അറിയുമോ, ചായക്കോപ്പയിലെ 'മണി'കിലുക്കം?

  • ചായ രാജ്യത്തെ 72ശതമാനം പേര്‍ക്കും പ്രിയങ്കരമായത്
  • ഈ മേഖലയിലെ സംരംഭങ്ങള്‍ മികവ് കൊയ്യുന്നു
  • ചായകുടിയില്‍ ചൈന ഇന്ത്യക്കുപിന്നില്‍

Update: 2023-08-17 10:14 GMT

ഉയരം കൂടുംതോറും ചായക്ക് രുചികൂടും എന്നൊരു പരസ്യമുണ്ട്. എല്ലായിടങ്ങളിലും അത് പ്രിയപ്പെട്ടതുതന്നെയാണ്. അതിന് വലിപ്പച്ചെറുപ്പമില്ല. സമൂഹത്തിലെ എല്ലാതലങ്ങളിലുമുള്ള ആള്‍ക്കാരെയും തന്നിലേക്ക് ചേര്‍ത്തുനിര്‍ത്തുന്നതാണ് നല്ലൊരു ചായ. വെള്ളം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന പാനീയം ചായയാണ്. അത് പല രുചികളില്‍, നിറങ്ങളില്‍, കടുപ്പങ്ങളില്‍ ഇന്ന് ലഭ്യമാകുന്നു.


അനുഭവ് ദുബെ എന്ന പേര് കേട്ടിട്ടുണ്ടോ? മധ്യപ്രദേശില്‍ നിന്നുള്ള പ്രായം കുറഞ്ഞ ഒരു സംരംഭകനാണ്. ഒരു ശരാശരി റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ മകന്‍. മാതാപിതാക്കള്‍ക്ക് മകന്‍ ഐഎസ് ഓഫീസറാകണമെന്നായിരുന്നു ആഗ്രഹം. അതിനായി അഭിനവിനെ അവര്‍ പരിശീലനത്തിനായാ ഡെല്‍ഹിയിലേക്ക് അയച്ചു. എന്നാല്‍ അഭിനവിനുവേണ്ടി കാലം കാത്തുവെച്ചത് മറ്റൊന്നായിരുന്നു. മാതാപിതാക്കളുടെ ആഗ്രഹം സഫലീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.തന്റെ മാര്‍ഗം ഇതല്ലെന്നു തിരിച്ചറിഞ്ഞ അഭിനവ് തിരികെ ഇന്‍ഡോറിലേക്ക് മടങ്ങി.

യാദൃശ്ചികമായി, ഒരു ദിവസം, കോളേജ് സുഹൃത്ത് ആനന്ദ് നായക്കിനെ അഭിനവ് കണ്ടുമുട്ടി. അവിടെ പുതിയൊരു അധ്യായം ആരംഭിക്കുകയായിരുന്നു. പുതിയൊരു ബിസിനസ് തുടങ്ങാന്‍ ഇരുവരും പദ്ധതിയിട്ടു. അങ്ങനെ ആരംഭിച്ചതാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചായ ഫ്രാഞ്ചൈസിയായ ചായ് സുട്ട ബാര്‍. സാധാരണക്കാരായ രണ്ടു വിദ്യാര്‍ത്ഥികള്‍ തുടക്കമിട്ട സ്ഥാപനം. ഇന്ന് ഇന്ത്യയിലും വിദേശത്തുമായി ചായ് സുട്ട ബാറിന് 150ല്‍ അധികം ഔട്ട്‌ലെറ്റുകളുണ്ട്.   വിറ്റുവരവ് 100 കോടി രൂപയിലധികമാണ്. 26-ാം വയസ്സില്‍ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ സംരംഭകരില്‍ ഒരാളാണ് അദ്ദേഹം.  തുടർന്ന് ചായകുടി ആരെയും മടുപ്പിക്കില്ല എന്ന് തിരിച്ചറിഞ്ഞവര്‍ ഏറെയുണ്ടായി. ചായക്കോപ്പയുമായി അവർ ബിസിനസിലേക്കിറങ്ങി. ഈ മേഖലയില്‍ ഉയർന്ന  സംരംഭങ്ങള്‍ തന്നെ തെളിവ്. 2010ലാണ് രാജ്യത്ത് ഇത്തരത്തില്‍ ഒരു സ്റ്റാര്‍ട്ടപ്പ് 'ചായ് പോയിന്റ്' ബെംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇത് ഒരു തുടക്കം മാത്രമായിരുന്നു. അതിനുശേഷം ചായോസ്, ടീപോട്ട് കഫേ, ടീ ബോക്‌സ്,ചായ് സുട്ട ബാര്‍., ദി ചായ് വാലാ, ഉദ്യാന്‍ ടീ, എംബിഎ ചായ് വാലാ,ചായ് തേല തുടങ്ങി നിരവധി സംരംഭങ്ങള്‍ രാജ്യവ്യാപകമായി ആരംഭിച്ചു. എല്ലാവര്‍ക്കും ചായ തങ്ങളെ കൈവിടില്ലെന്ന ആത്മവിശ്വാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് പല സംരംഭങ്ങളുടെയും വിറ്റുവരവ് പരിശോധിക്കുമ്പോള്‍ ചായ നിസാരമാല്ല എന്ന് മനസിലാകും.

