യുഎസ് ഉല്‍പ്പന്നങ്ങളുടെ അധിക തീരുവ ഒഴിവാക്കി
- അരഡസന്‍ ഉല്‍പ്പന്നങ്ങളുടെ അധിക തീരുവയാണ് എടുത്തുകളഞ്ഞത്
- യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് നീക്കം
ചെറുപയര്‍, പയര്‍, ആപ്പിള്‍ എന്നിവയുള്‍പ്പെടെ അര ഡസനോളം യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന അധിക നികുതി ഇന്ത്യ എടുത്തുകളഞ്ഞു. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഈ നീക്കം. ഉച്ചകോടിക്കുമുമ്പായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും.
2019ല്‍ ഇന്ത്യയില്‍ നിന്നുള്ള ചില സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങളുടെ താരിഫ് വര്‍ധിപ്പിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിന് മറുപടിയായാണ് ഇന്ത്യ 28 ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തിയിരുന്നത്.
ചെറുപയര്‍, പയര്‍ (മസൂര്‍), ആപ്പിള്‍, വാല്‍നട്ട്, ഷെല്ലിലെ വാല്‍നട്ട്, ബദാം പുതിയതോ ഉണക്കിയതോ, ബദാം തോട് എന്നിവയുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ തീരുവ എടുത്തുകളയുന്നതായി സെപ്റ്റംബര്‍ അഞ്ചിലെ വിജ്ഞാപനത്തിലൂടെ ധനമന്ത്രാലയം അറിയിച്ചു.
ആറ് ഡബ്ല്യുടിഒ (ലോകവ്യാപാര സംഘടന) തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനും ചില യുഎസ് ഉല്‍പ്പന്നങ്ങളുടെ പ്രതികാര താരിഫ് നീക്കം ചെയ്യാനും ജൂണില്‍ പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു. ചില യുഎസ് ഉത്പന്നങ്ങളുടെ മേല്‍ ഏർപ്പെടുത്തിയിട്ടുള്ള അധിക കസ്റ്റംസ് തീരുവ എടുത്തു കളയുമെന്ന് ജൂലൈയില്‍ വാണിജ്യ-വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേല്‍ രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞിരുന്നു.
ബദാം, വാല്‍നട്ട്, ചെറുപയര്‍, പയര്‍,ആപ്പിള്‍, മെഡിക്കല്‍ ഡയഗ്‌നോസ്റ്റിക് റിയാഗന്റുകള്‍, ബോറിക് ആസിഡ് എന്നിവയുടെ അധിക കസ്റ്റംസ് തീരുവ എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പറഞ്ഞിരുന്നു.