈദ്യുതിയുടെ നിരക്ക് 6.4 സെന്റാണ് നിശ്ചയിച്ചിരിക്കുന്നത്. വൈദ്യുതി കയറ്റുമതിയില്‍ നിന്ന് നേപ്പാളിന് ഏകദേശം 9.2 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനം ലഭിക്കുമെന്ന് നേപ്പാള്‍ ഇലക്ട്രിസിറ്റി അതോറിറ്റി (എന്‍ഇഎ) ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്‍ഇഎ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കുല്‍മാന്‍ ഗിസിംഗ്, എന്‍ടിപിസി വിദ്യുത് ബ്യാപര്‍ നിഗം സിഇഒ ഡീനോ നരന്‍, ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് റിസ്വാന്‍ കരീം എന്നിവര്‍ തമ്മില്‍ ധാരണാപത്രം കാഠ്മണ്ഡുവില്‍ ഒപ്പുവച്ചതായി നേപ്പാള്‍ ഊര്‍ജ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നേപ്പാള്‍ ഊര്‍ജ മന്ത്രി ദീപക് ഖഡ്ക, ബംഗ്ലാദേശ് പ്രധാനമന്ത്രി സയീദ റിജ്വാന ഹസന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.