'ഡ്രൈവർ ഫോൺ ഉപയോഗിച്ചാൽ ഉടൻ അലർട്ട്' ksrtc എസി പ്രീമിയം സർവീസുകൾ തുടങ്ങി

Update: 2024-10-16 08:09 GMT

അത്യാധുനിക സൗകര്യങ്ങളുമായാണ് കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. എല്ലാ സീറ്റിലും മൊബൈൽ ചാർജർ, റീഡിങ് ലാമ്പുകൾ, കുപ്പിവെള്ളം വയ്ക്കാനുള്ള സൗകര്യം, മ്യൂസിക് സിസ്റ്റം, ടിവി, സൈഡ് കർട്ടനുകൾ, സീറ്റ് ബെൽറ്റ്‌ , പുഷ്ബാക്ക് സീറ്റ്   തുടങ്ങി നിരവധി സൗകര്യങ്ങളാണ് ബസിലുള്ളത്. ആദ്യഘട്ടത്തിൽ 10 ബസാണ് പുറത്തിറക്കുന്നത്. 40 സീറ്റുള്ള ബസ് ഒന്നിന് 39.8 ലക്ഷം രൂപയാണ് വില. വൈഫൈ സൗകര്യമുള്ള ബസിൽ യാത്രക്കാർക്ക് ഒരു ജിബി നെറ്റ് സൗജന്യമാണ്. ചെറിയ നിരക്ക് നൽകിയാൽ കൂടുതൽ ഡാറ്റ അനുവദിക്കും. സൂപ്പർ ഫാസ്റ്റ് ബസിനേക്കാൾ കൂടുതലും നിലവിലുള്ള എസി ബസിനേക്കാൾ കുറവുമായിരിക്കും നിരക്ക്.

യാത്രക്കാർക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാം. ഇടയ്ക്ക് യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ ഗുണനിലവാരമുള്ള ഹോട്ടലുകളിൽ സൗകര്യം ഒരുക്കും. തിരുവനന്തപുരം - കോഴിക്കോട്, കോഴിക്കോട് - തിരുവനന്തപുരം, തിരുവനന്തപുരം - പാലക്കാട്, പാലക്കാട് - തൃശൂർ റൂട്ടുകളിൽ എ സി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസ് നടത്തും. കുറഞ്ഞ ചെലവിൽ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് എ സി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസിലൂടെ കെ എസ് ആർ ടി സി ലക്ഷ്യം വയ്ക്കുന്നത്.

കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം എ സി സർവീസുകളുടെ ഉദ്ഘാടനം തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മികച്ച സൗകര്യങ്ങൾ യാത്രക്കാർക്ക് നൽകിയും തൊഴിലാളി സൗഹൃദ നടപടികളിലൂടെയും കെ എസ് ആർ ടി സിയുടെ പുതിയ ഘട്ടത്തിന് തുടക്കമായതായി മുഖ്യമന്ത്രി പറഞ്ഞു.

കെ എസ് ആർ ടി സിയിലെ തൊഴിലാളികൾക്ക് കൈമാറാൻ ഇതിനകം 850 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലോടെ തൊഴിലാളികൾക്ക് ഒരുമിച്ച് ശമ്പളം നൽകാൻ കഴിഞ്ഞു. മറ്റ് സ്വകാര്യ ബസ് സർവീസുകളിലില്ലാത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവും വൈഫൈ സൗകര്യവുമടക്കം ബസുകളിലുണ്ട്. ഡ്രൈവർമാർ ഉറങ്ങുകയോ മൊബൈൽ ഉപയോഗിക്കുകയോ ചെയ്താൽ കൺട്രോൾ റൂമിൽ അലർട്ടുകൾ ലഭിക്കുമെന്നത് യാത്രാ സുരക്ഷിതത്വം വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

Tags:    

Similar News