600 കോടി രൂപയ്ക്ക് രണ്ട് എഥനോള്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് നയാര എനര്‍ജി
- റഷ്യന്‍ ഊര്‍ജ ഭീമനായ റോസ്നെഫ്റ്റിന്റെ പിന്തുണയുള്ള കമ്പനിയാണ് നയാര എനര്‍ജി
- ഓരോ പ്ലാന്റിനും പ്രതിദിനം 200 കിലോ ലിറ്റര്‍ എഥനോള്‍ ഉല്‍പ്പാദിപ്പിക്കാനാകും
- ദീര്‍ഘകാലാടിസ്ഥാനത്തില്‍ അഞ്ച് എഥനോള്‍ നിര്‍മാണ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
നയാര എനര്‍ജി രാജ്യത്ത് രണ്ട് എഥനോള്‍ നിര്‍മാണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ 600 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി കമ്പനിയുടെ മുതിര്‍ന്ന എക്സിക്യൂട്ടീവ് അറിയിച്ചു. റഷ്യന്‍ ഊര്‍ജ ഭീമനായ റോസ്നെഫ്റ്റിന്റെ പിന്തുണയുള്ള കമ്പനിയാണ് നയാര എനര്‍ജി.
ഓരോ പ്ലാന്റിനും പ്രതിദിനം 200 കിലോ ലിറ്റര്‍ എഥനോള്‍ ഉല്‍പ്പാദിപ്പിക്കാനാകും. ആന്ധ്രാപ്രദേശിലെ നായിഡുപേട്ടയിലും മധ്യപ്രദേശിലെ ബാലാഘട്ടിലും പ്ലാന്റ് സ്ഥാപിക്കും. 2026-ഓടെ കമ്മീഷന്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. അരിയും ചോളവുമാണ് എഥനോള്‍ ഉത്പാദനത്തിനായി കമ്പനി ഉപയോഗിക്കുക. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അഞ്ച് എഥനോള്‍ നിര്‍മാണ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
എഥനോള്‍ ഉത്പാദനത്തില്‍ കമ്പനിക്ക് വലിയ പദ്ധതികളുണ്ട്. 2025 ആകുമ്പോഴേക്കും 20% എഥനോള്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുറഞ്ഞത് അഞ്ച് എത്തനോള്‍ പ്ലാന്റുകളെങ്കിലും ഉണ്ടാക്കാന്‍ കമ്പനി ലക്ഷ്യമിടുന്നതായി നയാര എനര്‍ജി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പ്രസാദ് പണിക്കര്‍ പറഞ്ഞു.
ഗുജറാത്തിലെ വഡിനാറില്‍ 20 ദശലക്ഷം മെട്രിക് ടണ്‍ ശേഷിയുള്ള എണ്ണ ശുദ്ധീകരണശാല നടത്തുന്ന നയാര എനര്‍ജി, അതേ സൗകര്യത്തില്‍ ഒരു പോളിപ്രൊഫൈലിന്‍ യൂണിറ്റ് തുറക്കാന്‍ ഒരുങ്ങുകയാണ്. 4,50,000 ടണ്‍ വാര്‍ഷിക ശേഷിയുള്ള പെട്രോകെമിക്കല്‍ യൂണിറ്റ് സ്ഥാപിക്കാന്‍ കമ്പനി 6,000 കോടി രൂപ നിക്ഷേപിക്കും. റിഫൈനറിയുടെ ആയുസ്സും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിനായി 4,000 കോടി രൂപയുടെ നിക്ഷേപവും കമ്പനി നടത്തുന്നുണ്ട്. ഈ നിക്ഷേപങ്ങള്‍ 2026 വരെ നടപ്പിലാക്കും.