മെഗാ ഐപിഒ കഴിഞ്ഞു; ഇനി എല്ലാ കണ്ണുകളും ലിസ്റ്റിംഗില്‍

ടാറ്റാ ടെക്കിന്റെ ലിസ്റ്റിംഗ് മിക്കവാറും നവംബര്‍ 30 വ്യാഴാഴ്ചയുണ്ടാകും

Update: 2023-11-25 09:45 GMT

നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിച്ച ഒരു വാരമാണ് കഴിഞ്ഞു പോയത്.

7,380 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞയാഴ്ച നടന്ന അഞ്ച് ഐപിഒകളിലേക്ക് 2.6 ലക്ഷം കോടി രൂപയാണ് നിക്ഷേപമായി ഒഴുകിയെത്തിയത്. ഇത് വിപണിക്കു നല്‍കിയ ആവേശം ചെറുതല്ല.

ഈ ഐപിഒകളില്‍ ഏറ്റവും വലുത് ടാറ്റാ ടെക്‌നോളജീസിന്റേതായിരുന്നു. 7.36 ദശലക്ഷം അപേക്ഷകളാണു ടാറ്റാ ടെക്ക് ഐപിഒയ്ക്ക് ലഭിച്ചത്.

ഇന്ത്യന്‍ പ്രാഥമിക വിപണി ചരിത്രത്തിലെ തന്നെ ഏറ്റവും വലുതാണിതെന്നും കണക്കുകള്‍ പറയുന്നു.

7.34 ദശലക്ഷം അപേക്ഷകള്‍ ലഭിച്ച എല്‍ഐസിയുടെ ഐപിഒയായിരുന്നു ഇതിനു മുന്‍പ് വലിയ പ്രതികരണം ലഭിച്ച ഐപിഒ. 2022 മെയ് 17-നായിരുന്നു എല്‍ഐസി ഐപിഒ.

2008 ജനുവരിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഐപിഒയ്ക്ക് 4.8 ദശലക്ഷം അപേക്ഷകള്‍ ലഭിച്ചിരുന്നു.

ടാറ്റ ടെക്കിനു പുറമെ കഴിഞ്ഞയാഴ്ചയില്‍ ശ്രദ്ധ നേടിയ ഐപിഒയായിരുന്നു ഗന്ധര്‍ ഓയില്‍ റിഫൈനറിയുടേത്. 64 മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്.

പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇഡിഎയുടെ ഐപിഒയ്ക്ക് 38.8 മടങ്ങ് അപേക്ഷകള്‍ ലഭിച്ചു. എന്നാല്‍ ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഐപിഒയ്ക്ക് തണുത്ത പ്രതികരണമാണ് ലഭിച്ചത്. 2.2 മടങ്ങ് അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞയാഴ്ച നടന്ന മറ്റൊരു പ്രമുഖ ഐപിഒയായിരുന്നു ഫ്‌ളെയര്‍ റൈറ്റിംഗിന്റേത്. 46.7 മടങ്ങ് അപേക്ഷകളാണ് ലക്ഷിച്ചത്.

2023-ല്‍ ഇതുവരെ 47 കമ്പനികള്‍ ഐപിഒ വഴി 44,298 കോടി രൂപ സമാഹരിച്ചു.

ലിസ്റ്റിംഗ്

ടാറ്റാ ടെക്കിന്റെ ലിസ്റ്റിംഗ് മിക്കവാറും നവംബര്‍ 30 വ്യാഴാഴ്ചയുണ്ടാകുമെന്ന് കരുതുന്നുണ്ട്.

ഐപിഒയ്ക്ക് നല്ല പ്രതികരണം ലഭിച്ചതിനാല്‍ ടാറ്റാ ടെക്കിന്റെ ഓഹരിക്ക് ഗ്രേ മാര്‍ക്കറ്റില്‍ നല്ല ഡിമാന്‍ഡ് ഉണ്ട്.

നവംബര്‍ 21ന് ടാറ്റാ ടെക്ക് ഐപിഒ ആരംഭിക്കുന്നതിനു ഒരു ദിവസം മുന്‍പ് ഗ്രേ മാര്‍ക്കറ്റില്‍ 340 രൂപയായിരുന്നു ഓഹരി വില. എന്നാല്‍ നവംബര്‍ 25ന് വില 402 രൂപയാണ്.

Tags:    

Similar News