ഇന്നും ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് തോമസ് ഐസക്

  • ഈ മാസം ആദ്യം അയച്ച നോട്ടീസിലും അദ്ദേഹം ഹാജരായില്ല
  • 2 വര്‍ഷം മുമ്പ് അയച്ച നോട്ടീസുകള്‍ ഇഡി പിന്‍വലിച്ചിരുന്നു
  • ഇഡിക്കെതിരേ കിഫ്ബി ഹൈക്കോേടതിയെ സമീപിച്ചിട്ടുണ്ട്

Update: 2024-01-22 06:04 GMT

കിഫ്ബി മസാല ബോണ്ട് പുറത്തിറക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ഇന്നും ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. ആരോഗ്യപരമായ പ്രശ്നങ്ങളുള്ളതിനാല്‍ ഇന്ന് ഹാജരാകാന്‍ സാധിക്കില്ലെന്നാണ് അഭിഭാഷകന്‍ മുഖേന അദ്ദേഹം അറിയിച്ചിട്ടുള്ളത്.

നേരത്തേ ജനുവരി 12ന് നോട്ടീസ് അയച്ച ഘട്ടത്തിലും അദ്ദേഹം ഹാജരായിരുന്നില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ വരാനാകില്ലെന്നാണ് അന്ന് അറിയിച്ചിരുന്നത്. തുടര്‍ന്ന് ഇഡി വീണ്ടും നോട്ടീസ് അയക്കുകയായിരുന്നു. 

ആദ്യ ഘട്ടത്തില്‍ ഇഡി അയച്ച നോട്ടീസിനെ ചോദ്യം ചെയ്ത് തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. നോട്ടീസ് അയച്ചതിന്‍റെ സാഹചര്യം വ്യക്തമല്ലെന്നും കിഫ്ബി ബോണ്ടുകളുമായി ബന്ധപ്പെട്ട് എല്ലാ അനുമതികളും ലഭിച്ചിട്ടുണ്ടെന്നുമാണ് കിഫിബിയും ഐസക്കും വാദിക്കുന്നത്. എന്നാല്‍ ചട്ടലംഘനം നടന്നുവെന്നും പണം വകമാറ്റി ചെവഴിക്കപ്പെട്ടുവെന്നും ഇഡി പറയുന്നു.

ആദ്യഘട്ടത്തിലെ നോട്ടീസുകള്‍ പിന്‍വലിക്കുന്നതായി ഇഡി കോടതിയില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നോട്ടീസ് അയച്ചത്. ഇതിനെതിരേ കിഫ്ബി വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്. 

Tags:    

Similar News