കാനഡയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാടുകടത്തല്‍ ഭീഷണിയില്‍

  • കനേഡിയന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സിയാണ് ഈ മാസം 13ന് വിദ്യാര്‍ഥികളോട് നാട് വിടാന്‍ ഉത്തരവിട്ടിരിക്കുന്നത്
  • കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലുണ്ടാകണമെന്ന് ആവശ്യം
  • വിദ്യാര്‍ഥികളുടെ പ്രവേശന ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തി
;

Update: 2023-06-09 11:25 GMT
indian students in canada under threat deportation
  • whatsapp icon

കാനഡയിലെത്തിയ 700-ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാടുകടത്തല്‍ ഭീഷണിയില്‍. ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്.

കനേഡിയന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി (സിബിഎസ്എ) യാണ് ഈ മാസം 13ന് വിദ്യാര്‍ഥികളോട് നാട് വിടാന്‍ ഉത്തരവിട്ടിരിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശന ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കനേഡിയന്‍ അധികൃതര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു സാഹചര്യം ഉടലെടുത്തത്.

പഞ്ചാബിലെ ജലന്ധറില്‍ സ്ഥിതിചെയ്യുന്നു എജ്യുക്കേഷന്‍ മൈഗ്രേഷന്‍ സര്‍വീസസ് വഴി 700 വിദ്യാര്‍ഥികള്‍ സ്റ്റഡി വിസയ്ക്ക് അപേക്ഷിച്ചു.

പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹംബര്‍ കോളേജിലേക്കായിരുന്നു വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം വാഗ്ദാനം ചെയ്തത്. ഫീസ് ഉള്‍പ്പെടെ എല്ലാ ചെലവുകള്‍ക്കുമായി ഒരു വിദ്യാര്‍ഥിയില്‍നിന്ന് 16 ലക്ഷം രൂപയിലധികമാണ് ഈടാക്കിയത്.

കോളേജ് ഓഫ് ഇമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കണ്‍സള്‍റ്റന്റില്‍ (CICC) രജിസ്റ്റര്‍ ചെയ്ത ലൈസന്‍സുള്ള അഭിഭാഷകര്‍ക്കും കണ്‍സള്‍റ്റന്റുമാര്‍ക്കും മാത്രമാണു നിയമപരമായി ഇമിഗ്രേഷന്‍ ഉപദേശങ്ങളും സേവനങ്ങളും നല്‍കാനാവൂ. ഇവര്‍ക്കു മാത്രമാണു ഫീസ് ഈടാക്കാനും സാധിക്കുന്നത്. വിദ്യാഭ്യാസ ഏജന്റുമാരും സിഐസിസിയില്‍ നിന്ന് ലൈസന്‍സ് നേടിയിരിക്കണമെന്നുണ്ട്.

എന്നാല്‍ കാനഡയില്‍ പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്ന അതുമല്ലെങ്കില്‍ കബളിപ്പിക്കുന്ന വിദ്യാഭ്യാസ ഏജന്റുമാരുണ്ട്. ഈ ഏജന്റുമാര്‍ക്ക് ലൈസന്‍സ് ഉണ്ടാകാറില്ല. അവര്‍ ഒരു കരാറില്‍ ഒപ്പിടാറുമില്ല. അവര്‍ ഉയര്‍ന്ന തുക ഫീസ് ഈടാക്കുകയും ചെയ്യുന്നു.

2018-19 വര്‍ഷത്തില്‍ പഠിക്കാനായി കാനഡയിലേക്ക് വിദ്യാര്‍ഥികള്‍ പോയി. ഈ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ സ്ഥിരതാമസത്തിന് (പിആര്‍) ഈ വര്‍ഷം മാര്‍ച്ചില്‍ അപേക്ഷിച്ചപ്പോള്‍ ജലന്ധറിലെ എജ്യുക്കേഷന്‍ മൈഗ്രേഷന്‍ സര്‍വീസസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ 'അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍' സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി. വിദ്യാര്‍ഥികള്‍ക്ക് വിസ നല്‍കിയതിന്റെ രേഖകളും സിബിഎസ്എ പരിശോധിച്ചു. അങ്ങനെയാണ് 'അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍' വ്യാജമാണെന്നു കണ്ടെത്തിയത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് നാടുകടത്തല്‍ നോട്ടീസും നല്‍കി.

എന്നാല്‍ മെയ് മാസം 29 മുതല്‍ സിബിഎസ്എയുടെ ഹെഡ് ഓഫീസിനു മുന്‍പില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചു.

ഈ 700 വിദ്യാര്‍ത്ഥികള്‍ നിരപരാധികളും തട്ടിപ്പുകാരുടെ സംഘത്താല്‍ വഞ്ചിക്കപ്പെട്ടവരുമാണ്. ഈ വിദ്യാര്‍ഥികളെ നാടുകടത്തുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് കാനഡയിലെ ഹൈക്കമ്മീഷന്‍, കാനഡ ഗവണ്‍മെന്റ് തുടങ്ങിയവര്‍ക്ക് പഞ്ചാബ് സംസ്ഥാനത്തെ എന്‍ആര്‍ഐ വകുപ്പ് മന്ത്രി കുല്‍ദീപ് ധാലിവല്‍ കത്തെഴുതി. വിഷയത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ ഇടപെടലും കുല്‍ദീപ് ധാലിവല്‍ തേടിയിട്ടുണ്ട്.

വിദ്യാര്‍ഥികളുടെ കരിയര്‍ മാത്രമല്ല, ജീവിതത്തെയും ബാധിക്കുമെന്നതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലുണ്ടാകണമെന്നാണ് ധാലിവല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇപ്പോള്‍ കാനഡയില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്ന വിദ്യാര്‍ഥികളില്‍ ചിലര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചവരുമുണ്ട്. ഇവര്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചവരും കാനഡയില്‍ വര്‍ക്ക് എക്‌സ്പീരിയന്‍സ് നേടിയവരുമാണ്.

Tags:    

Similar News