2022 - 23 - ല്‍ ചായ് പോയിന്റിലെ വരുമാനം ഏകദേശം 225 കോടി രൂപ ആയിരുന്നു. ഇപ്പോള്‍ 170 ടീ കഫേകളാണ് അവര്‍ക്കുള്ളത്. അടുത്തവര്‍ഷം 35 എണ്ണംകൂടി തുടങ്ങാന്‍ ചായ് പോയിന്റ് പദ്ധതിയിടുന്നു. 2022ല്‍ ചായോസിലെ വരുമാനം 134.9 കോടി രൂപയാണ്. ഒരുവര്‍ഷം മുമ്പ് ഇത് 54കോടി രൂപ മാത്രമായിരുന്നു. 20 കഫേകള്‍ മാത്രം ഡല്‍ഹിയില്‍ നടത്തുന്ന ടീപോട്ട് കഫേയുടെ വരുമാനം ആറ് കോടിയാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് ചായ വെറുമൊരു നിസാരകാര്യമല്ല എന്നാണ്. ചായക്കോപ്പയിലുണ്ടാകുന്ന പണക്കിലുക്കം തിരിച്ചറിഞ്ഞവര്‍ ഇന്ന് നേട്ടങ്ങള്‍ കൊയ്യുന്നു. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും മികച്ച ജോലികളും ഉണ്ടായിരുന്നവരാണ് കൂടുതലും ചായപ്രേമം കാരണം സംരംഭങ്ങളിലേക്ക് വന്നിട്ടുള്ളത്.ഒരു ദിവസം നാം കുടിക്കുന്ന ചായയുടെ കണക്കുകള്‍തന്നെ ലോകത്തിന് എത്രയും പ്രിയങ്കരമാണിത് എന്ന് വ്യക്തമാക്കുന്നതാണ്. ഇനി ഒരു ചായ കുടിച്ചാലോ എന്നു ചോദിക്കുന്നതിന് ആ സമയത്തിന് പ്രത്യേകതകള്‍ ഒന്നുംതന്നെ ആവശ്യവുമില്ല. ഏതുസമയവും അതിന് അനുയോജ്യമാണ്. കര്‍ശനമായ ഡയറ്റുകള്‍ പിന്തുടരുന്നവരോ, ഏതെങ്കിലും മരുന്നുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് ചായക്കോപ്പയില്‍നിന്നും മനഃപൂര്‍വം മുഖം തിരിക്കുന്നവരോ മാത്രമാകും മറിച്ച് അഭിപ്രായം പ്രകടിപ്പിക്കുക. അല്ലാതെയുള്ള ഒരു ചെറു വിഭാഗവും ഉണ്ടാകാം. എന്നാല്‍ ഭൂരിപക്ഷം ജനതയും ചായയുടെ രുചി നെഞ്ചേറ്റുന്നു. ജനകോടികളുടെ ചായപ്രേമം തിരിച്ചറഞ്ഞവര്‍ അതിനെ മികച്ച ബിസിനസ് അവസരവുമാക്കി മാറ്റിയിട്ടുണ്ട്.

ചായകുടിയന്മാരുടെ ലോകം

നി ലോകത്തെ ചായകുടിയന്‍മാരുടെ കണക്കുകള്‍ ഒന്നു നോക്കാം. ഇന്ത്യയിലെ കണക്കെടുത്താല്‍ ജനസംഖ്യയുടെ 72  ശതമാനവും സ്ഥിരമായി ചായകുടിക്കുന്നവരാണ്. ഇത് ഏതാണ്ട് 1022 ദശലക്ഷത്തിനുമേലേവരും. ലോകത്തില്‍ ഏറ്റവും കൂടുതല്‍ തേയില ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യ ചായകുടിക്കുന്നതില്‍ മുന്‍പന്തിയിലാകാതെ തരമില്ല.

