ജോസ് ആലുക്കാസിന് 2022 -23 ൽ കൂടുതൽ തിളക്കം, ലാഭം 20 % വർധിച്ചു 190 കോടി

Update: 2023-11-08 12:18 GMT

കൊച്ചി: തൃശ്ശൂര്‍ ആസ്ഥാനമായുള്ള ജോസ് ആലുക്കാസ് ഗ്രൂപ്പിന് 2022 -23 സാമ്പത്തിക വർഷത്തിൽ കൂടുതൽ തിളക്കം. ഗ്രൂപ്പിന്റെ  അറ്റാദായം (നികുതിയ്ക്ക് ശേഷമുള്ള ലാഭം) അവലോകന വർഷത്തിൽ  20 ശതമാനം വര്‍ധിച്ച് 190 കോടി രൂപയായി.

ഇതേ കാലയളവിലെ പ്രവര്‍ത്തന വരുമാനം 28 ശതമാനം വര്‍ധിച്ച് 8998 കോടി രൂപയായി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ (2023-24) ആദ്യ പകുതിയില്‍ പ്രവര്‍ത്തന വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 20 ശതമാനം അല്ലെങ്കില്‍ 5,400 കോടി രൂപയിലധികമായി ഉയര്‍ന്നു. സ്വര്‍ണ്ണ വിലയിലെ തുടര്‍ച്ചയായ വര്‍ധനയുടെയും വില്‍പ്പനയുടെ അളവിലുണ്ടായ വര്‍ധനയുടെയും അടിസ്ഥാനത്തിലാണിത് ഗ്രൂപ്പ് ഈ നേട്ടം കൊയ്തത് .

അതേസമയം, ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ ഭാഗമായ ആലുക്കാസ് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡി (എഇപിഎല്‍) ന്റെ 2023 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 15 ശതമാനം ഉയര്‍ന്ന് 91 കോടി രൂപയായി. ഇതേ കാലയളവില്‍, എഇപിഎല്ലിന്റെ പ്രവര്‍ത്തന വരുമാനം 2229 കോടി രൂപയില്‍ നിന്ന് 30 ശതമാനത്തിലധികം വളര്‍ച്ച നേടി 2905 കോടി രൂപയായി.

റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ എഇപിഎല്ലിന്റെ 935 കോടി രൂപയുടെ ബാങ്ക് വായ്പകള്‍ക്ക് എ റേറ്റിംഗ് നിലനിര്‍ത്തിയിട്ടുണ്ട്.

ബ്രാഞ്ച് വിപുലീകരണം

ദക്ഷിണേന്ത്യയില്‍ ജോസ് ആലുക്കാസ് ഗ്രൂപ്പിന് 47 ബ്രാഞ്ചുകളാണുള്ളത്. ഓരോ വര്‍ഷവും നാല് , അഞ്ച് പുതിയ ബ്രാഞ്ചുകള്‍ കൂടി ഇടക്കാലയളവില്‍ ഉള്‍പ്പെടുത്താനുള്ള ലക്ഷ്യത്തിലാണ് കമ്പനി. പ്രത്യേകിച്ച് ആന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കമ്പനി സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങുന്നത്. ദക്ഷിണേന്ത്യ മുഴുവന്‍ സാന്നിധ്യമുണ്ടെങ്കിലും കമ്പനിയുടെ വരുമാനത്തിന്റെ 50 ശതമാനത്തിലധികം ലഭിക്കുന്നതും തമിഴ്‌നാട്ടില്‍ നിന്നാണ്. സമീപ വര്‍ഷങ്ങളില്‍ ജ്വല്ലറി മേഖലയിലെ സുതാര്യതയും സ്റ്റാന്‍ഡേര്‍ഡൈസേഷനും മെച്ചപ്പെടുത്താന്‍ നിരവധി നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. ഇത് അസംഘടിത ജ്വല്ലറികളില്‍ നിന്നും സംഘടിത ജ്വല്ലറികളുടെ വിപണി പങ്കാളിത്തം ഉയരാന്‍ കാരണമായി. ആരോഗ്യകരമായ ബ്രാന്‍ഡ് ഇക്വിറ്റിയുടെയും വര്‍ധിച്ചുവരുന്ന റീട്ടെയില്‍ സാന്നിധ്യത്തിന്റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ജോസ് ആലുക്കാസ് പോലുള്ള സംഘടിത റീട്ടെയില്‍ ജ്വല്ലറിക്കാര്‍ക്ക് ഈ വ്യാവസായിക മാറ്റം ഇടക്കാലയളവില്‍ ഗുണം ചെയ്യുമെന്ന് ഐസിആര്‍എ അഭിപ്രായപ്പെടുന്നു.

ബുള്ളിയന്‍ ഇറക്കുമതി, മെറ്റല്‍ ലോണ്‍ ഫണ്ടിംഗ് എന്നിവയ്ക്കുള്ള നിയന്ത്രണങ്ങള്‍, ഒരു പരിധിക്ക് മുകളിലുള്ള ഇടപാടുകളില്‍ നിര്‍ബന്ധിത പാന്‍, എക്‌സൈസ് തീരുവ ഏര്‍പ്പെടുത്തല്‍ എന്നിവ മുന്‍കാലങ്ങളില്‍ റീട്ടെയില്‍ ജ്വല്ലറി ബിസിനസിനെ ബാധിച്ച ചില നിയന്ത്രണങ്ങളാണ്.

Tags:    

Similar News