അധികഭൂമി പുതിയ വരുമാന ശ്രോതസ് ആക്കാൻ കെ എസ് ആർ ടി സി ഒരുങ്ങുന്നു

നിക്ഷേപത്തില്‍ നിന്നും മുന്‍കൂറായി ലഭിക്കുന്ന തുക ഉപയോഗിച്ച് കെഎസ്ആര്‍ടിസിയുടെ നിലവിലുള്ള കടത്തിന്റെ ഒരു ഭാഗം തിരിച്ചടയ്ക്കാൻ കഴിയും

Update: 2023-09-13 13:16 GMT

തിരുവനന്തപുരം: നഷ്ടത്തിന്റെ ടോപ് ഗിയറിൽ ഓടുന്ന കെ എസ് ആർ ടി സി അതിന്റെ അധിക ഭൂമി പ്രൈവറ്റ് പബ്ലിക് പാർട്ടിസിപ്പേഷൻ ( പൊതു - സ്വകാര്യ  പങ്കാളിത്തം) പദ്ധതിയിലൂടെ സ്വകാര്യ നിക്ഷേപകർക്ക് ലേലത്തിലൂടെ നൽകി പുതിയ വരുമാനം കണ്ടെത്താൻ ശ്രമിക്കും 

ഇത് സംബന്ധിച്ചു കിഫ്ബി പുറത്തിറക്കിയ രേഖ അനുസരിച്ചു .ഇത്തരമൊരു പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലൂടെ കോര്‍പറേഷനു കീഴിലുള്ള തെരഞ്ഞെടുത്ത സ്ഥലങ്ങള്‍ ലഭിക്കുന്ന  സ്വാകര്യ നിക്ഷേപകർക്ക്   ഹോട്ടല്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, മാളുകള്‍, ഓഫീസ് സ്‌പേസുകള്‍ തുടങ്ങിയ നിർമ്മിക്കാം. 

കേരള സര്‍ക്കാരിനു കീഴിലുള്ള പൊതു ഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസിയുടെ 28 ഡിപ്പോകള്‍, 45 സബ്ഡിപ്പോകള്‍, 19 കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററുകള്‍ എന്നിവ സംസ്ഥാനത്തെ വിലകൂടിയ  സ്ഥലങ്ങളിലാണുള്ളത്. ഇവയോട് ചേര്‍ന്ന് കോര്‍പറേഷന് ധാരാളം ഭൂമിയുണ്ട്.

ലേലത്തിലൂടെ ഭൂമി ഏറ്റെടുക്കുന്നവരില്‍ നിന്നും പ്രതീക്ഷിക്കുന്ന നിക്ഷേപത്തില്‍ നിന്നും മുന്‍കൂറായി ലഭിക്കുന്ന തുക ഉപയോഗിച്ച് കെഎസ്ആര്‍ടിസിയുടെ നിലവിലുള്ള കടത്തിന്റെ ഒരു ഭാഗം തിരിച്ചടയ്ക്കാനും  കോര്‍പറേഷന്റെ പതിവ് ചെലവുകള്‍ക്കായി  ഇതര വരുമാന മാര്‍ഗം കണ്ടെത്താനും കഴിയുന്നതരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നാണ് കിഫ്ബി രേഖകള്‍ പറയുന്നത്.

ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ദീര്‍ഘകാലമായി കോര്‍പറേഷനെ ഭാഗികമായി സഹായിക്കുന്നുണ്ട്. അധിക വരുമാന സ്രോതസ് കണ്ടെത്തിയില്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാണ്. അതിയായ  സാമ്പത്തിക ആശങ്കകള്‍ ഉയരുന്ന  സാഹചര്യത്തിൽ  ഈ നീക്കത്തെ സാമ്പത്തിക വിദഗ്ധരും പ്രശംസിച്ചു.

ഒരു മാസം ഡീസല്‍ ബില്ല് മാത്രം 100 കോടി രൂപയിലധികം വരും. കടം തിരിച്ചടവ് 30 കോടിക്ക് മുകളില്‍, സ്‌പെയറുകള്‍ വാങ്ങാന്‍ 10 കോടി രൂപയ്ക്ക് മുകളില്‍, മറ്റ് ചെലവുകള്‍ക്കായി 20 കോടിയോളം രൂപ. ഇതിനിടയില്‍ പ്രതിമാസ ശമ്പളത്തിന്റെ 45 മുതല്‍ 50 ശതമാനം വരെ മാത്രമാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന് നല്‍കാന്‍ കഴിയുന്നത്.

ഡിസൈന്‍ ബില്‍റ്റ് ഫിനാന്‍സ് ഓപറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍ (ഡിബിഎഫ്ഒടി) വഴി വികസിപ്പിച്ച ഭൂമി പാട്ടത്തിന് നല്‍കാനുള്ള പദ്ധതിയുടെ ഇടപാടുകളുടെ ഉപദേഷ്ടാവായി പുതിയതായി രൂപീകരിച്ച കിഫ്ബിയുടെ കിഫ്‌കോണ്‍ (കെഐഐഎഫ്‌സിഒഎന്‍) നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള അനുയോജ്യമായ സ്ഥലം ആവശ്യമായ സ്ഥല പരിശോധനകള്‍ക്കും പ്രാഥമിക സാധ്യത പഠനങ്ങള്‍ക്കും ശേഷം കണ്ടെത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ള ആഗോള സ്വകാര്യ നിക്ഷേപകരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിക്കും. താല്‍പര്യപത്രം ലഭിച്ചു കഴിഞ്ഞാല്‍ കിഫ്‌കോണ്‍ ക്വാളിറ്റി ആന്‍ഡ് കോസ്റ്റ് ബേസ്ഡ് സെലക്ഷന്‍ (ക്യൂസിബിഎസ്) അടിസ്ഥാനമാക്കി സാധ്യതയുള്ള ലേലക്കാരെ തെരഞ്ഞെടുക്കാന്‍ റിക്വസ്റ്റ് ഫോര്‍ പ്രപ്പോസല്‍ ആരംഭിക്കും.

Tags:    

Similar News