ഇന്ത്യ-ഓസീസ് ഫൈനലിന് ക്ഷണം ലഭിച്ചില്ലെന്ന് കപില്‍ദേവ്

സൗരവ് ഗാംഗുലി ഫൈനല്‍ മത്സരം കാണാന്‍ ഇന്നലെ അഹമ്മദാബാദില്‍ എത്തിയിരുന്നു

Update: 2023-11-20 06:16 GMT

ഇന്നലെ അഹമ്മദാബാദില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ തനിക്ക് ക്ഷണം ലഭിച്ചില്ലെന്നു കപില്‍ദേവ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും 1983-ല്‍ ആദ്യമായി ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോള്‍ ക്യാപ്റ്റനുമായിരുന്നു കപില്‍ദേവ്.

' ഞാനും 1983-ല്‍ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ടീമംഗങ്ങളും അഹമ്മദാബാദില്‍ ഫൈനല്‍ കാണാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ ഇന്നലെത്തെ ഫൈനല്‍ വലിയ പരിപാടിയായിരുന്നു. അതുമായി ബന്ധപ്പെട്ടവര്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന തിരക്കിലായിരുന്നതിനാല്‍ അവര്‍ ചിലപ്പോള്‍ ഞങ്ങളെ ക്ഷണിക്കാന്‍ മറന്നുപോയതായിരിക്കുമെന്ന് ' കപില്‍ദേവ് പറഞ്ഞു.

ദേശീയ മാധ്യമമായ എബിപി ന്യൂസിനോടാണു കപില്‍ ഇക്കാര്യം പറഞ്ഞത്.

അതേസമയം മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐയുടെ മുന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഫൈനല്‍ മത്സരം കാണാന്‍ ഇന്നലെ അഹമ്മദാബാദില്‍ എത്തിയിരുന്നു.

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ് തുടങ്ങിയവരും ഫൈനലിന് എത്തിയിരുന്നു.

Tags:    

Similar News