വരുമാനം 5 കോടി ! കെഎസ്‌ആർടിസി കൊറിയർ സർവീസ്‌ കുതിക്കുന്നു

Update: 2024-10-07 15:32 GMT

ടിക്കറ്റിതര വരുമാനത്തിലൂടെ കെഎസ്‌ആർടിസിക്ക്‌ വൻ നേട്ടം. കൊറിയർ ആൻഡ്‌ ലോജിസ്റ്റിക്‌സ്‌, പരസ്യവരുമാനം, സിനിമാഷൂട്ടിങ്‌, ഹില്ലി അക്വ കുടിവെള്ള വിൽപ്പന തുടങ്ങിയ മാർഗങ്ങളിലൂടെ അഞ്ചുകോടിക്കുമുകളിലാണ്‌ വരുമാനം. കഴിഞ്ഞവർഷം ജൂണിൽ 20,000 രൂപയാണ്‌ കെഎസ്‌ആർടിസി കൊറിയർ ആൻഡ്‌ ലോജിസ്റ്റിക്‌സ്‌ സർവീസിലൂടെ ലഭിച്ചിരുന്നത്. എന്നാൽ ഇത് അഞ്ചുകോടിയായി ഉയർന്നു. 2023 ഓഗസ്റ്റിൽ 17.97 ലക്ഷമായിരുന്നു വരുമാനം. 2024 ഏപ്രിലിൽ 43.31 ലക്ഷവും സെപ്‌തംബറിൽ 52.39 ലക്ഷവുമായി ഉയർന്നു. ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്ന എറണാകുളം ഡിപ്പോയിൽ ദിവസം ശരാശരി 35,000 രൂപയുടെ ബിസിനസുണ്ട്‌. 

കെഎസ്‌ആർടിസി ലോജിസ്റ്റിക്‌സ്‌ സർവീസിലൂടെ ചുരുങ്ങിയ ചെലവിലാണ്‌ ആവശ്യക്കാർക്ക്‌ സാധനങ്ങൾ എത്തിക്കുന്നത്‌. ഡിപ്പോയിൽ പാഴ്‌സൽ എത്തിച്ചാൽ 16 മണിക്കൂറിനകം അത്‌ ആവശ്യക്കാരുടെ കൈയിലെത്തും. കെഎസ്‌ആർടിസി ബസുകളിലും ചരക്കുവാഹനങ്ങളിലുമാണ്‌ ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കുന്നത്‌. സംസ്ഥാനത്തിനുപുറമെ തമിഴ്‌നാടിനെയും കോർത്തിണക്കി അവധിയില്ലാതെയാണ്‌ സർവീസ്‌. കെഎസ്‌ആർടിസി സ്റ്റാൻഡുകളിലെയും ബസുകളിലെയും പരസ്യവരുമാനം റെക്കോഡിലാണ്‌. കഴിഞ്ഞ രണ്ടുവർഷം പരസ്യത്തിലൂടെ 30 കോടി രൂപ ലഭിച്ചു. സിനിമാചിത്രീകരണത്തിന്‌ സ്ഥലം നൽകിയതിൽ രണ്ടുലക്ഷവും ഹില്ലി അക്വാ കുപ്പിവെള്ളവിതരണത്തിലൂടെ രണ്ടുമാസം കൊണ്ട്‌ ഒരുലക്ഷവും നേടി.

Tags:    

Similar News