ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളിൽ പരിശീലനം പൂർത്തിയാക്കി ലൈസൻസ് കരസ്ഥമാക്കിയ ആദ്യ ബാച്ചിന്റെ ലൈസൻസ് വിതരണം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും. ലൈസൻസിൽ ക്യൂആർ കോഡ് സൗകര്യം ഏർപ്പെടുത്തുമെന്നും ലൈസൻസ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആർ കോഡും ഫോട്ടോയും അടക്കം ഡിജിറ്റലാക്കി ഫോണിൽ സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ലൈസൻസിൻ്റെ ഡിജിറ്റലൈസേഷനെന്നും മന്ത്രി വ്യക്തമാക്കി.
കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവിംഗ് സ്‌കൂൾ സംരംഭത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പരിശീലന ഗ്രൗണ്ട് സജ്ജമാക്കുന്നതിനായി എംഎൽഎ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. കേരള റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്നും കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂളിനായി ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ചുള്ള അംഗീകാരം മോട്ടോർ വാഹനവകുപ്പിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഒരു ഡ്രൈവിങ് സ്‌കൂളിന് 30 ലക്ഷം രൂപയുടെ ധനസഹായം ലഭ്യമാക്കുന്നതിനായി കെ.എസ്.ആർ.ടി.സി 11 യൂണിറ്റുകളിൽ ഡ്രൈവിങ് സ്‌കൂൾ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.