നയപ്രഖ്യാപനം രണ്ടുമിനിട്ടുമാത്രം; അമ്പരപ്പിച്ച് ഗവര്‍ണര്‍

  • വായിച്ചത് അവസാന ഖണ്ഡിക മാത്രം
  • സര്‍ക്കാര്‍ -ഗവര്‍ണര്‍ തര്‍ക്കമാണ് ഇതിനു വഴിതുറന്നതെന്ന് വിലയിരുത്തല്‍

Update: 2024-01-25 06:15 GMT

സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം രണ്ടുമിനിട്ടുകൊണ്ട് അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രമാണ് ഗവര്‍ണര്‍ വായിച്ചത്. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്.

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള സംഘര്‍ഷമാണ് നയപ്രഖ്യാപനം വെട്ടിച്ചുരുക്കാന്‍ കാരണമായതെന്ന് കരുതുന്നു. രാവിലെ ഒന്‍പത് മണിക്ക് നിയമസഭയിലെത്തിയ ഖാന്‍ 9.02 ന് മുമ്പ് നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചു.

സഭയിലെ എല്ലാവരേയും അഭിവാദ്യം ചെയ്തുകൊണ്ടാണ് ഖാന്‍ പ്രസംഗം ആരംഭിച്ചത്. അതിനുശേഷം അവസാനഖണ്ഡികമാത്രമാണ് വായിക്കുക എന്ന് പറയുകയായിരുന്നു. നിയമസഭ പാസാക്കിയ ചില ബില്ലുകളില്‍ ഒപ്പുവെക്കാത്തതുള്‍പ്പെടെ, നിരവധി വിഷയങ്ങളില്‍ ഖാനും ഇടത് സര്‍ക്കാരും തമ്മില്‍ തര്‍ക്കമുണ്ട്.

ഗവർണറുടെ നടപടിക്കെതിരെ പ്രതിപക്ഷമായ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് പ്രതിഷേധിച്ചപ്പോൾ ഗവർണർ പ്രസംഗം മുഴുവൻ വായിക്കേണ്ട കാര്യമില്ലെന്ന് സ്പീക്കർ പറഞ്ഞു.

കേരള നിയമസഭയിൽ ഗവർണർ നടത്തുന്ന ഏറ്റവും ചെറിയ നയപ്രഖ്യാപന പ്രസംഗമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

ഗവർണർ നിയമസഭയെ പരിഹസിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. 63 പേജുള്ള നയപ്രഖ്യാപനം പൊള്ളയായ ഒന്നാണെന്നും പ്രതിപക്ഷം പറഞ്ഞു.

നിരവധി വിഷയങ്ങളിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ ഗവർണർ ബി.ജെ.പി-ആർ.എസ്.എസ് അനുഭാവികളെ സർവകലാശാലകളിൽ നാമനിർദ്ദേശം ചെയ്യുന്നു എന്നാരോപിച്ച് സി.പി.എമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐയും പ്രക്ഷോഭം നടത്തുന്നുണ്ട്.

ജനുവരി 29, 30, 31 തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കു ശേഷം ഫെബ്രുവരി അഞ്ചിന് പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും. മാര്‍ച്ച് 27 വരെ ആകെ 32 ദിവസമാണ് സമ്മേളനം.

2024ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബില്‍, 2024ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍, 2024ലെ കേരള പഞ്ചായത്തീരാജ് (ഭേദഗതി) ബില്‍ എന്നിവയാണ് സമ്മേളന കാലത്ത് പരിഗണിക്കാനിടയുള്ള പ്രധാന ബില്ലുകൾ.

Tags:    

Similar News