മത്സ്യത്തീറ്റ ഉല്‍പ്പാദനം : കുഫോസ് മെറിഡിയന്‍ ബയോടെക്കുമായി സഹകരിക്കും

  • പ്രോട്ടീന്‍ സമ്പുഷ്ടമായ മത്സ്യ ഭക്ഷണത്തിന്റെ ഉല്‍പ്പാദനത്തിലും പരിശോധനയിലും സഹകരിക്കും
  • അക്വാകള്‍ച്ചര്‍ മേഖലയ്ക്ക് മികച്ച സംഭാവന നല്‍കുമെന്ന് വിലയിരുത്തപ്പെടുന്നു

Update: 2023-08-10 11:58 GMT

സുസ്ഥിര മത്സ്യകൃഷിയിലേക്ക് ഒരു സുപ്രധാന ചുവടുവെയ്പ്പുമായി  കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാല (കുഫോസ്) ടെക്‌സാസ് ആസ്ഥാനമായുള്ള  പ്രമുഖ വ്യാവസായിക ബയോടെക്‌നോളജി സ്ഥാപനമായ മെറിഡിയന്‍ ബയോടെക്കുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

തദ്ദേശീയമായ മത്സ്യേതര അസംസ്‌കൃത വസ്തുക്കളില്‍ നിന്ന് വേർതിരിച്ചെടുക്കുന്ന  പ്രോട്ടീന്‍ ഉപയോഗിച്ചുള്ള  സമ്പുഷ്ടമായ മത്സ്യ തീറ്റ  ഉല്‍പ്പാദനത്തിലും അവയുടെ ഗുണമേന്മ  പ്രക്രിയകളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സഹകരണം കൊണ്ട്  ലക്ഷ്യമിടുന്നത്.

അക്വാകള്‍ച്ചറിനും പെറ്റ് ഫുഡ് മാര്‍ക്കറ്റുകള്‍ക്കുമായി ഉയര്‍ന്ന മൂല്യമുള്ള സിംഗിള്‍ സെല്‍ പ്രോട്ടീനുകളുടെ ഉല്‍പ്പാദനത്തില്‍ ആഗോള വിപണിയില്‍ മുന്‍നിരയിലുള്ളവരാണ് മെറിഡിയന്‍ ബയോടെക്. പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടാനും മത്സ്യ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും കമ്പനി കുഫോസുമായി ഇനി കൈകോര്‍ക്കും.

ഇപ്പോൾ മൽസ്യ കുഞ്ഞുങ്ങളാണ് മത്സ്യ തീറ്റയിൽ പ്രധാനമായി ഉപയോഗിക്കുന്നത്. സാധാരണയായി ഒരു കിലോഗ്രാം മത്സ്യ തീറ്റ  ഉല്‍പ്പാദിപ്പിക്കുന്നതിന് അഞ്ച് കിലോഗ്രാം മത്സ്യക്കുഞ്ഞുങ്ങള്‍ ആവശ്യമാണ്. ഇത് മൽസ്യ സമ്പത്തിനു വലിയ ഭീഷണിയാണ് .

സിംഗിള്‍ സെല്‍ പ്രോട്ടീനുകളെ അടിസ്ഥാനമാക്കിയുള്ള മത്സ്യഭക്ഷണത്തിന്റെ വ്യാവസായിക ഉല്‍പ്പാദനം നടപ്പിലാക്കിയും,  മൽസ്യ  കര്‍ഷകര്‍ക്ക് താങ്ങാൻ പറ്റുന്ന  വിലയില്‍ അത്  നൽകികൊണ്ട്   കുഫോസും മെറിഡിയന്‍ ബയോടെക്കും മൽസ്യ സമ്പത്തു നേരിടുന്ന ഭീഷണിക്കു ഒരളവുവരെ  പരിഹാരം കാണും. 

പ്രോട്ടീന്‍ സമ്പുഷ്ടമായ മത്സ്യ ഭക്ഷണത്തിന്റെ ലഭ്യത, യുഎസും യൂറോപ്യന്‍ യൂണിയനും ഇന്ത്യന്‍ ചെമ്മീന്‍ നിരസിക്കുന്ന നിരക്ക് ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കുഫോസ് വൈസ് ചാന്‍സലര്‍ ടി.പ്രദീപ് കുമാര്‍ പറഞ്ഞു. യുഎസിന്റെ ചെമ്മീന്‍ ഇറക്കുമതിയുടെ 55 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ഗുണനിലവാര പ്രശ്നങ്ങളുടെ പേരില്‍ ചരക്കുകള്‍ നിരസിക്കുന്നത് കാരണം ഇന്ത്യന്‍ ചെമ്മീന്‍ കര്‍ഷകര്‍ക്ക് പലപ്പോഴും തിരിച്ചടികള്‍ നേരിടേണ്ടിവരുന്നു. സിംഗിള്‍ സെല്‍ പ്രോട്ടീന്‍ അധിഷ്ഠിത മത്സ്യ ഭക്ഷണത്തിന്റെ ഉപയോഗം ഈ വെല്ലുവിളിയെ ഫലപ്രദമായി നേരിടാന്‍ കഴിവുള്ളതാണ്.

കുഫോസും മെറിഡിയന്‍ ബയോടെക്കും തമ്മിലുള്ള സഹകരണം സുസ്ഥിരമായ മത്സ്യകൃഷി രീതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും മൽസ്യ തീറ്റ  ഉല്‍പ്പാദനത്തിലും പരിശോധനയിലും നൂതനത്വം വളര്‍ത്തുന്നതിനുള്ള ഒരു സുപ്രധാന നാഴികക്കല്ലാണ്. ഈ പങ്കാളിത്തം ഇന്ത്യയുടെ അക്വാകള്‍ച്ചര്‍ മേഖലയ്ക്ക് മികച്ച സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പരിസ്ഥിതിക്കും മൽസ്യ  കര്‍ഷകരുടെ ഉപജീവനത്തിനും ഗുണം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.

Tags:    

Similar News