ഇഡി പരിശോധന കമ്പനിക്ക് എതിരേയല്ലെന്ന് മണപ്പുറം ഫിനാന്‍സ്

  • കണ്ടുകെട്ടിയത് 143 കോടി രൂപയുടെ സ്വത്തുക്കളെന്ന് ഇഡി
  • 2000 കോടി രൂപയുടെ ഓഹരികള്‍ മരവിപ്പിച്ചെന്ന് നന്ദകുമാര്‍
  • പരിശോധന മണപ്പുറം അഗ്രോ ഫാംസിന്‍റെ (മാഗ്രോ) പേരിലെ ഇടപാടുകളില്‍
;

Update: 2023-05-05 09:12 GMT
ed raid manappuram finance
  • whatsapp icon

തങ്ങളുടെ പ്രമോട്ടർ വിപി നന്ദകുമാറിനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടി കമ്പനിയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ളതല്ലെന്ന് മണപ്പുറം ഫിനാൻസ് ലിമിറ്റഡ്. ഇന്ന് നടത്തിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിംഗ് ഇതര വായ്പാദാതാവ് വിശദീകരണം നല്‍കിയിട്ടുള്ളത്.

കമ്പനിയുടെ രജിസ്റ്റർ ചെയ്ത ഓഫീസിൽ നടത്തിയ പരിശോധനയിൽ 143 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി ഇഡി വ്യാഴാഴ്ച അറിയിച്ചിരുന്നു. മരവിപ്പിച്ച ആസ്തികളിൽ വിപി നന്ദകുമാറിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ 19,29,01,996 ഇക്വിറ്റി ഷെയറുകളും ഉൾപ്പെടുന്നുവെന്നും ചില രേഖകളും കണ്ടുകെട്ടിയതായും ഏജൻസി അറിയിച്ചു.

അന്വേഷണം മണപ്പുറം ഫിനാന്‍സുമായി ബന്ധപ്പെട്ടതല്ലെന്നും ഇപ്പോൾ നിലവിലില്ലാത്ത മണപ്പുറം അഗ്രോ ഫാംസ് എന്ന സ്വകാര്യ സംരംഭവുമായി ബന്ധപ്പെട്ടുള്ളതാണെന്നും നന്ദകുമാർ ഫയലിംഗില്‍ പറഞ്ഞു. തന്റെ കൈവശമുണ്ടായിരുന്ന ഏകദേശം 2,000 കോടി രൂപ വിലമതിക്കുന്ന മണപ്പുറം ഫിനാൻസ് ഓഹരികള്‍ മരവിപ്പിച്ച ഇഡി 140 കോടി രൂപയുടെ മൂല്യം മാത്രമാണ് അതിന് നൽകിയിട്ടുള്ളതെന്നും ഇക്കാര്യത്തിൽ നിയമപരമായ സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും നന്ദകുമാർ പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട വിവിധ കുറ്റങ്ങള്‍ സംശയിക്കുന്ന രേഖകളും 60 സ്ഥാവര സ്വത്തുക്കളുടെ ആസ്തി രേഖകളും പരിശോധനയ്ക്കിടെ പിടിച്ചെടുത്തതായി ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ആർബിഐ അനുമതിയില്ലാതെ മണപ്പുറം അഗ്രോ ഫാംസ് (മാഗ്രോ) എന്ന തന്റെ സ്ഥാപനത്തിലൂടെ വി പി നന്ദകുമാർ ആർബിഐ അനുമതിയില്ലാതെ പൊതു നിക്ഷേപ രൂപത്തില്‍ വലിയ തോതിലുള്ള പണമിടപാടുകള്‍ നടത്തിയതിന് തെളിവുകളുണ്ടെന്ന് അന്വേഷണ ഏജന്‍സി പറയുന്നു.

ലിസ്‌റ്റഡ് കമ്പനിയായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ വിവിധ ബ്രാഞ്ച് ഓഫീസുകളിൽ നിന്ന് ചില ജീവനക്കാർ മുഖേന നന്ദകുമാർ അനധികൃതമായി നിക്ഷേപം ശേഖരിച്ചുവെന്നാണ് ഇഡി ആരോപിക്കുന്നത്. അനധികൃതമായി ശേഖരിച്ച നിക്ഷേപങ്ങളിലെ കുറ്റകരമായ വരുമാനമായി നിലവിലുള്ളത് 143 കോടി രൂപയാണെന്നും റിസര്‍വ് ബാങ്കും ഇത് കണ്ടെത്തിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. ആർ‌ബി‌ഐ ഇത് നിക്ഷേപകർക്ക് തുക തിരികെ നൽകാൻ നിർദ്ദേശിച്ചപ്പോൾ, നിക്ഷേപകർക്ക് പണം തിരികെ നൽകിയതായി പ്രതികൾ ആർ‌ബി‌ഐയോട് പ്രതികരിച്ചു. എന്നാൽ ഇഡി നടത്തിയ അന്വേഷണത്തില്‍ തിരിച്ചടവിന്‍റെ തെളിവുകളോ നിക്ഷേപകരുടെ കെ‌വൈ‌സിയോ ലഭ്യമായില്ലെന്നും ഏജന്‍സി ആരോപിക്കുന്നു. 

Tags:    

Similar News