കല്യാൺ സിൽക്സിന്റെ ലാഭം 2023 ൽ 96 കോടിയായി ഇരട്ടിച്ചു

  • കമ്പനിക്കു 23 വസ്ത്ര ഷോറൂമുകളും അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകളും ഉണ്ട്
  • 2023 ലെ വരുമാനം 1000.9 കോടിയിൽ നിന്നും 1288.7 കോടിയായി.

Update: 2023-09-20 13:17 GMT

കൊച്ചി: തൃശ്ശൂര്‍ ആസ്ഥാനമായുള്ള പൊതുവെ കല്യാണ്‍ സില്‍ക്‌സ് എന്നറിയപ്പെടുന്ന കല്യാണ്‍ സില്‍ക്‌സ് തൃശ്ശൂര്‍ പ്രൈവറ്റ് ലിമിറ്റഡി (കെ എസ് ടി പി  എൽ ) ന്റെ 2022-23 വര്‍ഷത്തിലെ അറ്റാദായം ഇരട്ടിയായി. മുന്‍ വര്‍ഷം 48 കോടിയായിരുന്ന അറ്റാദായം 2022-23 വര്‍ഷത്തില്‍ 96.4 കോടി രൂപയായി ഉയര്‍ന്നു.

2023 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തിലും മികച്ച വളര്‍ച്ചയുണ്ടായി. പ്രവര്‍ത്തന വരുമാനം ഏകദേശം 29 ശതമാനം വര്‍ധിച്ച് 1000.9 കോടി രൂപയില്‍ നിന്നും 1288.7 കോടി രൂപയിലേക്ക് എത്തി.

മൊത്തം 23 ഷോറൂമുകളുള്ള കല്യാണ്‍ സില്‍ക്‌സിന് കേരളത്തിലുള്ളത് 19 ഷോറൂമുകളാണ്. അതുകൊണ്ടു തന്നെ വരുമാനത്തിന്റെ 90 ശതമാനവും കേരളത്തില്‍ നിന്നുമാണ്. വരുമാനത്തില്‍ ഏറിയ പങ്കും മധ്യ കേരളത്തില്‍ നിന്നുമാണ്. 2023 സാമ്പത്തിക വര്‍ഷത്തിലെ മധ്യ കേരളത്തില്‍ നിന്നുള്ള വരുമാനം ഏകദേശം 45 ശതമാനത്തോളം വരും.

വരുമാനത്തിലും ലാഭത്തിലും പുരോഗതിയുണ്ടായതോടെ കമ്പനിയുടെ പലിശ  കവറേജ് 4.6 മടങ്ങില്‍ നിന്നും 5.7 മടങ്ങായി മെച്ചപ്പെട്ടതായി റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ അഭിപ്രായപ്പെടുന്നു.

കമ്പനിയുടെ ഫണ്ട് അടിസ്ഥാനമാക്കിയുള്ള വായ്പകളും ടേം വായ്പകളും സംയോജിപ്പിക്കുമ്പോൾ 115 കോടി വരും.  ഏജൻസി ഇതിന്റെ റേറ്റിംഗ്  ഉയര്‍ത്തിയിട്ടുണ്ട്. 'ഈ വര്‍ഷവും മികച്ച പ്രവര്‍ത്തന മാര്‍ജിനൊപ്പം വരുമാനത്തില്‍ സ്ഥിരമായ വളര്‍ച്ചയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷോറൂമുകളുടെ വിപുലീകരണ പദ്ധതികള്‍ കണക്കിലെടുക്കുമ്പോള്‍ കല്യാണ്‍ സില്‍ക്‌സ് മധ്യകാലയളവില്‍ സ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും' ഏജന്‍സി പറയുന്നു.

2024 മുതല്‍ 2026 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിൽ  ഷോറൂമുകളുടെ എണ്ണം കൂട്ടാൻ കമ്പനിക്ക് ഏകദേശം 200 കോടി രൂപയുടെ മൂലധന ചെലവാണ് പ്രതീക്ഷിക്കുന്നത്. ഈ ഗണ്യമായ ചെല് ഉണ്ടായിട്ടും കമ്പനി ബാഹ്യകടത്തെ ആശ്രയിക്കുന്നത് കുറവാണെന്നാണ് വിലയിരുത്തുന്നത്.

വസ്ത്ര വിപണിയിലെ കടുത്ത മത്സരവും നിരവധി വലിയ രീതിയിലുള്ള സ്റ്റോറുകളും, വിപണിയില്‍ സ്ഥാനം നേടിയ ബ്രാന്‍ഡുകളുമൊക്കെയുള്ളപ്പോള്‍ ബ്രാന്‍ഡിനെ നിലനിര്‍ത്താന്‍ ഉയര്‍ന്ന മാര്‍ക്കറ്റിംഗ് ചെലവുകള്‍ തുടരേണ്ടി വരും. പൂതിയ ഷോറൂമുകളുടെ കൂട്ടിച്ചേര്‍ക്കലുകള്‍, കേരളത്തിലെ റീട്ടെയില്‍ വില്‍പ്പനയും തമിഴ്‌നാട്ടിലെയും കര്‍ണ്ണാടകയിലെയും ചില വിപണികളിലെ കല്യാണ്‍ സില്‍ക്ക്‌സിനുള്ള മികച്ച സ്ഥാനവും വരുമാനത്തെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്റ്റോര്‍ വിപുലീകരണം

മറ്റ് വിപണി പങ്കാളികളില്‍ നിന്നും വര്‍ധിച്ചു വരുന്ന മത്സരത്തിനിടയിലും ഇടക്കാലയളവില്‍ കേരള വിപണിയില്‍ സ്റ്റോര്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ കമ്പനിയുടെ പ്രവര്‍ത്തനത്തെ പിന്തുണയക്കാന്‍ സാധ്യതയുണ്ട്. കേരളത്തിലെ പ്രധാന വിപണികളിലെല്ലാം ഷോറൂമുകളുള്ള മുന്‍നിര വസ്ത്ര വ്യാപാരികളാണ് ടി എസ് പട്ടാഭിരാമന്‍ പ്രമോട്ട് ചെയ്യുന്ന കല്യാണ്‍ സില്‍ക്്‌സ്.

കേരള വിപണിയില്‍ 100 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കമ്പനി അതിന്റെ ബ്രാന്‍ഡ് സാന്നിധ്യം ശ്രദ്ധേയമായ രീതിയില്‍ സ്ഥാപിച്ചിട്ടുണ്ട്. നിലവില്‍ കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലായി 23 വസ്ത്ര ഷോറൂമുകളും അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നു.

Tags:    

Similar News