 2022 - 23  -ല്‍ രാജ്യം 1400 ദശലക്ഷം കിലോ തേയിലയാണ് ഉല്‍പ്പാദിപ്പിച്ചത്.  ഇതില്‍  20  ശതമാനത്തില്‍ താഴെ മാത്രമെ കയറ്റുമതി ചെയ്യുന്നുള്ളു. ബാക്കി ഇവിടെ നാം തന്നെ ഉപയോഗിക്കുന്നു. ഇന്ത്യാക്കാരുടെ ചായപ്രേമം തിരിച്ചറിയാന്‍ വേറെ കണക്കുകള്‍ ഒന്നും തന്നെ ആവശ്യമില്ല. തേയിലയുടെ ഗുണങ്ങള്‍ ആദ്യം കണ്ടെത്തിയത് ചൈനാക്കാരായിരിക്കാം. എന്നാല്‍ ഇന്ന് ചായയുടെ ഉപഭോഗത്തില്‍ ഇന്ത്യക്കു പിന്നിലാണ് അവര്‍. ചൈനയില്‍ ജനസംഖ്യയുടെ 45  ശതമാനം മാത്രമാണ് സ്ഥിരമായി ചായ ഉപയോഗിക്കുന്നത്. ഇത് ഏകദേശം 634.9 ദശലക്ഷം പേര്‍ മാത്രമാണ്.

യുഎസില്‍ 163.2 ദശലക്ഷം പേര്‍ (49  ശതമാനം) ചായയുടെ സ്ഥിരം ആരാധകരാണ്. ബ്രിട്ടനില്‍ ഇത് 59 ശതമാനമാണ്. വിയറ്റ്‌നാമില്‍ 70.5 ശതമാനം പേര്‍ക്ക് പ്രിയങ്കരം ചായ തന്നെയാണ്. ഇത് ഏകദേശം ജനസംഖ്യയുടെ 78.5 ശതമാനം വരും. എന്നാല്‍ ടര്‍ക്കിയിലാകട്ടെ ജനസംഖ്യയുടെ 90 ശതമാനവും ചായപ്രിയരാണ്.ഏകദേശം 77ദശലക്ഷം പേരാണ് അവിടെ ദിവസേന ഇത് ഉപയോഗിക്കുന്നത്. സ്‌പെയിന്‍, ജര്‍മ്മനി, അയര്‍ലണ്ട് എന്നിവിടങ്ങളിലും തേയിലയും ചായയും ലഭ്യമാണ്.

2022 ജനുവരിമുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലത്ത് ഇന്ത്യ കയറ്റുമതി ചെയ്തത് 16.5.58 ദശലക്ഷം കിലോഗ്രാം തേയിലയാണെന്ന് ടീ ബോര്‍ഡിന്റെ കണക്കുകള്‍ പറയുന്നു. . 2022 ജനുവരി-ഏപ്രില്‍ കാലയളവിലെ മൊത്തം കയറ്റുമതി 65 ദശലക്ഷം കിലോഗ്രാമും. ഇതിന്റെ മൂല്യം 215 ദശലക്ഷം ഡോളറായിരുന്നു. ലോകത്തെ ആദ്യ അഞ്ച് തേയില കയറ്റുമതിക്കാരുടെ പട്ടിക പരിശോധിച്ചാല്‍ അതിലൊന്ന് ഇന്ത്യയാണ്.

വന്‍ മെഷീനറികളോ, വലിയ നിക്ഷേപങ്ങളോ ഒന്നും ആവശ്യമില്ലാത്ത ഒരു ചെറു ബിസിനസ്. നന്നായി ചായ എടുക്കാനറിയുന്നവര്‍ മാത്രമാണ് ഇതിലെ പ്രധാന മുടക്കുമുതല്‍.     വൈവിധ്യമാർന്ന രൂചിഭേദങ്ങള്‍  സൃഷ്ടിക്കാനും കഴിയണം. ആ രുചി ആസ്വദിക്കാനായി ആളുകള്‍ തേടിവരും. കാരണം ചായ ഇന്ത്യയുടെ വികാരമാണ്. അതിന് ഒരു തിരിച്ചുപോക്ക് ഉണ്ടാവില്ല. എവിടെ ടീ ഷോപ്പ് തുടങ്ങിയാലും അവിടെ ആളുകൂടുന്നതുതന്നെ ഉദാഹരണം. ഇക്കാരണത്താല്‍ ഈ മേഖലയില്‍ ഇനിയും പുതിയ  ചായ സംരംഭങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.

Tags:    

Similar News