16 തികഞ്ഞിട്ടില്ലേ? എങ്കില്‍ സോഷ്യല്‍ മീഡിയ ഉപയോഗം വേണ്ട, നിയമം പാസാക്കി ഓസ്‌ട്രേലിയ
16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ നിയമം ഓസ്ട്രേലിയയുടെ പാര്‍ലമെന്റ് പാസാക്കി. ടിക് ടോക്, ഫെയ്‌സ് ബുക്ക്, സ്‌നാപ് ചാറ്റ്, റെഡ്ഡിറ്റ്, എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഓസ്‌ട്രേലിയയില്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ നിരോധനമേര്‍പ്പെടുത്തിയത്. ഗൂഗിള്‍, മെറ്റ, എക്‌സ് എന്നീ ടെക് ഭീമന്‍മാരുടെ കടുത്ത എതിര്‍പ്പ് തള്ളിയാണ് ഓസ്‌ട്രേലയില്‍ സര്‍ക്കാരിന്റെ നടപടി.
പുതിയ നിയമപ്രകാരം, പതിനാറ് വയസ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് തടയുന്നതിന് ടെക് കമ്പനികള്‍ സുരക്ഷാ നടപടികള്‍ കൈക്കൊള്ളണം അല്ലെങ്കില്‍ ഏകദേശം 50 ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ പിഴ ഈടാക്കും. കമ്പനികള്‍ എന്നുമുതല്‍ ഇത് പ്രാവര്‍ത്തികമാക്കണമെന്ന് ഉടനെ അറിയിക്കും. ബില്‍ ഈ ആഴ്ച നിയമമാകുമെങ്കില്‍ പിഴകള്‍ നടപ്പിലാക്കുന്നതിന് മുമ്പ് പ്രായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഒരു വര്‍ഷം സമയം ലഭിക്കും.